മെഡിക്കൽ കോളജിൽ കോവിഡ് ഇതര ചികിത്സ കാര്യക്ഷമമാക്കണമെന്ന് മന്ത്രി
text_fieldsപയ്യന്നൂർ: കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡേതര രോഗികളുടെ ചികിത്സ ഉറപ്പുവരുത്തണമെന്ന് ആരോഗ്യമന്ത്രിയുടെ നിർദേശം. കോളജ് മേധാവികളോടാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ചികിത്സ കോവിഡ് രോഗികളിൽ മാത്രമായി ഒതുങ്ങുന്നുവെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ.
കോവിഡ് പ്രവർത്തന അവലോകനയോഗത്തിലായിരുന്നു മന്ത്രി കെ.കെ.ശൈലജ ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയത്. ഞായറാഴ്ച രാവിലെ 10.30ന് ആരംഭിച്ച യോഗം രണ്ടരമണിക്കൂറിലേറെ സമയം നീണ്ടുനിന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ട്രയാജിലെത്തുന്ന രോഗികൾ മുതൽ അഡ്മിഷൻ, തുടർന്നുള്ള ചികിത്സവരെ യോഗത്തി െൻറ വിഷയമായി.നിലവിൽ കോവിഡ് രോഗികളുടെ എണ്ണം ആശുപത്രിയിൽ കുറഞ്ഞിട്ടുണ്ട്. എന്നാൽ ഇനിയും വർധിച്ചാലും നേരിടാൻ പാകത്തിലുള്ള ജാഗ്രത കൈവിട്ടുകളയരുതെന്ന് മന്ത്രി നിർദേശിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആശുപത്രിയിൽ ഒരുക്കിയ വികസനമാറ്റങ്ങൾ യോഗം ചർച്ച ചെയ്തു. കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ ആശുപത്രിയിലെത്തുന്ന പൊതുജനങ്ങളും ജീവനക്കാരും കർശനമായി പാലിക്കണമെന്നും വിട്ടുവീഴ്ച ചെയ്യാൻ സമയമായിട്ടില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളജിലെ കോവിഡ് -കോവിഡേതര ചികിത്സാ മേഖലകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയ മന്ത്രി, ഉറക്കമൊഴിച്ചുൾപ്പടെ കഠിനപ്രയത്നം നടത്തുന്ന ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ചു. അങ്ങേയറ്റം പരിശ്രമിച്ച് ഗുരുതരാവസ്ഥയിൽ വെൻറിലേറ്റർ ചികിത്സ വേണ്ടിവന്ന പരമാവധി രോഗികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനായി സാധിച്ചിട്ടുണ്ട്. അത് തുടരണം. കോവിഡ് പോസിറ്റിവ് ഗർഭിണികളുടെ ചികിത്സയിലുണ്ടാക്കിയ നേട്ടങ്ങളെ ശ്ലാഘിച്ചു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. പി. സന്തോഷ്, എച്ച്.എസ്.എ ജോയൻറ് ഡയറക്ടർ ഡോ. ബിജോയി, ഡി.പി.എം ഡോ. പി.കെ. അനിൽ കുമാർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.കെ.എം. കുര്യാക്കോസ്, വൈസ് പ്രിൻസിപ്പൽ ഡോ.എസ്. രാജീവ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമാരായ ഡോ.ഡി.കെ. മനോജ്, ഡോ.വിമൽ റോഹൻ, ആർ.എം.ഒ ഡോ. എസ്.ആർ. സരിൻ, പീഡ് സെൽ നോഡൽ ഓഫിസർ ഡോ. എ.കെ. ജയശ്രീ, ഡോ.കെ.വി. പ്രമോദ്, ഡോ.എം.വി .ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.