101ലും കോവിഡിനെ തോൽപിച്ച് കരുണാകരൻ
text_fieldsപയ്യന്നൂര്‍: 101ാം വയസ്സില്‍ പിടികൂടിയ കോവിഡിനെ ചെറുത്തുതോല്പിച്ച് വീട്ടിലേക്ക് മടങ്ങിയപ്പോൾ പയ്യന്നൂര്‍ കൊറ്റി കീര്‍ത്തിയിലെ കെ.ടി. കരുണാകരന് എഴുതിയത് മഹാമാരിക്കാലത്ത് മറ്റൊരു ചരിത്രം. രണ്ടാം സീസണിൽ പിടികൂടിയ കോവിഡിനെ കടക്കൂ പുറത്തെന്നുപറഞ്ഞ് പൂർണ ആരോഗ്യവാനായാണ് ഈ 101കാരൻ ആശുപതി വിട്ടത്.
മുമ്പ് ഹൃദ്രോഗ ശസ്ത്രക്രിയക്ക് വിധേയനായതിനാൽ തെല്ലൊരു ആശങ്കയുണ്ടായിരുന്നു. എന്നാൽ, ഒന്നിനെയും കൂസാതെയുള്ള പ്രകൃതക്കാരനായ കരുണാകരനുമുന്നിൽ കോവിഡ് നിഷ്പ്രഭമാവുകയായിരുന്നു.ശ്വാസതടസ്സത്തെ തുടർന്ന് കഴിഞ്ഞ അഞ്ചിനാണ് ഇദ്ദേഹത്തെ പയ്യന്നൂരിലെ പ്രിയദർശിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടില്‍ വിശ്രമജീവിതം നയിച്ചിരുന്ന ഇദ്ദേഹത്തെ എങ്ങനെയാണ് കോവിഡ് പിടികൂടിയതെന്നതും അജ്ഞാതം. വീട്ടിലെ മറ്റംഗങ്ങള്‍ക്ക് കോവിഡ് ലക്ഷണമുണ്ടായിരുന്നില്ല. ഹൃദയ ശസ്ത്രക്രിയ നടത്തിയതിനാല്‍ കോവിഡ് പിടിപെട്ടത് ബന്ധുക്കളെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍, ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നല്കിയ ആത്മവിശ്വാസത്തിലാണ് ചികിത്സ തുടര്‍ന്നതെന്ന് മകളുടെ ഭർത്താവ് കെ.ടി. പ്രഭാകരന് പറഞ്ഞു.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റിവായതോടെയാണ് ആശ്വാസമായത്. ഡോ. പ്രസിന് പ്രദീപ്, ഡോ. ജാനി ബാഷ, ഡോ. എല്സിന് എന്നിവരാണ് കോവിഡിെൻറ പിടിയില്‍നിന്നും ഇദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചുനടത്തിയത്. മരുന്നിനൊപ്പം രോഗിയുടെ ആത്മവിശ്വാസവും തുണയായെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
നൂറ്റിയൊന്നാം വയസ്സില്‍ പിടികൂടിയ കോവിഡില്‍നിന്നും രക്ഷപ്പെടുത്തിയ ഡോക്ടര്‍മാരോടും മറ്റ് ആശുപത്രി ജീവനക്കാരോടും കൈകൂപ്പി നന്ദിപറഞ്ഞാണ് കരുണാകരനും കൂടെയുണ്ടായിരുന്ന മകൾ ഭാനുമതിയും വീട്ടിലേക്ക് തിരിച്ചത്. ആശുപത്രി ജീവനക്കാര്‍ സ്നേഹോപഹാരം നല്‍കിയാണ് ഇദ്ദേഹത്തെ യാത്രയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.