കണ്ണൂർ ഐ.ടി പാർക്ക് വ്യവസായ പാർക്കാവും; ഭൂമി വ്യവസായ വകുപ്പിന് കൈമാറും
text_fieldsപയ്യന്നൂർ: പാതിവഴിയിൽ ഉപേക്ഷിച്ച എരമം പുല്ലുപാറയിലെ ഐ.ടി പാർക്ക് മിനി വ്യവസായ പാർക്കിന് വഴിമാറുന്നു. ഭൂമി കൈമാറ്റം സംബന്ധിച്ച നടപടികൾ പുരോഗമിക്കുന്നതായി ടി.ഐ. മധുസൂദനൻ എം.എൽ.എയുടെ നിയമസഭ സബ്മിഷനുള്ള മറുപടിയിൽ വ്യവസായ വകുപ്പു മന്ത്രി അറിയിച്ചു. വ്യസായ പാർക്ക് നിർമിക്കുന്നത് സംബന്ധിച്ച് കിന്‍ഫ്ര സമര്‍പ്പിച്ച സാധ്യത പഠന റിപ്പോര്‍ട്ടില്‍ സെസ് പദവിയില്‍ തുടരുന്ന സ്ഥലം നോൺ സെസ് വിഭാഗത്തിലേക്ക് മാറ്റി പൊതുവിഭാഗത്തിലുള്ള ചെറിയ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുയോജ്യമാണെന്ന് ശിപാര്‍ശ ചെയ്തതായി മന്ത്രി പറഞ്ഞു. ഭൂമി പ്രത്യേക സാമ്പത്തിക മേഖലക്കായി പ്രഖ്യാപിച്ച ഭൂമിയായതിനാല്‍ വ്യവസായ വകുപ്പിന് കൈമാറുന്നതിന് പ്രത്യേക സാമ്പത്തിക മേഖലയില്‍ നിന്ന് മാറ്റിയെടുക്കേണ്ടതുണ്ട്. ഇതാണ് പുരോഗമിക്കുന്നത്. ഭൂമി നിലവിൽ വിവര സാങ്കേതിക വിദ്യ വകുപ്പിന്റെ ഭരണ നിയന്ത്രണത്തിലാണ്.
കെ.എസ്.ഐ.ടി.ഐ.എൽ ഏറ്റെടുത്ത ഭൂമി വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിനായി കിന്‍ഫ്ര ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുന്നതിനായി 2021ൽ വ്യവസായ വകുപ്പു മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുകയും ഭൂമിയുടെ അനുയോജ്യത, സംരംഭകരുടെ ലഭ്യത, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് പഠനം നടത്തി സമര്‍പ്പിക്കുന്നതിനും ഭൂമി സംബന്ധമായ പ്രായോഗിക തടസ്സങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കിൻഫ്ര എം.ഡിയെ ചുമതലപ്പെടുത്തുകയായിരുന്നു. പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാൻ വ്യവസായ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ വ്യവസായ വകുപ്പിലേയും ഐ.ടി വകുപ്പിലേയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ യോഗം വിളിച്ചു ചേർത്തിരുന്നു. ഭൂമി പ്രത്യേക സാമ്പത്തിക മേഖലയില്‍നിന്ന് ഒഴിവാക്കിയെടുക്കാൻ ആവശ്യമായ നികുതി കിന്‍ഫ്ര കെ.എസ്.ഐ.ടി.ഐ.എല്ലിന് കൈമാറിയതായും മന്ത്രി വ്യക്തമാക്കി. ഡിനോട്ടിഫിക്കേഷന്‍ വിവര സാങ്കേതികവിദ്യ വകുപ്പ് പരിഗണിക്കുകയും നടപടി അന്തിമ ഘട്ടത്തിലുമാണ്. നടപടി പൂര്‍ത്തിയാക്കി വ്യവസായ വകുപ്പിന് ഭൂമി കൈമാറ്റം ചെയ്യുന്നതോടെ വ്യവസായ പാര്‍ക്ക് ആരംഭിക്കാന്‍ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.