കണക്ക് വെറും കളിയല്ല ഈ അധ്യാപകന്
text_fieldsപയ്യന്നൂർ: കണക്കിൽ ചരിത്രമെഴുതി പ്രേംലാലിന്റെ ആറ് ശിഷ്യർ ഈ വർഷവും സംസ്ഥാന ഹയർ സെക്കൻഡറി ഗണിത ശാസ്ത്ര മേളയിലേക്ക്. തുടർച്ചയായി 10 വർഷത്തിലധികമായി ഇദ്ദേഹത്തിന്റെ ശിക്ഷണത്തിലുള്ള വിദ്യാർഥികൾ സംസ്ഥാന മത്സരത്തിൽ സാന്നിധ്യമറിയിക്കുന്നുണ്ട്.
ജില്ല ഗണിത ശാസ്ത്രമേളയിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ നാല് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് ആറു കുട്ടികൾ സംസ്ഥാനതല മത്സരത്തിന് അർഹത നേടിയത്. മത്സരിച്ച പത്തിൽ ബാക്കിയുള്ള നാലിനങ്ങളിൽ എഗ്രേഡും ഒരു സി ഗ്രേഡും നേടി. മാടായി ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ ഇദ്ദേഹത്തിലൂടെ 71 പോയന്റുമായി സ്കൂൾ ജില്ല ഓവറോൾ റണ്ണറപ്പായി.
ജില്ലതലത്തിൽ നമ്പർ ചാർട്ടിൽ റിയചന്ദ്രൻ, ജോമട്രിക്കൽ ചാർട്ടിൽ ടി.വി. ഹരിചന്ദന, സിഗിൾ പ്രോജക്ടിൽ വി. യുദുനന്ദന എന്നിവരും ഗ്രൂപ്പ് പ്രോജക്ടിൽ ഷഹമ പർവീൺ, ആയിഷ നസീർ എന്നിവരും ഒന്നാം സ്ഥാനം നേടിയപ്പോൾ എ.പി. നാഫിയ അദർ ചാർട്ടിൽ രണ്ടാം സ്ഥാനം നേടിയാണ് അടുത്ത മാസം നടക്കുന്ന സംസ്ഥാന മത്സരത്തിൽ മാറ്റുരക്കുക.
ഇതിനു പുറമെ ഒ.വി. ആദിത്യൻ (പ്യൂർ കൺസ്ട്രക്ഷൻ), ശ്രീനന്ദന വിജയൻ (ഗെയിം) എന്നിവയിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. വി.ആർ. ശ്രീഷ്, സി. മേഘ്ന, ഭാഗ്യ സുനിൽ എന്നിവർ വിവിധ കാറ്റഗറികളിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
2012 മുതൽ ഈ അധ്യാപകന്റെ ശിക്ഷണത്തിൽ വിദ്യാർഥികൾ സംസ്ഥാനതലത്തിൽ മത്സരിക്കുന്നുണ്ട്. ഇവരിൽ ഒന്നാം സ്ഥാനം നേടിയവരും നിരവധി. ഇതേ വർഷം മികച്ച മാഗസിനായി തെരഞ്ഞെടുത്തതും പ്രേംലാലിന്റെ വിദ്യാർഥികൾ തയാറാക്കിയ മാഗസിനാണ്.
ആധുനിക ഗണിതശാസ്ത്ര മേഖലക്ക് ഇന്ത്യയുടെ സംഭാവനയായ ശ്രീനി വാസ രാമാനുജനുള്ള ആദരമായി ഇറക്കിയ ജീനിയസ് എ ട്രിബ്യൂട്ട് എന്ന പേരിലുള്ള മാഗസിനാണ് സംസ്ഥാനതല പുരസ്കാരം മാതമംഗലം ഗവ ഹയർ സെക്കൻഡറിയിലെത്തിച്ചത്.
2013, 14 വർഷങ്ങളിൽ രണ്ടുപേർ സംസ്ഥാന മത്സരത്തിൽ പങ്കെടുത്തപ്പോൾ 2015ൽ ആറ് വിദ്യാർഥികളാണ് സംസ്ഥാനമത്സരത്തിൽ മാറ്റുരച്ചത്. ഇതിൽ ഒരാൾ ഒന്നാം സ്ഥാനവും ഒരാൾ രണ്ടാം സ്ഥാനവും നേടി. കഴിഞ്ഞ വർഷം മാടായി സ്കൂളിലെ അഞ്ചു വിദ്യാർഥികൾ സംസ്ഥാന മത്സരത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയിരുന്നു. ഈ വർഷം സഹ അധ്യാപിക ജി.രമ്യയും സഹായിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.