സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കേരള മാതൃക സ്വിസ് ഡോക്യുമെന്ററിയിൽ
text_fieldsപയ്യന്നൂർ: സ്ത്രീകളുടെ അവയവത്തിന് കരം പിരിച്ച ഭരണാധികാരിക്കെതിരെ മുലയറുത്ത് പ്രതിഷേധിച്ചതിലൂടെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കേരള മാതൃകയായ നങ്ങേലിയുടെ ശിൽപം സ്വിറ്റ്സർലൻഡ് ഡോക്യുമെന്ററിയിൽ. സ്പിരിറ്റഡ് ഹീറോയിൻസ് എന്ന ഇൻഡോ-സ്വിസ് ഡോക്യുമെന്ററിയിലാണ് കേരളത്തിന്റെ സ്ത്രീ പോരാട്ടത്തിന്റെ ആദ്യ അടയാളമായ നങ്ങേലി ഇടം പിടിക്കുന്നത്. പൂർത്തിയായ ശിൽപ ചിത്രീകരണത്തിന് ഡോക്യുമെന്ററി നിർമാണ കമ്പനിയിലെ മരിയയും സതീന്ദർ ബേദിയും പയ്യന്നൂരിൽ എത്തി. നങ്ങേലിയുടെ സ്തന നികുതിക്കെതിരായ പ്രതിഷേധത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഇത്തരമൊരു ശിൽപ നിർമാണത്തിന് കമ്പനി ഉണ്ണിയെ ചുമതലപ്പെടുത്തിയത്.
ഡോക്യമെന്ററിക്കു വേണ്ടി നങ്ങേലിയുടെ ശിൽപം നിർമിക്കാൻ ആവശ്യപ്പെടുന്നതിന് മാസങ്ങൾക്ക് മുമ്പ് മരിയയും ബേദിയും കാനായിയിൽ എത്തിയിരുന്നു. ദിവസങ്ങളോളം കാനായിയിലെ ഉണ്ണി കാനായിയുടെ പണിപ്പുരയിൽ സമയം ചെലവഴിച്ച് നിർമാണ രീതിയുടെ വീഡിയോ ചിത്രീകരിച്ചിരുന്നു. മൂന്നു മാസം കൊണ്ടാണ് നങ്ങേലിശിൽപം തീർത്തത്. ഫൈബർ ഗ്ലാസിൽ അഞ്ചര അടി ഉയരത്തിൽ കൈയിൽ അരിവാൾ ഉയർത്തിപ്പിടിച്ച് വാഴയിലയിൽ മുറിച്ച സ്തനം നീട്ടിപിടിച്ച് തീഷ്ണമായ കണ്ണുമായി രൗദ്രഭാവത്തിൽ ദേഹമാസകലം ചോര വാർന്ന് നിൽക്കുന്ന രീതിയിലാണ് ഉണ്ണി കാനായി ശിൽപം ഒരുക്കിയത്. സഹായികകളായി കെ. വിനേഷ്, സി. സുരേഷ്, ഇ. ഷൈൻജിത്ത് എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.