കണ്ടൽക്കഥ പറഞ്ഞ് ദിവാകരൻ;വിഷരഹിത രുചി വിളമ്പി കേബീയാർ
text_fieldsപയ്യന്നൂർ: നാട്ടുപച്ച കണ്ടലിന്റെ കഥ പറഞ്ഞ് ദിവാകരൻ, വിഷമില്ലാത്ത പച്ചക്കറികളുടെ രുചി വിളമ്പി കേബിയാർ കണ്ണേട്ടൻ. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം സംഘടിപ്പിച്ച നാട്ടുപച്ച പരിപാടിയാണ് നഷ്ടപ്പെടുന്ന പച്ചപ്പിനിടയിലെ നന്മയുടെ വിളവെടുപ്പായത്. കല്ലേൻ പൊക്കുടനുശേഷം കേരളത്തിലുടനീളം ലക്ഷത്തിലധികം കണ്ടൽചെടികൾ വെച്ചുപിടിപ്പിച്ച് ശ്രദ്ധേയനായ പ്രാദേശിക കർഷക ശാസ്ത്രജ്ഞൻ ദിവാകരൻ നീലേശ്വരവും നാലു പതിറ്റാണ്ടായി വിഷമില്ലാത്ത പച്ചക്കറി ഏക്കർകണക്കിന് പാടത്ത് കൃഷി ചെയ്തും പ്രചരിപ്പിച്ചും പ്രകൃതിജീവനത്തിന്റെ നേർസാക്ഷ്യമായ കേബിയാർ കണ്ണേട്ടനും പാഠശാലയിൽ ഒത്തു കൂടിയ നിറഞ്ഞസദസ്സിന് മുന്നിൽ മനസ്സു തുറന്നു. കേരളത്തിലുടനീളം മിയാവാക്കി, ഗൃഹവനം, പച്ചത്തുരുത്ത്, കണ്ടൽ തുരുത്തുകൾ സൃഷ്ടിക്കുന്നതിൽ ചെത്തു തൊഴിലാളിയായ ദിവാകരൻ കൈവരിച്ച നേട്ടങ്ങൾ അത്ഭുതത്തോടെയാണ് എല്ലാവരും ശ്രവിച്ചത്. വെള്ളൂർ കണ്ടോത്ത് സ്വദേശിയായ കണ്ണേട്ടന്റെ ജൈവ കൃഷിത്തോട്ടം സർവകലാശാല വിദ്യാർഥികൾക്കൊപ്പം കൃഷി വിദഗ്ധർക്കും ഇന്ന് പാഠശാലയാണ്. അത്യുൽപാദന ശേഷിയുള്ള നൂറോളം ഫല വൃഷത്തൈകളും പച്ചക്കറി വിത്തുകളുമായാണ് രണ്ടുപേരും പാഠശാലയിലെത്തിയത്. ഇവ എല്ലാവർക്കും സൗജന്യമായി വിതരണം ചെയ്തു.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ശിവകുമാർ രണ്ടുപേരെയും ആദരിച്ചു. വി.വി. പ്രദീപൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാല ബി.എ ഹിസ്റ്ററി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ അർച്ചന മോഹൻ, ബി.എസ് സി ഹോട്ടൽ മാനേജ്മെൻ്റ് ആൻഡ് കാറ്ററിങ് സയൻസിൽ റാങ്ക് ജേതാവായ ജഗന്നാഥൻ, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ അനന്യ സുധീർ, റെജിയ റിയാസ്, നിഹാൽ രാജ്, കെ.പി. ആദിഷ്, ടി.വി. റിതു രാജ് എന്നിവരെ അനുമോദിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ, പി.വി. ദിവാകരൻ, കേബിയാർ കണ്ണേട്ടൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.