നമ്പറുകളില്ലാതെ ലോറികൾ; കണ്ണടച്ച് അധികൃതർ
text_fieldsപയ്യന്നൂർ: നമ്പർ പ്ലേറ്റുകൾ മറച്ച് ദേശീയപാതയിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് പതിവ് കാഴ്ച. ഈ നിയമ ലംഘനത്തിനു നേരെ കണ്ണടച്ച് മോട്ടോർ വാഹന വകുപ്പും പൊലീസും. കണ്ണൂരിൽനിന്നും കാസർകോട് ഭാഗത്തേക്കും കാസർകോട് നിന്നും കണ്ണൂർ ഭാഗത്തേക്കും നിരവധി ലോറികളാണ് നിയമവിരുദ്ധമായി നമ്പർ പ്ലേറ്റ് മറച്ചുവെച്ച് ഓടുന്നത്.
ഒരു വാഹനം പോലും പിടിക്കപ്പെടുന്നില്ലെന്ന പരാതി വ്യാപകമാണ്. ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുലോറികളാണ് ഈ രീതിയിൽ നിയമലംഘനം നടത്തുന്നത്. നിയമ ലംഘനം തൃക്കരിപ്പൂർ അഗ്നിരക്ഷാനിലയത്തിലെ സിവിൽ ഡിഫൻസ് സർവിസ് കാഡറ്റും സാമൂഹിക പ്രവർത്തകനുമായ എം.വി. ശിൽപരാജ് പൊലീസിലും മോട്ടോർ വാഹന വകുപ്പിലും ഫോട്ടോ സഹിതം റിപ്പോർട്ട് ചെയ്തുവെങ്കിലും നടപടി ഉണ്ടായില്ല. വാഹനങ്ങളുടെ ഫോട്ടോകളും പരാതിയോടൊപ്പം ഉള്ളടക്കം ചെയ്തതായി ശിൽപരാജ് പറയുന്നു.
ഇങ്ങനെ ഓടുന്ന വാഹനങ്ങൾ ഏതെങ്കിലും രീതിയിൽ അപകടത്തിന് കാരണമായാൽ കണ്ടുപിടിക്കുക പ്രയാസമാണെന്ന് നാട്ടുകാർ പറയുന്നു. എളുപ്പത്തിൽ രേഖപ്പെടുത്താൻ കഴിയുന്ന പിറകുവശത്തെ നമ്പർ പ്ലേറ്റുകളാണ് കാണാത്തത്. ചെറിയ വാഹനങ്ങളിൽ തട്ടിയിട്ടാൽ പിടിക്കപ്പെടാതെ എളുപ്പത്തിൽ രക്ഷപ്പെടാൻ ഇതിലൂടെ സാധിക്കുന്നു. ദേശീയപാത നിർമാണം പുരോഗമിക്കവെ പാതയിൽ അപകടങ്ങൾ വ്യാപകമാണ്. ഇതും നമ്പർ മറക്കാൻ കാരണമാവുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല, കള്ളക്കടത്തും മറ്റും പിടികൂടുന്നതിനും ഇത് തടസ്സമാവും.
നമ്പർ പ്ലേറ്റ് ഇല്ലാതെ സഞ്ചരിക്കുന്ന വാഹനങ്ങൾ ഗതാഗത, പൊലീസ് വകുപ്പുകൾ കണ്ടെത്തി നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. പിഴയിനത്തിൽ സർക്കാറിന് ലഭിക്കേണ്ട പണവും നഷ്ടപ്പെടുകയാണ്. നിയമലംഘനം തടയുന്നതിന് ദേശീയ പാതയിൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കോത്തായിമുക്കിലും കാസർകോട് കാലിക്കടവിലും അത്യാധുനിക സൗകര്യമുള്ള നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയതായി ശിൽപരാജ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.