‘പൊടിപാറി’ ദേശീയപാത നിർമാണം; ദുരിതം തിന്ന് ജനം
text_fieldsപയ്യന്നൂർ: ദേശീയപാത വികസനം തകൃതിയായി നടക്കുമ്പോൾ പൊടിതിന്ന് ജനം വലയുന്നു. കാൽനടയാത്രക്കാർ മാത്രമല്ല, ഓട്ടോറിക്ഷ, ബസ്, ഇരുചക്രവാഹനങ്ങൾ തുടങ്ങി തുറന്ന വാഹനങ്ങളിലെ യാത്രക്കാരും ജീവനക്കാരും പൊടി മൂലം ദുരിതംപേറുകയാണ്.
ഓട്ടോറിക്ഷ തൊഴിലാളികളും മറ്റും രാവിലെ മുതൽ വൈകീട്ട് വരെ പൊടിയിൽ മുങ്ങിക്കുളിക്കുകയാണ്. ദേശീയപാതയോരത്ത് പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷ തൊഴിലാളികളും ഇതര ചെറുവാഹനങ്ങളിലെ ഡ്രൈവർമാരും പ്രയാസത്തിലാണ്. പലരും അലർജിയുടെയും ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെയും പിടിയിലാണ്.
പരിയാരത്തിനും കരിവെള്ളൂരിനുമിടയിൽ ദേശീയപാത വികസന പ്രവൃത്തി വേഗത്തിലാണ് നടക്കുന്നത്. 20 കി.മീറ്ററിലധികം വരുന്ന പാതയുടെ പകുതിയിലധികം ഭാഗവും അവസാന ഘട്ടത്തിലാണ്.
ടാറിങ് പൂർണമാകാത്തതും സർവിസ് റോഡിന്റെ അസൗകര്യവുമാണ് പൊടി സൃഷ്ടിക്കുന്നത്. കണ്ണൂർ ഗവ .മെഡിക്കൽ കോളജ്, ആയുർവേദ കോളജ് സ്റ്റോപ്പുകളിൽ അടുത്ത കാലത്താണ് പണി തുടങ്ങിയത്. ഇതുമൂലം ഇവിടെ വൻതോതിൽ മണ്ണിടുന്നത് പൊടി രൂക്ഷമാകാൻ കാരണമാണ്.
പിലാത്തറ കെ.എസ്.ടി.പി റോഡിൽ മേൽപാലവും ചിലയിടങ്ങളിൽ അടിപ്പാലവും വരുന്നതിനാൽ പിലാത്തറ ടൗണിലെയും വിളയാങ്കോട്ടെയും ഉൾപ്പെടെ പ്രദേശങ്ങളിലെ പ്രവൃത്തി മന്ദഗതിയിലാണ്. പാലത്തിന്റെ തൂണുകളുടെ പണി അന്തിമഘട്ടത്തിലാണെങ്കിലും പിലാത്തറ, വിളയാങ്കോട് ഭാഗങ്ങളിൽ പണി തുടരുന്നതിനാൽ പൊടിശല്യം രൂക്ഷമാണ്.
പീരക്കാംതടം മുതൽ എടാട്ട് വരെയുള്ള ഭാഗങ്ങളിലും വെള്ളൂരിലും ടാറിങ് പ്രവൃത്തി അന്തിമഘട്ടത്തിലാണ്. എന്നാൽ, ചിലയിടങ്ങളിൽ സർവിസ് റോഡ് നിർമാണം പൂർത്തിയായിട്ടില്ല. ഇത് പൊടിപാറാൻ കാരണമാകുന്നു. പുതിയപാത പയ്യന്നൂർ നഗരത്തെ തൊടാതെയാണ് കടന്നുപോകുന്നത്. കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ കണ്ണങ്ങാടു നിന്ന് വഴിമാറി സഞ്ചരിക്കുന്ന പാത നിലവിലുള്ള പാതയുമായി സന്ധിക്കുന്നത് വെള്ളൂർ വില്ലേജിൽ കോത്തായിമുക്കിന് പടിഞ്ഞാറുവശത്താണ്. അതുകൊണ്ട് പാത തൊടാത്ത ഭാഗങ്ങളിൽ മാത്രമാണ് പൊടിശല്യമില്ലാത്തത്. വെള്ളൂർ മുതൽ ജില്ല അതിർത്തി വരെയുള്ള ഭാഗങ്ങളിൽ വൻ പൊടിശല്യമാണ്.
കേന്ദ്ര ഗതാഗത സഹമന്ത്രി കഴിഞ്ഞ വർഷമറിയിച്ചതു പ്രകാരം 2026 ആവുമ്പോഴേക്കും കണ്ണൂർ, കാസർകോട് ജില്ലയിലെ പാതയുടെ പണി പൂർത്തിയാവുന്ന നിലയിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. അതുവരെ നാട് പൊടിയിൽ കുളിക്കേണ്ട സ്ഥിതിയാണുള്ളത്. വൻതോതിൽ പൊടിയുള്ള ഭാഗങ്ങളിൽ വെള്ളം തളിച്ച് നിയന്ത്രിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.