കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് നാഥനില്ലാതെ രണ്ടരമാസം
text_fieldsപയ്യന്നൂർ: അത്യുത്തര കേരളത്തിലെ പ്രധാന മെഡിക്കൽ വിദ്യാഭ്യാസ കേന്ദ്രമായ കണ്ണൂർ ഗവ.മെഡിക്കൽ കോളജിന് നാഥനില്ലാതെ രണ്ടര മാസം. കോളജിൽ സ്ഥിരമായി വേണ്ട പ്രിൻസിപ്പൽ കസേര ഒഴിഞ്ഞു കിടക്കുന്നത് അക്കാദമിക പ്രതിസന്ധിക്കും ഭരണപരമായ പ്രതിസന്ധിക്കും കാരണമാവുന്നു.
പലപ്പോഴും പ്രിൻസിപ്പൽ ഇൻ ചാർജാണ് സ്ഥാപനത്തിൽ. മുഴുസമയ പ്രിൻസിപ്പലിനെ നിയമിക്കാതെ ഇൻചാർജ് ഭരണത്തിൽ താളം തെറ്റുകയാണ് കോളജ്. ദൈനം ദിനകാര്യങ്ങൾ കുഴഞ്ഞു മറിയുന്നതായി പരാതി ഉയരുന്നു. രണ്ടര മാസം മുമ്പ് സ്ഥലം മാറിപ്പോയ പ്രിൻസിപ്പൽ ഡോ.ടി.കെ. പ്രേമലതക്ക് പകരം നിയമിച്ച കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലെ മനോരോഗ വിഭാഗം തലവനായ ഡോക്ടർ ഹൈകോടതിയെ സമീപിച്ചതോടെ സ്ഥലം മാറ്റം റദ്ദാക്കുകയായിരുന്നു.
സീനിയോറിറ്റി ലിസ്റ്റിലെ തൊട്ടടുത്തയാളെ കണ്ണൂരിലേക്ക് നിയമിക്കുന്നതിൽ ആരോഗ്യവകുപ്പ് അലംഭാവം കാണിക്കുന്നതായാണ് പരാതി. നിലവിൽ വൈസ് പ്രിൻസിപ്പലായ ഡോ. ഷീബ ദാമോദറിനാണ് പ്രിൻസിപ്പലിന്റെ ചുമതല. മുഴു സമയ പ്രിൻസിപ്പൽ ഇല്ലാത്തത് മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി പരാതിയുണ്ട്. കോളജിന്റെ മെഡിക്കൽ കൗൺസിൽ അംഗീകാരത്തെ ഉൾപ്പെടെ ഇത് ബാധിക്കും. മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വരുമ്പോൾ മറുപടി നൽകേണ്ട ബാധ്യത സ്ഥാപനത്തിന്റെ മേധാവിക്കാണ്. ഈ കസേരയാണ് ഒഴിഞ്ഞുകിടക്കുന്നത്.
അടുത്ത കാലത്ത് സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനം പഴയ കെട്ടിടം പുതുക്കിപ്പണിയുന്നതിനെതിരെ യു.ഡി.എഫ് പരാതിയുമായി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷം സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൊന്നും നിലപാടറിയിക്കാൻ പ്രിൻസിപ്പൽ ഇല്ലാത്ത സ്ഥിതിയാണുള്ളത്. പ്രിൻസിപ്പൽ ഇല്ലാത്ത വിഷയം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ ഉൾപ്പെടെ അറിയിച്ചിട്ടും നിയമനം നടത്താത്തതിന് പിറകിൽ ദുരൂഹതകളുണ്ടെന്ന് ജീവനക്കാരുടെ സംഘടനകൾതന്നെ പറയുന്നു. സഹകരണ മേഖലയിലായപ്പോൾ ഏറെ പ്രശസ്തരായ പ്രിൻസിപ്പൽമാർ ഇവിടെയുണ്ടായിരുന്നു. സർക്കാർ ഏറ്റെടുത്തതോടെയാണ് പ്രിൻസിപ്പൽ കസേര ഒഴിഞ്ഞുകിടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.