കരിവെള്ളൂരിെൻറ കുരുതിപ്പാടത്ത് പോരാട്ട സ്മൃതിയുടെ കണ്ണീർ തൂകി ജാനകിയമ്മ
text_fieldsപയ്യന്നൂർ: ''1946 ഡിസംബർ 20ന് രാവിലെ പോത്തുകളുമായി പോവുമ്പം അച്ഛൻ പറഞ്ഞു, ആയിരക്കണക്കിന് എം.എസ്.പിക്കാർ തമ്പടിച്ചിട്ടുണ്ട്. നീ തെക്കുഭാഗത്തേക്കു പോകരുത്. ഇല്ല കിഴക്കുഭാഗത്തേക്കാണ് പോകുന്നതെന്ന് ഏട്ടൻ പറഞ്ഞു. വൈകീട്ട് നാലരയോടെ പോത്തുകൾ മാത്രം മടങ്ങി വന്നു. ഏട്ടൻ വന്നില്ല. പരതി ഇറങ്ങിയ എന്നെയും അച്ഛനെയും അമ്മാവൻ തടഞ്ഞ് മടക്കിയയച്ചു''-കരിവെള്ളൂരിൻെറ കുരുതിപ്പാടത്ത് മരിച്ചുവീണ കീനേരി കുഞ്ഞമ്പുവിൻെറ സഹോദരി ജാനകിയമ്മ ഇതുപറയുമ്പോൾ കണ്ഠമിടറുന്നുണ്ടായിരുന്നു. അധിനിവേശത്തിനും മണ്ണിൻെറ മക്കളുടെ ജീവിക്കാനുള്ള അവകാശത്തിനുംവേണ്ടി പോരാടി മരിച്ച രക്തസാക്ഷിയുടെ സഹോദരി വർത്തമാനകാല കർഷകരുടെ അവകാശസമരത്തിന് ഐക്യദാർഢ്യമർപ്പിക്കാനെത്തിയപ്പോഴാണ് മറ്റൊരു പോരാട്ട സ്മൃതിയുടെ കണ്ണീർ പൊഴിച്ചത് എന്നതും ശ്രദ്ധേയം.
അനീതിക്കെതിരായ പോരാട്ടം സിരകളിൽ പടർന്ന യുവത്വത്തിന് അച്ഛെൻറ വാക്കുകളെക്കാൾ വലുത് നാടിൻെറ സ്വത്വബോധവും സഹജീവി സ്നേഹവുമാണെന്ന തിരിച്ചറിവാണ് കീനേരി ഉൾപ്പെടെ സഖാക്കളെ വെടിയുണ്ട തീതുപ്പിയ തെക്കുഭാഗത്തേക്ക് നയിച്ചത് എന്നതും ചരിത്രം.കർഷക മഹാപ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി നടക്കുന്ന ഭാരതബന്ദിൻെറ പ്രചരണാർഥമുള്ള ജാഥക്ക് കരിവെള്ളൂരിൻെറ കുരുതിപ്പാടത്ത് തുടക്കം കുറിച്ചുകൊണ്ടാണ് വിപ്ലവകാരിയുടെ സഹോദരി വികാരാധീനയായത്.
പട്ടിണിക്കാരായ മനുഷ്യർക്കുള്ള ഭക്ഷണത്തിനും കിടന്നുറങ്ങാനുള്ള മണ്ണിനുംവേണ്ടി നടന്ന മഹത്തായ കരിവെള്ളൂർ സമരത്തിൽ രക്തസാക്ഷിയായ സഹോദരൻ കീനേരി കുഞ്ഞമ്പുവിൻെറ ഓർമ മുക്കാൽ നൂറ്റാണ്ടാകുമ്പോഴും മനസ്സിൽ മായാതെ സൂക്ഷിച്ചിട്ടുണ്ട്. മൃതദേഹം പോലും കാണിക്കാതെ മൂരിക്കൊവ്വലിൽ മറവുചെയ്യുകയായിരുന്നു. ഇന്ത്യയുടെ പുതിയകാലത്തെ ഭക്ഷ്യ സുരക്ഷക്കുവേണ്ടിയുള്ള കർഷകരുടെ മഹാപ്രക്ഷോഭം വിജയിക്കുമെന്നും അവർ പറഞ്ഞു. കർഷക പ്രക്ഷോഭ ഐക്യദാർഢ്യ സമിതി പയ്യന്നൂരിൻെറ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ജില്ല ചെയർമാൻ എൻ. സുബ്രഹ്മണ്യൻ അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.