വിഷ്ണുഭാരതീയന്റെ ശവകുടീരത്തിൽനിന്ന് ഒരുപിടി മണ്ണ്; കുറുവൻകുന്ന് പുനർജനിക്കും
text_fieldsപയ്യന്നൂർ: ശിൽപങ്ങളും ചിത്രങ്ങളും പരിസ്ഥിതി പ്രണയവുമായൊക്കെയുള്ള യാത്ര കഴിഞ്ഞ് തിരിച്ചുവരുമ്പോൾ സുരേന്ദ്രൻ കൂക്കാനം എന്ന കലാകാരന്റെ ഭാണ്ഡത്തിൽ ഒരുപിടി മണ്ണുണ്ടാവും. മറ്റൊന്നിനുമല്ല, ലോറിയിൽക്കയറി വയൽപണിക്കുപോയ കുറുവൻ കുന്നിനുപകരം മറ്റൊരുകുന്ന് ഉണ്ടാക്കാനാണ്. രണ്ടുവർഷം മുമ്പ് തുടങ്ങിയതാണ് രക്തസാക്ഷിയായ കുന്നിനെ പുനർജനിപ്പിക്കാനുള്ള ഈ മണ്ണ് ശേഖരണം.
ഒടുവിലത്തെ ഒരുപിടിമണ്ണ് സ്വാതന്ത്ര്യസമര സേനാനി വിഷ്ണുഭാരതീയന്റെ സ്മൃതികുടീരത്തിൽനിന്നാണ്. തീർന്നില്ല; ഇനിയും യാത്രയുണ്ട് ഗാന്ധിജിയുടെ, വിവേകാനന്ദന്റെ, ടാഗോറിന്റെ ഓർമകളിലേക്ക്. അവിടെനിന്നെല്ലാം ഓരോപിടി മണ്ണുമായി വരും. അത് കുന്നിലിടും. അങ്ങനെ പലതുള്ളി പെരുവെള്ളമായി കുറുവൻകുന്ന് പുനർജനിക്കുമെന്ന് ഈ പരിസ്ഥിതിസ്നേഹി പറയുന്നു.
കരിവെള്ളൂർ പെരളം പഞ്ചായത്തിലെ പുത്തൂർ കൂക്കാനത്ത് വർഷങ്ങൾക്കുമുമ്പ് ഉണ്ടായ കുറുവൻകുന്ന് ഇന്നില്ല. കുന്നിൻ താഴ്വരയിൽ അച്ഛൻ എഴുതിക്കൊടുത്ത 12 സെന്റ് സ്ഥലത്ത് പണ്ട് ചെറുപ്പകാലത്ത് ഓടിക്കളിച്ച കുറുവൻകുന്ന് പുനഃസൃഷ്ടിക്കുക എന്നത് സുരേന്ദ്രന്റെ സ്വപ്നമാണ്. ഏതാണ്ട് പകുതിയിലധികം അത് യാഥാർഥ്യമായതായും മൂന്നുവർഷംകൊണ്ട് പൂർത്തിയാക്കുമെന്നും സുരേന്ദ്രൻ 'മാധ്യമ'ത്തോടു പറഞ്ഞു.
കുന്നിടിച്ച് വയൽ നികത്തിയ സ്ഥലങ്ങളിൽനിന്ന് ഓരോ ചെറുകൂന മണൽ ഈ കുന്നിൽ കൊണ്ടിട്ട് കുന്നിടിക്കലിനെതിരെ പ്രതീകാത്മക പ്രതിഷേധവും ഉയർത്തും. പരിസ്ഥിതി നാളിൽ സ്കൂൾ വിദ്യാർഥികൾ കുറുവൻകുന്നു കാണാനെത്തിയത് ഓരോ പിടി മണ്ണുമായാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.