ജനവാസകേന്ദ്രത്തിലെ മദ്യവിൽപന; പ്രതിഷേധം ശക്തമാവുന്നു
text_fieldsപയ്യന്നൂർ: കണ്ടോത്ത് ജനവാസ കേന്ദ്രത്തിൽ കൺസ്യൂമർ ഫെഡ് മദ്യവിൽപനശാല തുടങ്ങിയതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. വിൽപനശാല സ്ഥിരം ശല്യമായതോടെയാണ് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ മാസം 23നാണ് ദേശീയപാതയോട് തൊട്ടുരുമ്മി നിൽക്കുന്ന ഇരുനില കെട്ടിടത്തിൽ കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപന ശാല തുറന്നത്. ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു പ്രവർത്തനം ആരംഭിച്ചത്. പ്രദേശവാസികൾ അപ്പോൾ തന്നെ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
അപകടങ്ങൾ പതിവായ റോഡരികിലാണ് മദ്യശാല തുറന്നത്. ഇതും പ്രതിഷേധം ശക്തമാവാൻ കാരണമായി. ദേശീയ പാതയോരത്ത് മദ്യശാല പാടില്ലെന്ന നിയമം ലംഘിച്ചാണ് ശാല ആരംഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. മാത്രമല്ല, മദ്യശാല തുടങ്ങുന്നതിന് നിർദേശിക്കുന്ന ദൂരപരിധിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.
സമീപവാസികളുടെ സമ്മതം വാങ്ങിയിട്ടില്ല. കെട്ടിടത്തിലോ കോമ്പൗണ്ടിലോ മതിയായ പാർക്കിങ്ങ് സൗകര്യമില്ല. കഴിഞ്ഞ ഒരു മാസമായി ഇവിടെ ഗതാഗത തടസ്സം പതിവായതും പ്രതിഷേധം ശക്തമാവാൻ കാരണമായി. തോന്നിയപോലുള്ള പാർക്കിങ്ങ് കാരണം കാൽനടയാത്ര പോലും ദുസ്സഹമായി. വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സ്ത്രീകൾ ആശങ്കാകുലരാണ്. പ്രശ്നമുയർത്തി പ്രദേശത്തെ നാല് കലാസമിതികൾ ചേർന്ന് കർമസമിതിക്ക് രൂപംനൽകി.
സെൻട്രൽ ക്ലബ്, സെഞ്ച്വറി ക്ലബ്, ശ്രീകാന്ത് കലാസമിതി, കെ.എസ്.സി കണ്ടോത്ത് എന്നീ സമിതികൾ ചേർന്ന് നടത്തിയ സായാഹ്ന ധർണയിൽ ഇരുനൂറോളം പേർ അണിചേർന്നു. ശാലക്കെതിരെ നാട്ടുകാരുടെ പന്തം കൊളുത്തി പ്രകടനവും നടന്നു. പ്രകടനത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറിലേറെ പേർ പങ്കെടുത്തു. ശാല മാറ്റണമെന്നാവശ്യപ്പെട്ട് നിവേദനം നൽകാൻ നാട്ടുകാരുടെ ഒപ്പുശേഖരണം പുരോഗമിക്കുകയാണ്.
ശാല പൂട്ടാത്ത പക്ഷം തുടർസമരം രൂക്ഷമാക്കാനുള്ള ആലോചനയിലാണ് കർമസമിതി. മദ്യശാലയ്ക്ക് കെട്ടിടം നൽകിയ ഉടമയ്ക്കെതിരെയും മദ്യശാലയ്ക്കെതിരെയും നാട്ടിൽ പോസ്റ്റർ പ്രചരണം നടന്നിട്ടുണ്ട്.
കോൺഗ്രസ് മദ്യശാല പൂട്ടണമെന്നാവശ്യപ്പെട്ട് ധർണ നടത്തിയിരുന്നു. ജനവാസ കേന്ദ്രത്തിൽ നിന്ന് മദ്യശാല ഉടൻ മാറ്റണമെന്ന് സി.പി.എം വെള്ളൂർ സൗത്ത് ലോക്കൽ കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.