സിനിമ മുത്തച്ഛന്റെ വിയോഗത്തിന് ഒരാണ്ട്; ഓർമപുതുക്കി നാട്
text_fieldsപയ്യന്നൂർ: മലയാളസിനിമയുടെ മുത്തച്ഛന്റെ ഓർമക്ക് വ്യാഴാഴ്ച ഒരു വയസ്സ്. സിനിമയിൽ പുതിയൊരു ദൃശ്യാനുഭവം പകർന്നതിനൊപ്പം ഒരുനടന്റെ പിറവിക്ക് സാക്ഷ്യംവഹിച്ചു എന്നതാണ് 'ദേശാടന'ത്തെ വ്യതിരിക്തമാക്കുന്നത്. പയ്യന്നൂർ കോറോം ഗ്രാമത്തിലെ പുല്ലേരി വാധ്യാരില്ലത്തെ ഉണ്ണികൃഷ്ണൻ നമ്പൂതിരിയെന്ന നടന്റെ പിറവിയാണ് ആ ചിത്രത്തിന്റെ മഹത്ത്വം. അക്കൊല്ലത്തെ മികച്ച നടനുള്ള ദേശീയപുരസ്കാരം വോട്ടിനിട്ടപ്പോൾ ജൂറിയുടെ ഒറ്റ വോട്ടിനാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് പുരസ്കാരം നഷ്ടമായതെന്ന് സംസാരമുണ്ടായിരുന്നു.
ഇന്ത്യൻ സിനിമ അന്നുവരെ കണ്ടിട്ടില്ലാത്ത സ്വാഭാവിക അഭിനയത്തികവാണ് ദേശാടനത്തിലെ പ്രധാന കഥാപാത്രമായ വൃദ്ധനിൽ ദർശിച്ചത്. സത്യജിത്ത് റായിയുടെ പഥേർ പാഞ്ചാലിയിലെ മുത്തശ്ശിയായ ചുനി ബാലാ ദേവിയോട് ചേർന്നുനിൽക്കുന്ന കഥാപാത്രം. 80ാം വയസ്സിലായിരുന്നു റായി ചുനിയെ കണ്ടെത്തിയത്. എന്നാൽ, 73ലായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് നിയോഗമുണ്ടായത്. നിരവധി സിനിമകളിൽ 'മുത്തച്ഛൻ' സ്വാഭാവിക അഭിനയസിദ്ധികൊണ്ട് പ്രേക്ഷകരെ കൈയിലെടുത്തു. തമിഴ്നാട്ടിൽ കമൽ ഹാസനും രജനീകാന്തിനുമൊപ്പം അഭിനയിച്ചു.
വടക്കേ മലബാറിലെ കമ്യൂണിസ്റ്റ്– കർഷക നേതാക്കളുടെ ഒളിവിടമായി മാറിയ ജന്മി ഗൃഹത്തിലായിരുന്നു ജനനം. എ.കെ.ജി ഉൾപ്പെടെയുള്ള നേതാക്കളുടെ സംരക്ഷണ ചുമതലയേറ്റ ഉണ്ണി അവസാനം വരെ കമ്യൂണിസ്റ്റ് ബന്ധം നിലനിർത്തി. പയ്യന്നൂർ നഗരസഭ മുൻകൈയെടുത്ത് കോറോം ഗ്രാമത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ കെ.വി. ലളിത അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ പി.വി. കുഞ്ഞപ്പൻ, നടൻ സന്തോഷ് കീഴാറ്റൂർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.