ദേശീയപാത വികസനം; മുറിവേറ്റ് അലക്യം തോട്
text_fieldsപയ്യന്നൂർ: ദേശീയപാത വികസനത്തിൽ മുറിവേറ്റ് അലക്യം തോട്. നിരവധി ഗ്രാമങ്ങളുടെ ജലസ്രോതസാണ് വികസനത്തിൽ തട്ടി ഒഴുക്കു മുറിഞ്ഞത്. പരിയാരം ഗ്രാമ പഞ്ചായത്തിന്റെ അതിർത്തിയിൽനിന്നുദ്ഭവിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളജിനു മുന്നിലൂടെ ചെറുതാഴം, കടന്നപ്പള്ളി ഗ്രാമപഞ്ചായത്തുകൾക്കും ഒരു കിലോമീറ്ററിലധികം ദേശീയ പാതക്കും അതിരിട്ടും ഒഴുകുന്ന തോടാണ് പാത വികസനത്തിന്റെ ഭാഗമായി തടഞ്ഞത്. കുറേഭാഗം തോട് പൂർണമായും റോഡിനിടയിലൂടെ ഒഴുക്കിവിടാനാണ് തീരുമാനം.
പാതയുടെ തടയലിനു പുറമെ മാലിന്യത്തില്‍നിന്ന് മോക്ഷം കിട്ടാതെയാണ് തോട് കടുത്ത വേനലിലും വറ്റാതെ ഒഴുകുന്നത്. തോട് സംരക്ഷണത്തിനായി പല പദ്ധതികളും തയാറാക്കിയെങ്കിലും കാലമിത്ര കഴിഞ്ഞിട്ടും ഒന്നുംതന്നെ നടപ്പാക്കിയിട്ടില്ല. ഇപ്പോൾ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഗവ. മെഡിക്കൽ കോളജിലെ സീവേജ് പ്ലാന്റിൽനിന്നുള്ള മലിനജലം പേറിയാണ് തോടൊഴുകുന്നത്. തോട് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നിരവധി നടത്തിയെങ്കിലും ഇതുവരെ ഒന്നും ഫലം കണ്ടില്ല. ചെറുതാഴം, കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തുകളിലെ ഭൂഗർഭജല സ്രോതസ്സാണ് ഈ തോട്.
കൃഷി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു. പരിയാരം ആയുര്‍വേദ കോളജിലേക്ക് ശുദ്ധജലം സംഭരിക്കുന്ന കിണര്‍ സ്ഥിതിചെയ്യുന്നതും തോടിന് അരികിലാണ്. ശുചിമുറിമാലിന്യം ഉൾപ്പെടെ ഈ തോട്ടിലേക്ക് ഒഴുകിവരുകയാണ്. ഇത് വെള്ളത്തെയും ചെറുമീനുകൾ ഉൾപ്പെടെയുള്ള ജീവജാലങ്ങളെയും പ്രകൃതിയെയും ഏറെ ബാധിക്കുന്നു.
കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും തോട്ടിലെ വെള്ളത്തിൽ കണ്ടെത്തിയിട്ടുണ്ട്. തോടിന് ഭിത്തികെട്ടി സംരക്ഷിക്കാനും ദേശീയപാതയില്‍ കാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു.
എന്നാൽ, ഇതൊന്നും നാളിതുവരെയായി നടപ്പാക്കിയിട്ടില്ല. വറ്റാത്ത ഉറവ നിലനിർത്താൻ നാടൊന്നിച്ച് അണിനിരന്നാലേ തോടിന് മോക്ഷം കിട്ടൂവെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.