എട്ടിക്കുളത്തെ തങ്ങൾ ഹൗസിൽ ഇനി ആ വെളിച്ചവുമില്ല
text_fieldsപയ്യന്നൂർ: കാതോർത്താൽ കടലിരമ്പം കേൾക്കുന്ന എട്ടിക്കുളത്തെ തങ്ങൾ ഹൗസിൽ ഇനി ആ വെളിച്ചവുമില്ല. 10 വർഷം മുമ്പ് ഉള്ളാൾ തങ്ങൾ വിടവാങ്ങിയപ്പോൾ ആ വിടവ് നികത്തിയത് മകൻ ഫള്ൽ കോയമ്മ തങ്ങളായിരുന്നു. കോയമ്മ തങ്ങൾകൂടി വിടവാങ്ങിയതോടെ വിജ്ഞാന പരമ്പരയുടെ മറ്റൊരു ചരിത്രത്തിനുകൂടിയാണ് വിരാമമാവുന്നത്.
‘‘ഉപ്പ യാത്രയായിരിക്കുകയാണ്. സമ്പാദിച്ചുവെച്ചതെല്ലാം പോയപോലെ. ഏത് പ്രതിസന്ധിയെയും തടഞ്ഞുനിർത്താൻ ചുറ്റിലും വിന്യസിച്ചിരിക്കുന്ന പത്മവ്യൂഹം അപ്രത്യക്ഷമായപോലെ’’ -2014 ഫെബ്രുവരി ഒന്നിന് അബ്ദുർറഹ്മാൻ അൽബുഖാരി എന്ന ഉള്ളാൾ തങ്ങൾ വിടവാങ്ങിയപ്പോൾ മകൻ ഫള്ൽ കോയമ്മ തങ്ങൾ ‘മാധ്യമ’ത്തോടു പറഞ്ഞ ഈ വാക്കുകൾ മതി മകനും പിതാവും തമ്മിലെ ബന്ധത്തിന്റെ ദൃഢതയറിയാൻ. കുടുംബത്തിലും സമൂഹത്തിലും ഈ ബന്ധം നിലനിൽക്കണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്ത മനുഷ്യസ്നേഹിയായിരുന്നു തിങ്കളാഴ്ച വിടവാങ്ങിയ ഫള്ൽ കോയമ്മ തങ്ങൾ. ജ്ഞാനസാഗരമായിരുന്ന പിതാവിന്റെ കാലശേഷം ഇളയമകൻ ഫള്ൽ കോയമ്മ തങ്ങളും കുടുംബവുമാണ് ഉള്ളാൾ തങ്ങൾ താമസിച്ച തങ്ങൾ ഹൗസിൽ താമസിച്ചിരുന്നത്. വിദ്യാഭ്യാസം ആത്മീയതയുടെ അനിവാര്യ ഘടകമാണെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു തങ്ങൾ. പഠനം മനുഷ്യ മനസ്സിനെ സംസ്കരിക്കുമെന്ന് പിതാവിനെപ്പോലെ ഫള്ൽ കോയമ്മ തങ്ങളും വിശ്വസിച്ചു.
മരണ വിവരമറിഞ്ഞ് എട്ടിക്കുളത്തെ വീട്ടില്‍ ആയിരങ്ങളാണ് എത്തിയത്. രാവിലെ മുതല്‍ വൈകീട്ട് അഞ്ചുവരെ ആ ഒഴുക്ക് തുടർന്നു. വീട്ടിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ നൂറുക്കണക്കിനാളുകള്‍ പങ്കെടുത്തു. കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, മകന് മശ്ഹൂദ് തങ്ങള്‍, ഇ. സുലൈമാന്‍ മുസ്ലിയാര്, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, അബ്ദുല്‍ ഹകീം അസ്ഹരി, മുഹമ്മദ് ഫാറൂഖ് നഈമി എന്നിവർ നേതൃത്വം നല്കി. വൈകീട്ടോടെയാണ് ഖബറടക്കത്തിനായി മംഗലാപുരം കുറയിലേക്ക് കൊണ്ടുപോയത്.
സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ഹാമിദ് ഇമ്പിച്ചി കോയ തങ്ങള്‍, പേരോട് അബ്ദുറഹ്മാന് സഖാഫി, കർണാടക നിയമസഭ സ്പീക്കര്‍ യു.ടി. ഖാദര്‍, രാജ് മോഹന്‍ ഉണ്ണിത്താന് എം.പി, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന് തുടങ്ങിയവർ എട്ടിക്കുളത്തെ തങ്ങൾ ഹൗസിലെത്തി ആദരമർപ്പിച്ചവരിൽപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.