കുഞ്ഞിമംഗലത്തെ കണ്ടൽവേട്ടയിൽ; ഹൈകോടതി ഇടപെടൽ
text_fieldsപയ്യന്നൂർ: കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള കുഞ്ഞിമംഗലത്തെ കണ്ടൽ, തണ്ണീർതടം നശീകരണത്തിനെതിരെ ഹൈകോടതി ഇടപെടൽ. കോടതി നിർദേശപ്രകാരം പരാതി പരിശോധിക്കാൻ ഉന്നത ഉദ്യോഗസ്ഥർ വെള്ളിയാഴ്ച സ്ഥലം സന്ദർശിക്കും.
പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ കുഞ്ഞിമംഗലത്തെ പി.പി. രാജൻ കോടതിയിൽ നൽകിയ ഹരജിയെ തുടർന്നാണ് നടപടി. ജില്ല കലക്ടറുടെ ഉത്തരവു പ്രകാരം പയ്യന്നൂർ തഹസിൽദാർ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ, പരിസ്ഥിതി വകുപ്പ് എൻജിനീയർ എന്നിവരുടെ ആഭിമുഖ്യത്തിലായിരിക്കും വെള്ളിയാഴ്ച ഒരുമണിക്ക് സ്ഥലപരിശോധന നടത്തുക. ഈ സമയത്ത് രേഖകൾ സഹിതം ഹാജരാകാൻ പരാതിക്കാരന് നിർദേശം നൽകിയിട്ടുണ്ട്.
കുഞ്ഞിമംഗലം താമരംകുളങ്ങരയിൽ 10 ഏക്കർ വയലും കൈപ്പാടും മണ്ണിട്ട് നികത്തി വൻതോതിൽ കണ്ടൽക്കാടുകൾ നശിപ്പിച്ചതായാണ് പരാതി ഉയർന്നത്. മണ്ണും കെട്ടിട അവശിഷ്ടങ്ങളും ഉപയോഗിച്ചാണ് വൻതോതിൽ നികത്തിയിരുന്നത്. ഇതിനെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിരുന്നുവെങ്കിലും ഫലപ്രദ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുയർന്നിരുന്നു.
തുടർന്നാണ് പി.പി. രാജൻ കോടതിയെ സമീപിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുള്ള പഞ്ചായത്താണ് കുഞ്ഞിമംഗലമെന്നും കണ്ടൽ നാശം കടുത്ത പാരിസ്ഥിതിക ദുരന്തത്തിന് കാരണമാവുമെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. പതിറ്റാണ്ടുകൾക്കുമുമ്പുതന്നെ പരിസ്ഥിതി പ്രവർത്തകരായ സ്വകാര്യ വ്യക്തികളും പരിസ്ഥിതി സംഘടനകളും സർക്കാർ ഏജൻസികളും കണ്ടൽക്കാടുകൾ വില കൊടുത്ത് വാങ്ങി സംരക്ഷിക്കുന്ന സ്ഥലം കൂടിയാണ് കുഞ്ഞിമംഗലം.
താമരംകുളങ്ങര പൊരുണി വയലിനോട് ചേർന്നുള്ള അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങളുടെ പട്ടികയിൽപെടുന്ന തീരദേശ പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ് കണ്ടൽക്കാട് നശിപ്പിച്ച് മണ്ണിട്ട് നികത്തിയതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
നെൽവയൽ, തീരദേശ സംരക്ഷണ നിയമം കാറ്റിൽ പറത്തിയാണ് പുല്ലങ്കോട് പുഴയോരത്തെ കണ്ടൽക്കാട് നശിപ്പിച്ച് വയലും ചതുപ്പു നിലവും മണ്ണിട്ട് നികത്തിയതെന്ന് രാജൻ പറയുന്നു. നിയമ ലംഘകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട് കുഞ്ഞിമംഗലം പൗരാവകാശ സംരക്ഷണ സമിതിയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.