കുഞ്ഞിമംഗലത്തിെൻറ കരുതലിന് നാട്ടുനന്മയുടെ ഹരിത ശോഭ
text_fieldsപയ്യന്നൂർ: ജൂലൈ 26 ലോക കണ്ടൽ ദിനം ആചരിക്കുമ്പോൾ ഒരു കൂട്ടം പ്രകൃതിസ്നേഹികൾ വില കൊടുത്തുവാങ്ങി സംരക്ഷിക്കുന്ന കുഞ്ഞിമംഗലത്തെ കണ്ടൽകാടുകൾക്ക് ഇരുപത്തിമൂന്നിെൻറ ഹരിതശോഭ. കണ്ടൽകാടുകളുടെ പാരിസ്ഥിതിക പ്രാധാന്യം അധികം തിരിച്ചറിയുന്നതിനു മുമ്പു തന്നെ കണ്ടൽകാടുകൾ വാങ്ങി ഒരു നാടിെൻറ ഹരിതകവചം നിലനിർത്തിയ നാട്ടുനന്മയാണ് 23 വർഷം പിന്നിടുന്നത്.
കേരളത്തിൽ നിലവിൽ 21.17 ചതുരശ്ര കിലോമീറ്റർ കണ്ടൽകാടുകളാണുള്ളത്. 10 വർഷത്തിനിടയിൽ 50 ശതമാനത്തോളം കാടുകൾ ഇല്ലാതായി. വ്യക്തികൾ വെട്ടിനശിപ്പിക്കുന്നതിനു പുറമെ റോഡ് ഉൾപ്പെടെ സർക്കാർ പദ്ധതികളുടെ ഭാഗമായും കാടുകൾ ഇല്ലാതാവുന്നു. കണ്ണൂർ, കാസർകോട് ആറുവരി ദേശീയപാത യാഥാർഥ്യമാവുമ്പോൾ നിരവധി ഹെക്ടർ കണ്ടൽ കാടുകൾ ഇല്ലാതാവും. സ്വകാര്യ വ്യക്തികളിൽ നിന്ന് കാട് വില കൊടുത്തു വാങ്ങാനുള്ള സർക്കാർ തീരുമാനം ചുവപ്പുനാടയിൽ വിശ്രമിക്കുമ്പോഴാണ് കുഞ്ഞിമംഗലത്തെ പൊതുകാട് വിസ്മയമാവുന്നത്. ചെമ്മീൻ പാടങ്ങൾ നിർമിക്കാൻ സ്വകാര്യ സ്ഥലത്തെ കണ്ടൽകാടുകൾ വ്യാപകമായി നശിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് കുഞ്ഞിമംഗലത്ത് വണ്ണാത്തിപുഴയുടെ കൈവഴിയായ പുല്ലങ്കോട് പുഴയോരത്തെ ഹരിതസമൃദ്ധി വില കൊടുത്തു വാങ്ങി നിലനിർത്താനുള്ള ആലോചന തുടങ്ങിയത്.
പ്രകൃതി സ്നേഹികളുടെ കൂട്ടായ്മയിൽനിന്ന് സംഭരിച്ച നാണയത്തുട്ടുകളിൽ നിന്നായിരുന്നു തുടക്കം. മുപ്പതോളം വ്യക്തികൾക്കു പുറമെ ജൈവകർഷക സമിതി, കണ്ടംകുളങ്ങര കർഷക മിത്ര, ഒരേ ഭൂമി ഒരേ ജീവൻ, കൃപ പാലാവയൽ എന്നീ സംഘടനകൾ കൂടി ചേർന്നതോടെ കുഞ്ഞിമംഗലത്തെ ഹരിതസൗന്ദര്യത്തിന് ആയുസ്സ് നീട്ടിക്കിട്ടി. ആദ്യം 3.3 ഏക്കറാണ് വാങ്ങിയത്. 1998 മാർച്ചിൽ രജിസ്റ്റർ ചെയ്തു. ഇതിനുശേഷം സീക്ക് ഉൾപ്പെടെയുള്ള സംഘടനകൾ കൂടുതൽ സ്ഥലം വാങ്ങി സംരക്ഷിച്ചു. ഇപ്പോൾ 30 ഏക്കറോളം കണ്ടൽകാടുകൾ സംരക്ഷിക്കുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽകാടുകളുള്ള പഞ്ചായത്താണ് കുഞ്ഞിമംഗലം. ഇതിൽ ഏറെയും സ്വകാര്യ വ്യക്തികളുടെ കൈകളിലാണ്. ഇത് വില കൊടുത്തു വാങ്ങി സംരക്ഷിത വനമായി നിലനിർത്തണമെന്ന ആവശ്യമാണ് വനം വകുപ്പിെൻറ മെല്ലപ്പോക്കു കാരണം മുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.