പ്രിയതമന്റെ 'പാദം' തൊട്ട് വിനോദിനി
text_fieldsപയ്യന്നൂർ: പ്രിയ സഖാവിന്റെ ജീവൻ തുടിക്കുന്ന കൈകകാലുകൾ തൊട്ട് കണ്ണീർ തൂകി വിനോദിനി ബാലകൃഷ്ണൻ. ഒപ്പം മകൻ ബിനീഷ് കോടിയേരിയും. ശിൽപി ഉണ്ണി കാനായിയുടെ വീടാണ് വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായത്.
ഉണ്ണി കാനായി നിർമിച്ച കോടിയേരിയുടെ കൈകാലുകൾ ഉൾപ്പെടുന്ന ശിൽപം ഏറ്റുവാങ്ങാനാണ് വിനോദിനിയും ബിനീഷും കാനായിയിലെത്തിയത്. സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും ജനപ്രിയ നേതാവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം ചിതയിൽ എരിഞ്ഞടങ്ങുന്നതിന് ഏതാനും മണിക്കൂർ മുമ്പ് കൈയുടെയും കാലിന്റെയും മോൾഡ് എടുത്ത് സൂക്ഷിച്ച് ഒരു ശതമാനം പോലും മാറ്റമില്ലാതെയാണ് ശിൽപം പൂർത്തിയാക്കിയത്.
രണ്ടാം ചരമ വാർഷിക ദിനമായ തിങ്കളാഴ്ചയാണ് വെങ്കലത്തിൽ നിർമിച്ച ശിൽപം കുടുംബത്തിന് കൈമാറിയത്. മരിച്ച ദിവസം കോടിയേരിയുടെ സന്തത സഹചാരി റിജുവാണ് ഫോണിലൂടെ കുടുംബത്തിന്റെ ആഗ്രഹമറിയിച്ചത്. സഖാവിന്റെ കൈയും കാലും എന്നും കാണാനും തൊടാനും അതുപോലെ നിർമിച്ചു നൽകണമെന്നായിരുന്നു ആഗ്രഹം. ഈ ആഗ്രഹമാണ് രണ്ടാം ചരമവാർഷിക ദിനത്തിൽ സഫലമായത്.
ആഗ്രഹമറിയിച്ച ഉടൻ ഉണ്ണി കൈയും കാൽപാദവും മോൾഡ് എടുക്കാൻ തീരുമാനിക്കുകയായിരുന്നു. മൃതദേഹം വീട്ടിലെത്തിയ ദിവസം പുലർച്ച മൂന്നിന് പ്ലാസ്റ്റർ ഓഫ് പാരീസിൽ പി. വിനോദിന്റയും കെ.വി. രാജേഷിന്റയും കെ. വിനേഷിന്റെയും സഹായത്തോടെ മോൾഡ് എടുത്തു. ഇത് മെഴുകിൽ രൂപപ്പെടുത്തി മാറ്റം വരാതെ വെങ്കലത്തിൽ തീർത്തപ്പോൾ ശിൽപ നിർമാണ മേഖലയിൽ പുതുചരിതം എഴുതിച്ചേർക്കുകയായിരുന്നു ഉണ്ണി. ശിൽപകല ജീവിതത്തിലെ ആദ്യത്തെ അനുഭവമാണിതെന്ന് ഉണ്ണി കാനായി പറഞ്ഞു.
ആദ്യ ചരമവാർഷികദിനത്തിൽ പയ്യാമ്പലത്ത് കോടിയേരി സ്മാരകം രൂപകൽപന ചെയ്യുന്ന തിരക്കായതിനാൽ കോടിയേരിയുടെ കൈയും കാലും മെറ്റൽ കാസ്റ്റ് ചെയ്തു കൊടുക്കാൻ കഴിഞ്ഞില്ല. രണ്ടാം ചരമ വാർഷിക ദിനത്തിലാണ് അതു സാധിച്ചതെന്നും ഉണ്ണി പറഞ്ഞു.
വിനോദിനി ബാലകൃഷ്ണനും ബിനീഷ് കോടിയേരിയും മെറ്റൽ കാസ്റ്റിങ് ശിൽപം ഏറ്റുവാങ്ങാൻ കാനായിയിൽ എത്തുകയായിരുന്നു. വികാര ഭരിതമായയ ചടങ്ങിൽ സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി അഡ്വ. സന്തോഷിൽനിന്ന് മെറ്റൽ കാസ്റ്റിങ് ശിൽപം വിനോദിനി ബാലകൃഷ്ണൻ ഏറ്റുവാങ്ങി.
കൂടെ ബിനീഷ് കോടിയേരി, സി.പി.എം കോറോം ഈസ്റ്റ് ലോക്കൽ സെകട്ടറി വി.വി. ഗിരീഷ്, രഞ്ജിത്ത് മാണിയിൽ, കെ.വി. രാജേഷ് എന്നിവരും ഉണ്ടായിരുന്നു. കോടിയേരിയുടെ വീട്ടിലെ മ്യൂസിയത്തിലായിരിക്കും ഇത് സ്ഥാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.