മാതമംഗലം സംഭവം; സി.ഐ.ടി.യുവിന് പിന്തുണയുമായി എളമരം കരീം
text_fieldsപയ്യന്നൂർ: മാതമംഗലത്ത് സി.ഐ.ടി.യു സമരത്തെത്തുടർന്ന് സ്ഥാപനം അടച്ചുപൂട്ടിയ സംഭവത്തിൽ സി.ഐ.ടി.യുവിനെ ന്യായീകരിച്ച് എളമരം കരീം എം.പി. വെള്ളിയാഴ്ച 'ദേശാഭിമാനി'യിൽ എഴുതിയ ലേഖനത്തിലാണ് സംഘടനയെ ശക്തമായി ന്യായീകരിച്ചും സ്ഥാപന ഉടമയെ കുറ്റപ്പെടുത്തിയും സി.ഐ.ടി.യു നേതാവ് രംഗത്തെത്തിയത്.
കടയുടമയും തൊഴിലാളികളും തമ്മിൽ ചർച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയും ധനമന്ത്രി കെ.എൻ. ബാലഗോപാലും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തൊഴിലാളികളെ ന്യായീകരിച്ചും ഉടമയെ കുറ്റപ്പെടുത്തിയും എളമരം, പാർട്ടി പത്രത്തിൽ ലേഖനമെഴുതിയത്. കോടതി വിധിയെ കുറ്റപ്പെടുത്തിയ അദ്ദേഹം മാധ്യമങ്ങളെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
പൊലീസും വ്യാപാര സംഘടനകളും പലതവണ ഉടമയുമായി സംസാരിച്ചുവെങ്കിലും ഫലമുണ്ടായില്ലെന്നും സമാധാനാന്തരീക്ഷമുള്ള മാതമംഗലം സംഘർഷഭൂമിയാക്കാനുള്ള ശ്രമത്തിലാണ് ഉടമയെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. ഉടമ, സുഹൃത്തായ യൂത്ത് ലീഗ് പ്രവർത്തകനെ സ്ഥാപനത്തിലെത്തിച്ച് ചരക്ക് നീക്കാൻ ശ്രമം നടത്തി, സമരം ചെയ്യുന്ന തൊഴിലാളികളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചതായും സി.ഐ.ടി.യു നേതാവ് ആരോപിച്ചു.
നേരത്തെ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനും തൊഴിലാളികളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അതുകൊണ്ടുതന്നെ രമ്യമായ പ്രശ്നപരിഹാരം അസാധ്യമായിരിക്കുമെന്ന് മറുവിഭാഗം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, ചെറിയ വിട്ടുവീഴ്ച ചെയ്താലും പ്രശ്നം പരിഹരിക്കണമെന്നാണ് തുടക്കം മുതലുള്ള സി.ഐ.ടി.യു പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്.
കഴിഞ്ഞ വർഷം ആഗസ്റ്റ് രണ്ടിനാണ് എസ്.ആർ അസോസിയറ്റ് എന്ന പേരിൽ പ്രദേശത്ത് ഹാർഡ് വെയർ ഷോപ് ആരംഭിച്ചത്. ഇവിടെ കയറ്റിറക്ക് നടത്താൻ അനുവദിക്കുന്നില്ലെന്നാരോപിച്ച് ചുമട്ടുതൊഴിലാളികൾ രംഗത്തെത്തി. ഉടമ ഹൈകോടതിയെ സമീപിക്കുകയും സ്വന്തം നിലയിൽ കയറ്റിറക്ക് നടത്താൻ കോടതി ഇവർക്ക് അനുമതി നൽകുകയും ചെയ്തു. എല്ലാ കടയുടമകളും കോടതിയെ സമീപിച്ച് കയറ്റിറക്കിന് അനുമതി വാങ്ങിയാൽ തൊഴിലില്ലാതെ പട്ടിണിയിലാവുമെന്നാണ് സംഘടനയുയർത്തുന്ന മറുവാദം. ഇത് നിലവിലുള്ള തൊഴിൽ നിയമത്തിന് എതിരാണെന്നും തൊഴിലാളികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.