പയ്യന്നൂരിലെത്താമെന്ന വാക്കുപാലിക്കാതെ ലതാജി മടങ്ങി
text_fieldsപയ്യന്നൂർ: 'ഞാൻ വരും പയ്യന്നൂരിൽ, അധികം വൈകാതെ' 2014 ഫെബ്രുവരി 14 ന്റെ സായന്തനത്തിലായിരുന്നു മുംബൈയിൽ വെച്ച് ലതാജി ഇതു പറഞ്ഞത്. എന്നാൽ ശബ്ദസൗന്ദര്യത്തിൽ കദളിപ്പൂവിന്റെ തേൻപുരട്ടിയ ഭാരതത്തിന്റെ വാനമ്പാടിയുടെ സാന്നിധ്യം അനുഭവിച്ചറിയാൻ സാംസ്കാരിക ഭൂമികയായ പയ്യന്നൂരിന് ഭാഗ്യമുണ്ടായില്ല. ശാരീരിക അവശത തന്നെയായിരുന്നു തടസ്സമായത്.
ലോകപ്രശസ്ത ഗായകരെ പങ്കെടുപ്പിച്ച് പയ്യന്നൂരിൽ നടത്താറുള്ള തുരീയം സംഗീതോത്സവത്തിന്റെ സംഘാടകരായ പോത്താങ്കണ്ടം ആനന്ദഭവനം കലാരംഗത്തുള്ളവർക്ക് സത്കലാരത്ന പുരസ്കാരം നൽകാൻ തീരുമാനിച്ചപ്പോൾ ആദ്യ അവാർഡ് ആർക്ക് നൽകണമെന്ന കാര്യത്തിൽ സംഘാടകർക്ക് സംശയമേതുമുണ്ടായില്ല.
അങ്ങനെയാണ് ഒരുലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡിന് ഇന്ത്യയുടെ വാനമ്പാടിയെ തിരഞ്ഞെടുക്കുന്നത്. 2013 ലായിരുന്നു അത്. വിവരമറിയിച്ചപ്പോൾ പയ്യന്നൂരിലെത്താമെന്ന് അവർ ഉറപ്പു നൽകി. മാത്രമല്ല, കേരളത്തിൽ വരുന്നതിലെ സന്തോഷവും അവർ പങ്കുവെച്ചു. ഇതുപ്രകാരം കിർലോസ്കർ കമ്പനിയുമായി ബന്ധപ്പെട്ട് ഹെലികോപ്ടർ ഉൾപ്പെടെ ഏൽപിക്കുകയും ചെയ്തു.
എന്നാൽ ശാരീരിക ബുദ്ധിമുട്ടുകൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ അതിഥിയെ സ്വീകരിക്കാനുള്ള പയ്യന്നൂരിന്റെ സ്വപ്നത്തിൽ അപശ്രുതി വീഴ്ത്തി. തുടർന്നാണ് 2013ലെ അവാർഡ് 2014 ഫെബ്രുവരി 14ന് മുംബൈ അന്ധേരിയിലെ വൃന്ദാവൻ ഗുരുകുലത്തിലെത്തി കൈമാറുന്നത്.
സ്വാമി കൃഷ്ണാനന്ദ ഭാരതി, ലോകപ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, അബ്ദുസ്സമദ് സമദാനി എം.പി എന്നിവർ ഉൾപ്പെടെ 60 ഓളം പേരാണ് ഗുരുകുലത്തിലെത്തി പുരസ്കാരം ലത മങ്കേഷ്കർക്ക് കൈമാറിയത്.10 മിനിറ്റിലധികം നീണ്ട പരിപാടിയിൽ സമദാനിയുടെ ആമുഖ ഭാഷണവും ഉണ്ടായിരുന്നു. സ്വാമി കൃഷ്ണാനന്ദ ഭാരതിയും പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുമാണ് പുരസ്കാരം കൈമാറിയത്.തുടർന്നു നടത്തിയ പ്രസംഗത്തിലാണ് ലതാജി പയ്യന്നൂരിലെത്തുമെന്ന് ഉറപ്പു നൽകിയത്. ഇതുപാലിക്കാനാവാതെയാണ് മഹാഗായിക അരങ്ങൊഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.