ഒടുവിൽ സർക്കാർ ഇടപെട്ടു; കുഞ്ഞിമംഗലത്ത് നീർത്തടം നികത്തിയ മണ്ണ് തിരിച്ചെടുക്കും
text_fieldsപയ്യന്നൂർ: ഏറെ വിവാദത്തിനിടയാക്കിയ കുഞ്ഞിമംഗലത്തെ നികത്തിയ നീർത്തടം പുനഃസ്ഥാപിക്കുന്നു. ഹൈകോടതി ഇടപെട്ടതോടെയാണ് നികത്തിയ 10 ഏക്കറോളം സ്ഥലത്തെ മണ്ണ് തിരിച്ചെടുത്ത് പകരം കണ്ടൽ വെച്ചുപിടിപ്പിക്കാൻ തീരുമാനമായത്.
വെള്ളിയാഴ്ച ഗ്രാമ പഞ്ചായത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. കുഞ്ഞിമംഗലം ഗ്രമപഞ്ചായത്ത് സെക്രട്ടറിക്കു പുറമെ പയ്യന്നൂർ താഹസിൽദാർ, വനം വകുപ്പ് ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫിസർ, സ്ഥലമുടമയുടെ പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു. യോഗ നിർദേശപ്രകാരം തിങ്കളാഴ്ച മുതൽ മണ്ണ് മാറ്റുന്ന പ്രവൃത്തി ആരംഭിക്കും. ഇതിനായി മണ്ണുമാന്തിയന്ത്രവും ടിപ്പർ ലോറിയും ഉപയോഗപ്പെടുത്തുമെന്ന് ഉടമയുടെ പ്രതിനിധി ഉറപ്പു നൽകിയതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. മണ്ണ് പൂർണമായും മാറ്റിയ ശേഷം കണ്ടൽ വെച്ചുപിടിപ്പിക്കാനും തീരുമാനമായതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിൽ താമരംകുളങ്ങര പ്രദേശത്തെ പൊരൂണി വയലിലും കൈപ്പാട് പ്രദേശങ്ങളിലും എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് വ്യാപകമായി മണ്ണിട്ട് നികത്തിയതായി കഴിഞ്ഞ വർഷം ജനുവരിയിൽ പരിസ്ഥിതി പ്രവർത്തകനായ പി.പി. രാജനാണ് പരാതി നൽകിയത്. കൃഷി ഓഫിസർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും വയൽ നികത്തൽ തുടർന്നു. ഇതിനെതിരെ രാജൻ ഹൈകോടതിയെ സമീപിക്കുകയും മണ്ണു മാറ്റി പൂർവ സ്ഥിതിയിലാക്കാൻ കോടതി ആവശ്യപ്പെടുകയും ചെയ്തു. തീരുമാനം വൈകിയതോടെ കോടതി വീണ്ടും ഇടപെട്ടു. ഇതോടെ ഉദ്യോഗസ്ഥർ കർശന നടപടികളുമായി രംഗത്തെത്തുകയായിരുന്നു.
ഇവിടെ കണ്ടൽ നാശം വ്യാപകമാണ്. പുല്ലങ്കോട് പുഴയോട് ചേർന്നുള്ള തീരദേശ നിയമം ബാധകമായ സി.ആർ.സെഡ് എയിൽപ്പെട്ട പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ള പ്രദേശത്തെ കണ്ടൽക്കാടുകൾ നശിപ്പിച്ച് അതിനു മുകളിൽ മണ്ണിട്ടാണ് പൊരൂണി വയൽ നികത്തിയത്. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള കുഞ്ഞിമംഗലം പഞ്ചായത്ത് എന്ന് അഭിമാനത്തോടെ കാണുന്ന പ്രദേശത്താണ് കണ്ടൽക്കാടുകൾ നശിപ്പിക്കപ്പെടുന്നതെന്നും ഇത് കുറ്റത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ടെന്നും രാജൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മാത്രമല്ല, വയലിലും കൈപ്പാടിലും മണ്ണിട്ട് നികത്തുന്നതു വഴി മഴക്കാലത്തുണ്ടാവുന്ന നീരോഴുക്ക് വലിയ തോതിൽ തടസ്സപ്പെടുക കൂടി ചെയ്യും. നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമവും, തീരദേശ സംരക്ഷണ നിയമവും ലംഘിച്ചു കൊണ്ടാണ് ഈ പ്രദേശങ്ങളിൽ മണ്ണിട്ട് നികത്തിയിട്ടുള്ളത്. അതിനാൽ വയലിലും ചതുപ്പിലും മണ്ണിട്ട് നികത്തിയവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും, നികത്തിയ സ്ഥലത്തെ മണ്ണ് നീക്കം ചെയ്യാനുള്ള സത്വര നടപടി സ്വീകരിക്കണമെന്നും രാജൻ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.