കണ്ണൂര്‍ ഗവ. മെഡിക്കൽ കോളജ് മോര്‍ച്ചറി ഫ്രീസറുകളെത്തി; ജൂണിൽ പ്രവര്‍ത്തനസജ്ജമാവും
text_fieldsപയ്യന്നൂർ: ഏറെക്കാലത്തെ മുറവിളിക്ക് ശേഷം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മോര്‍ച്ചറി ഫ്രീസറുകളെത്തി. കഴിഞ്ഞ ദിവസമാണ് നാലു ഫ്രീസറുകള്‍ എത്തിച്ചത്. ഒന്നര വര്‍ഷംമുമ്പ് മെഡിക്കല്‍ കോളജ് അധികൃതര്‍ ഈ ആവശ്യത്തിനായി മെഡിക്കല്‍ സര്‍വിസസ് കോര്പറേഷന് 7.25 ലക്ഷം രൂപ അടച്ചിരുന്നു. എന്നാല്‍, വിതരണ കമ്പനി വൈകിക്കുകയായിരുന്നു. ഒടുവിൽ സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് മുന്നറിയിപ്പ് നല്കിയ ശേഷമാണ് നാല് യൂനിറ്റ് എത്തിച്ചത്. ജൂണ്‍ മധ്യത്തോടെ ഇവ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ആറുമാസത്തിലേറെയായി 12 ഫ്രീസറുകളില്‍ എട്ടണ്ണം കേടായതിനാല്‍ മൃതദേഹങ്ങളുമായി പൊലീസും മരിച്ചവരുടെ ബന്ധുക്കളും നെട്ടോട്ടത്തിലായിരുന്നു. കേടായി കിടക്കുന്ന ഫ്രീസറുകളും ഇതോടൊപ്പം അറ്റകുറ്റപ്പണി നടത്തി പ്രവർത്തിപ്പിക്കും. ഇതോടെ 16 ഫ്രീസറുകളായിരിക്കും മോര്‍ച്ചറിയില്‍ ഉണ്ടാവുക.
എന്നാല്‍, 45 മുതല്‍ 50 കിലോഗ്രാം വരുന്ന മൃതദേഹങ്ങള്‍ മാത്രം വെക്കാന്‍ ശേഷിയുള്ളവയാണ് ഈ ഫ്രീസറുകളെന്നും അതിനാലാണ് റെയിലുകള്‍ പൊട്ടി ഇവ കേടാവുന്നതെന്നും പരാതിയുണ്ട്. 80 കിലോഗ്രാം മുതല്‍ 110 കിലോഗ്രാം വരെ തൂക്കമുള്ള മൃതദേഹങ്ങള്‍ വെക്കാന്‍ തക്ക ശേഷിയുള്ള ഫ്രീസറുകളായിരിക്കണം പുതുതായി സ്ഥാപിക്കേണ്ടെതന്നാണ് ഫോറന്‍സിക് വിഭാഗം ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.