ഇത് അട്ട വിളയും വയലേലകൾ
text_fieldsപയ്യന്നൂർ: വയലേലകളിൽ വിളയുന്നത് അട്ട. നീണ്ട ഇടവേളക്കു ശേഷമാണ് വയലുകൾ അട്ടയുടെ ഇഷ്ടകേന്ദ്രമാകുന്നത്. ജില്ലയിൽ ചെറുതാഴം ഗ്രാമ പഞ്ചായത്തിലെ പെരിയാട്ട് പാടശേഖരം അട്ടനിറഞ്ഞ് കൃഷി ചെയ്യാനാവാത്ത സ്ഥിതിയിലായതായി കൃഷിക്കാർ പരാതിപ്പെടുന്നു.
മുൻകാലങ്ങളിൽ പുഞ്ചവയലുകളിൽ അട്ട വ്യാപകമായുണ്ടായിരുന്നുവെങ്കിലും രണ്ടു പതിറ്റാണ്ടിലധികമായി ഇവ വൻതോതിൽ കുറഞ്ഞിരുന്നു. എന്നാൽ, ഇവ പൂർവാധികം ശക്തിയോടെ തിരിച്ചെത്തിയതിനാൽ വയലിൽ വരമ്പുവെക്കാൻ പോലും ഇറങ്ങാൻ സാധിക്കാത്ത സ്ഥിതിയാണ്. വരമ്പുവെച്ച് നിലമൊരുക്കുന്നതിന് മുന്നോടിയായി കുമ്മായമിട്ടാൽ മാത്രമാണ് അട്ട ശൗര്യമടങ്ങുക.
ഒരിക്കൽ വയലിലിറങ്ങിയാൽ 25 എണ്ണം വരെ കാലിൽ കടിച്ചുതൂങ്ങി രക്തം കുടിക്കുന്നതായി തൊഴിലാളികളും കൃഷിക്കാരും പറയുന്നു. ഒരു അട്ടക്ക് 20 സെന്റി മീറ്റർ വരെ നീളമുണ്ട്. രക്തം കുടിച്ചാൽ ഇത് മൂന്നിരട്ടിയാവും. ഉപ്പുമായി വയലിലിറങ്ങേണ്ട സാഹചര്യമാണുള്ളത്.
അട്ടയെ ഭയന്ന് പുതിയ തലമുറ വയലിലിറങ്ങാത്ത സ്ഥിതിയുമുണ്ട്. ചിലരിൽ ചൊറിച്ചിലിനും അലർജിക്കും അട്ടകടി ഇടയാക്കാറുണ്ട്. തരിശ്ശിട്ട വയലുകളിൽ കന്നുകാലികളെ മേയാനിറക്കാനും കഴിയാറില്ല. ഇവയെയും അട്ട ആക്രമിക്കുന്നു.
വയലുകളിൽ കീടനാശിനി പ്രയോഗവും രാസവളവും കുറഞ്ഞതാണ് അട്ട തിരിച്ചെത്താൻ കാരണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെയും ജന്തുശാസ്ത്രജ്ഞരുടെയും അഭിപ്രായം. ദേശാടനപ്പക്ഷികളുടെ വരവു കുറഞ്ഞതും അട്ടയുടെ വംശവർധനവിന് കാരണമാണ്. മണ്ണിന്റെ ജൈവഘടന തിരിച്ചെത്തുന്നതിന്റെ ലക്ഷണമാണ് അട്ടയുടെ ആധിക്യമെന്നും നിരീക്ഷണമുണ്ട്.
അതേസമയം തോടുകൾ വൃത്തിയാക്കാത്തതും ജൈവമാലിന്യം ഒഴുകി വയലിലെത്തുന്നതുമാണ് അട്ട വർധിക്കാൻ കാരണമാകുന്നതെന്നും തോടുകൾ വൃത്തിയാക്കി അട്ടയെ നിയന്ത്രിക്കാത്തപക്ഷം വയൽ തരിശ്ശിടേണ്ടിവരുമെന്നും കൃഷിക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.