മലയാള പഠനഗവേഷണ കേന്ദ്രം ഉടൻ; ഡോ. ടി. പവിത്രൻ ഡയറക്ടർ
text_fieldsപയ്യന്നൂർ: 13 വർഷം മുമ്പ് ശ്രേഷ്ഠ ഭാഷ പദവിയിൽ ഇടംപിടിച്ച മലയാള ഭാഷയുടെ പഠനത്തിന് കേന്ദ്ര സർക്കാറിെൻറ പച്ചക്കൊടി. കേന്ദ്ര സർക്കാറിെൻറ വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ ഭാഗമായി മൈസൂരുവിൽ പ്രവർത്തിക്കുന്ന സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസിനു (സി.ഐ.ഐ.എൽ) കീഴിൽ വരുന്ന പഠനകേന്ദ്രത്തിെൻറ പ്രോജക്ട് ഡയറക്ടറായി പയ്യന്നൂർ പിലാത്തറയില ഡോ. ടി. പവിത്രനെ നിയമിച്ച് ഉത്തരവായി. സെപ്റ്റംബർ 11ന് തിരൂർ തുഞ്ചൻപറമ്പിലെ കേന്ദ്രത്തിലെത്തി ചാർജ് ഏറ്റെടുക്കുമെന്ന് ഡോ. പവിത്രൻ 'മാധ്യമ'ത്തോട് പറഞ്ഞു.
സെൻറർ ഫോർ എക്സലൻസ് സ്റ്റഡീസ് ഇൻ ക്ലാസിക്കൽ മലയാളം ആരംഭിക്കുക തിരൂർ തുഞ്ചൻ പറമ്പിലെ മലയാളം സർവകലാശാല കാമ്പസിലായിരിക്കുമെന്നും ഡോ. പവിത്രൻ പറഞ്ഞു. നേരത്തേ കാസർകോട് കേന്ദ്ര സർവകലാശാല കാമ്പസ് പരിഗണിച്ചുവെങ്കിലും പിന്നീടത് തിരൂരിലേക്ക് മാറ്റുകയായിരുന്നു. അനുബന്ധ ഉദ്യോഗസ്ഥരുടെ നിയമനവും പൂർത്തിയായതായാണ് വിവരം.
മലയാളത്തിന് പുറമെ ഒഡിയ, തെലുങ്ക്, കന്നട എന്നീ ഭാഷാപഠനകേന്ദ്രങ്ങളും സി.ഐ.ഐ.എല്ലിനു കീഴിൽ ആരംഭിക്കുന്നുണ്ട്. നേരത്തേ പദവി ലഭിച്ച സംസ്കൃതം, തമിഴ് ഭാഷകൾക്ക് ക്ലാസിക്കൽ പഠനകേന്ദ്രങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വിപുലമായ പഠനത്തിലൂടെയും ഗവേഷണത്തിലൂടെയും മലയാള ഭാഷയുടെ സമഗ്ര വികസനമാണ് കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.
പയ്യന്നൂർ കോളജ് മുൻ അധ്യാപകനായിരുന്ന ഡോ. ടി. പവിത്രൻ മുൻ കോഴിക്കോട് സർവകലാശാല മലയാള വിഭാഗം തലവനായാണ് വിരമിച്ചത്. പുരാരേഖകളും ഭാഷാപഠന സംബന്ധവുമായ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.