പാർവണേന്ദുമുഖീ...തിരുവാതിരയിൽ ചുവടുവെച്ച് പുരുഷന്മാർ
text_fieldsപയ്യന്നൂർ: ആൺ കുത്തകയായ പൂരക്കളിയിലും കോൽക്കളിയിലും ചുവടുവെച്ച് അംഗനമാർ ചരിത്രമെഴുതിയതിന് അത്യുത്തരകേരളം ഏറെ സാക്ഷ്യം വഹിച്ചതാണ്. എന്നാൽ, അംഗനമാർ മാത്രം അരങ്ങിലെത്തുന്ന തിരുവാതിരയിൽ ആൺകോയ്മ അധികമില്ല. ഈ ചരിത്രം മാറ്റിയെഴുതുകയാണ് കടന്നപ്പള്ളി കോട്ടത്തുംചാലിലെ ഈ വർഷത്തെ ഓണാഘോഷം.
സി.പി.എമ്മിന്റെ രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ ചേർന്ന് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലാണ് തിരുവാതിരയിൽ ചുവടുവെച്ച് പുരുഷന്മാർ കൈയടി നേടിയത്. പരിപാടിയോടനുബന്ധിച്ച് അരങ്ങേറിയ പുരുഷന്മാരുടെ തിരുവാതിരയും ഫ്യൂഷൻ ഡാൻസും ആഘോഷരാവിനെ ആവേശക്കടലാക്കി. 12 പേർ അടങ്ങുന്ന സംഘമാണ് തിരുവാതിരക്കളി അരങ്ങിലെത്തിച്ചത്. സി.പി.എം കോട്ടത്തുംചാൽ നോർത്ത്-സൗത്ത് ബ്രാഞ്ചുകളുടെ ആഭിമുഖ്യത്തിൽ നടന്ന ‘ഓണോത്സവം 23’ പരിപാടിയിലാണ് തിരുവാതിര അരങ്ങിലെത്തിയത്.
‘പാർവണേന്ദുമുഖീ പാർവതീ’ എന്ന പതിവ് പാട്ടിനു തന്നെയാണ് ഇവർ ചുവടുവെച്ചത്. കസവുമുണ്ടും സ്ത്രൈണ സമാനമായ മേക്കപ്പും ഒക്കെയായപ്പോൾ കളി കെങ്കേമമായി. പി.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 12 അംഗ കളിക്കാരിൽ എല്ലാവരും യുവാക്കൾ തന്നെ.
രാവിലെ മുതൽ നടന്ന മത്സര പരിപാടിയുടെ സമാപന സമ്മേളനം കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ബി. അബ്ദുല്ല സമ്മാനദാനം നിർവഹിച്ചു. പി.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. കെ.കെ. സുരേഷ്, സി.കെ. ശ്രീധരൻ എന്നിവർ സംസാരിച്ചു. പി.വി. സുരേന്ദ്രൻ സ്വാഗതവും മനോജ് കൈപ്രത്ത് നന്ദിയും പറഞ്ഞു. എൽ.എസ്.എസ്, യു.എസ്.എസ് വിജയികളെ അനുമോദിച്ചു. മഴവിൽ ഫോക് ബാൻഡ് കണ്ണൂരിന്റെ പകർന്നാട്ടം നാടൻപാട്ടുകളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.