കാലവര്‍ഷം കനക്കുന്നു, നാശവും
text_fieldsകണ്ണൂർ: കാലവർഷം കനത്തതോടെ ജില്ലയിൽ വ്യാപകനാശം. മൂന്നുദിവസത്തിനിടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയിലും കാറ്റിലും നിരവധി വീടുകൾ തകർന്നു.
കൃഷിയിടങ്ങളും വ്യാപകമായി നശിച്ചു. മലയോര മേഖലയിലാണ് വ്യാപകനാശം. നാലാഴ്ചക്കിടെ ജില്ലയില്‍ 49 വീടുകള്‍ ഭാഗികമായും ഒരുവീട് പൂര്‍ണമായും തകര്‍ന്നു. ഇരിട്ടി താലൂക്കിലാണ് കൂടുതൽ വീടുകൾ ഭാഗികമായി തകർന്നത്. 18 വീടുകൾക്ക് നാശനഷ്ടമുണ്ടായി.
തളിപ്പറമ്പ് താലൂക്കിലാണ് വീട് പൂർണമായി തകർന്നത്. വരുംദിവസങ്ങളിലും മഴ ശക്തമാകാനുള്ള സാധ്യതയുള്ളതിനാൽ ജില്ല ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും വൻമുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ട്. വിവിധ തീരങ്ങളിൽ കടാലാക്രമണവും രൂക്ഷമാണ്.
പയ്യന്നൂരിൽ ചൊവ്വാഴ്ചയുണ്ടായ ചുഴലിക്കാറ്റിലും കനത്ത മഴയിലും ഏഴോളം വീടുകൾ ഭാഗികമായി നശിച്ചു. നിരവധി ഹെക്ടർ സ്ഥലത്തെ കാർഷിക വിളകൾ നശിച്ചു. പലയിടത്തും വൈദ്യുതി തൂണുകൾ പൊട്ടിവീണ് വൈദ്യുതി ബന്ധം താറുമാറായി. മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. നഗരസഭയിലെ കോറോം കാനായി വള്ളിക്കെട്ട് പ്രദേശത്താണ് വൻ നാശനഷ്ടം. മലയോര മേഖലയായ കേളകത്ത് വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി. കനത്ത മഴയില്‍ വായന്നൂറിൽ വീട് തകര്‍ന്നു.
വായന്നൂരിലെ മൂലയില്‍ വിനുവിന്റെ വീടിന്റെ അടുക്കള ഭാഗമാണ് പൂര്‍ണമായി തകര്‍ന്നത്. വീടിനുള്ളിൽ ആളുകളുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചാല പനോന്നേരിയിൽ മതിലിടിഞ്ഞ് വീടിന് കേടുപാട് സംഭവിച്ചു. ഉയരത്തിൽ കെട്ടിയ കൽമതിലാണ് ചൊവ്വാഴ്ച രാത്രി ഇടിഞ്ഞുവീണത്.
വീഴ്ചയിൽ മൂന്ന് വൈദ്യുതി തൂണുകളും തകർന്നു. തളിപ്പറമ്പ് കുറ്റിക്കോലിൽ അംഗൻവാടിയുടെ മതിൽ തകർന്നും കരിമ്പത്ത് വീടിനോട് ചേർന്ന കിണർ ഇടിഞ്ഞുതാഴ്ന്നും നാശനഷ്ടമുണ്ടായി.
സംഭവ സമയത്ത് കുട്ടികൾ ക്ലാസ് മുറിയിലായിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൻ മുർഷിദ കൊങ്ങായി, വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ, സ്ഥിരം സമിതി അധ്യക്ഷൻ പി.പി. മുഹമ്മദ് നിസാർ, വാർഡ് കൗൺസിലർ വി. വിജയൻ തുടങ്ങിയവർ സന്ദർശിച്ചു. കുറുമാത്തൂർ പഞ്ചായത്ത് 12ാം വാർഡിൽ കരിമ്പത്തെ പി.പി. ജാനകിയുടെ വീട്ടിലെ കിണർ പൂർണമായി ഇടിഞ്ഞുതാഴ്ന്നു. കിണറിനോട് ചേർന്ന ശുചിമുറിയും അപകടാവസ്ഥയിലാണ്.
ഉരുൾപൊട്ടൽ ഭീതിയിൽ മലയോരം
കേളകം: കനത്തമഴ തുടരുന്ന മലയോരത്ത് ഉരുൾപൊട്ടൽ ഭീതിയിൽ ജനം. കേളകം, കൊട്ടിയൂർ, ആറളം, അയ്യംകുന്ന്, പഞ്ചായത്തുകളിലെ മലയോര പ്രദേശങ്ങളാണ് ഉരുൾപൊട്ടൽ ഭീതിയിലുള്ളത്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ മേഖലയിലെ പുഴകളിൽ ജലവിതാനം ഉയർന്നിട്ടുണ്ട്.
മഴ കനത്ത് പെയ്യുന്നതിനാൽ കൊട്ടിയൂർ -വയനാട്, നിടുംപൊയിൽ-വയനാട് ചുരം റോഡുകളിൽ മണ്ണിടിച്ചിൽ, പാറയിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് മലയോരപാതകളിൽ രൂപപ്പെട്ട വെള്ളക്കെട്ട് വാഹനയാത്രക്കാർക്ക് ദുരിതമായി.
നടാലിൽ വെള്ളം കയറി
എടക്കാട്: രണ്ടു ദിവസമായി തുടർച്ചയായി പെയ്ത മഴയിൽ നടാൽ ബസാർ വെള്ളത്തിൽ മുങ്ങി. പുഴക്കരയോട് ചേർന്ന് നിൽക്കുന്ന നടാൽ ബസാറിൽ വെള്ളംകയറുന്നത് ആദ്യമായാണെന്ന് നാട്ടുകാർ പറഞ്ഞു. നടാൽ റെയിൽവേ ഗേറ്റിന് സമീപം നാണാറത്ത് പുതിയ പാലത്തിന്റെ നിർമാണ സൗകര്യത്തിന് നിലവിലെ ഗതാഗതസംവിധാനം തുടരുന്നതിന് പുഴ മണ്ണിട്ട് നികത്തി താൽക്കാലിക റോഡ് നിർമിച്ചിരുന്നു. പുഴയുടെ ഒഴുക്കിന് തടസ്സമുണ്ടായതാണ് വെള്ളം കയറുന്നതിന് വഴിവെച്ചതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.
ബുധനാഴ്ച കണ്ണൂർ തഹസിൽദാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം പ്രദേശം സന്ദർശിച്ച് അടിയന്തര നടപടി സ്വീകരിച്ചു. മണ്ണുമാന്തി ഉപയോഗിച്ച് നിർമാണം നടക്കുന്ന പുതിയ പാലത്തിന് സമാന്തരമായി നിർമിച്ച താൽക്കാലിക റോഡിന്റെ ഒരു ഭാഗം മൂന്നുമീറ്റർ വീതിയിൽ ഇടിച്ചുനിരത്തി ചാലുകീറിയ ശേഷം പൊതുജനങ്ങൾക്ക് കാൽനടയാത്ര സൗകര്യത്തിന് വേണ്ടി ഇരുമ്പ് റാഡിൽ പാലം നിർമിച്ചിട്ടുണ്ട്. ഇതോടെ വെള്ളക്കെട്ട് വൈകീട്ടോടെ കുറഞ്ഞു.
പയ്യന്നൂരിൽ ലക്ഷങ്ങളുടെ നഷ്ടം
പയ്യന്നൂർ: പയ്യന്നൂർ താലൂക്ക് പരിധിയിലെ വിവിധ വില്ലേജുകളിൽ ചൊവ്വാഴ്ച വൈകീട്ടും രാത്രിയിലുമായി വീശിയടിച്ച ചുഴലിക്കാറ്റിലും കനത്ത മഴയിലും വൻനാശനഷ്ടം.
മരം വീണ് പി.കെ. രഘുനാഥിന്റെ വീടിന്റെ മുറിയും കെ. വിജീഷിന്റെ വീടിനു മുകളിലെ വാട്ടർ ടാങ്കും തകർന്നു. കെ. ഷിജിത്ത്, എൻ.ഇ. രാജേഷ്, പി. അജയൻ എന്നിവരുടെ വീടുകൾ മരം വീണ് തകർന്നു. ചെറുതാഴം വില്ലേജിൽ പടിഞ്ഞാറ്റ പുരയിൽ ഗോപാലകൃഷ്ണന്റെ വീടിന്റെ മുകളിലേക്ക് തേക്കുമരം വീണ് ഭാഗികമായി നാശം സംഭവിച്ചു.
രാമന്തളി വില്ലേജിലെ നീലാകരച്ചാലിൽ പി.വി. പവിത്രന്റെ വീടിനു മുകളിൽ മരം പൊട്ടിവീണു. കാനായി വള്ളിക്കെട്ടിലെ ബിന്ദുവിന്റെ ഉടമസ്ഥതയിലുള്ള വനിത ഹോട്ടലിന്റെ മേൽക്കൂര തകർന്നുവീണു.
വയക്കര വില്ലേജിൽ പെരുംകുടൽ പാമ്പൻ കല്ല് ഹിൽടോപ് കടവ് റോഡിൽ ഈട്ടിക്കൽ രാജൻറ വീട്ടുമതിൽ ഇടിഞ്ഞ് തൊട്ടടുത്ത് താമസിക്കുന്ന ചങ്ങല വളപ്പിൽ സന്തോഷിന്റെ വീട്ടിലേക്ക് വീണു. 20 മീറ്ററോളം നീളത്തിലുള്ള മതിലാണ് വീണത്. തിരുമേനി വില്ലേജിൽ താന്നിച്ചാലിൽ ജയ്മോന്റെ വീടിന്റെ മതിലിടിഞ്ഞ് സുകുമാരന്റെ വീടിന്റെ പിറകുവശത്ത് വീണു.
കാനായിയിൽ പി.കെ. രാമചന്ദ്രൻ, കെ. ശ്രീദേവി, ടി. പ്രേമൻ, ടി. മോഹനൻ, ടി.വി പ്രീത, പി.യു. നാരായൺ, എൻ.ഇ. അമ്മിണി, എസ്.യു. പാർവതി, എസ്.യു. സരള, പോത്തേര ശാന്ത, പി. കമലാക്ഷൻ, പി. അജയൻ, ടി. ഓമന എന്നിവർക്കാണ് കൃഷിനാശം സംഭവിച്ചത്. റബർ, കവുങ്ങ്, വാഴ, തെങ്ങ് എന്നിവയാണ് നശിച്ചത്. ഇതിനു പുറമെ വീട്ടുപറമ്പുകളിലെ പ്ലാവ്, തേക്ക് തുടങ്ങിയവയും കടപുഴകി.
പയ്യന്നൂർ നഗരസഭ പരിധിയിൽ നാശനഷ്ടം സംഭവിച്ച വീടുകളിലും പ്രദേശങ്ങളിലും നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിതയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. വിശ്വനാഥൻ, കൗൺസിലർ കെ.എം. സുലോചന, മുൻ കൗൺസിലർ എം. വാസന്തി, വി.വി. ഗിരീഷ്, പി. ഗംഗാധരൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
കേളകം: കനത്ത മഴയെ തുടർന്ന് അടക്കാത്തോട് -ശാന്തിഗിരി റോഡിൽ മതിൽ ഇടിഞ്ഞ് ഗതാഗത തടസ്സം. ശാന്തിഗിരി റോഡിലെ പ്ലാക്കാട് സന്തോഷിന്റെ വീടിന് സമീപത്തെ കെട്ട് ഇടിഞ്ഞ് റോഡിലേക്ക് പതിച്ചതാണ് കാരണം. ചെറിയ വാഹനങ്ങൾക്ക് തടസ്സമില്ലെങ്കിലും വലിയ വാഹനങ്ങൾക്ക് നിലവിൽ കടന്നുപോകാൻ പ്രയാസമാണ്.
കേളകം: കനത്ത കാറ്റിൽ മരം പൊട്ടിവീണ് അടക്കാത്തോടിൽ വൈദ്യുതി മുടങ്ങി. അടക്കാത്തോട് ടെലിഫോൺ എക്സ്ചേഞ്ചിന് സമീപമാണ് മരം വൈദ്യുതി ലൈനിലേക്ക് പൊട്ടിവീണത്.
മലയോരത്ത് പാലങ്ങൾ വെള്ളത്തിൽ; കാറ്റിൽ നാശം
ഇരിട്ടി: മഴയിൽ പുഴ കരകവിഞ്ഞ് വയത്തൂർ പാലവും മാട്ടറ ചപ്പാത്ത് പാലവും വെള്ളത്തിനടിയിലായി. ഇതേതുടർന്ന് മേഖലയിൽ ഗതാഗതം നിലച്ചു. മഴ ശക്തമായി തുടർന്നാൽ മലയോരത്തെ മറ്റ് പാലങ്ങളും വെള്ളത്തിലാവുമെന്ന ആശങ്കയുണ്ട്. ഇതോടെ മലയോരം ഒറ്റപ്പെടാനുള്ള സാധ്യതയുണ്ട്. വിളമന ഉദയഗിരിയിൽ കനത്ത മഴയിലും കാറ്റിലും മരം പൊട്ടിവീണ് വീടിന് കേടുപാടുപറ്റി. പൂതക്കുഴിയിൽ സുകുമാരന്റെ വീടാണ് മരം വീണ് ഭാഗികമായി തകർന്നത്.
ബുധനാഴ്ച പുലർച്ചയാണ് അപകടം. വീടിനോട് ചേർന്നുള്ള അയൽക്കാരന്റെ പുരയിടത്തിലെ മരമാണ് കടപുഴകിയത്. തലശ്ശേരി–ബംഗളൂരു പാതയിലെ മാക്കൂട്ടം ചുരത്തിൽ മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. തലശ്ശേരി -വളവുപാറ റോഡിലെയും ചുരം പാതയിലെയും അപകടവസ്ഥയിലായ മരങ്ങൾ മുറിച്ച് മാറ്റാത്തതിനാൽ കാറ്റിൽ കടപുഴകി വീണ് അപകടം ഉണ്ടാകാനുള്ള സാധ്യതയുമേറെയാണ്.
കിണര്‍ ഇടിഞ്ഞുതാഴ്ന്നു
മട്ടന്നൂര്‍: കനത്ത മഴയില്‍ കാരയിലെ എം.കെ. രവീന്ദ്രന്റെ വീടിനോട് ചേര്‍ന്നുള്ള കിണറ ഇടിഞ്ഞുതാഴ്ന്നു. 27 കോല് ആഴമുള്ള കിണറിന്റെ പകുതിഭാഗവും ഇടിഞ്ഞ് താഴ്ന്നതിനെ തുടര്‍ന്ന് വീട് അപകടാവസ്ഥയിലായി. റവന്യൂ അധികൃതരും നഗരസഭ ചെയര്മാന് എന്‍. ഷാജിത്ത് മാസ്റ്ററും ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.