നവരാത്രിക്ക് ഇന്ന് തുടക്കം; ഇക്കുറിയും നിറംമങ്ങിയ ആഘോഷം
text_fieldsപയ്യന്നൂർ: ഈ വർഷത്തെ നവരാത്രി ആഘോഷത്തിന് വ്യാഴാഴ്ച തുടക്കമാവും. ഈ മാസം 15ന് വിജയദശമി വരെ നീളുന്ന ആഘോഷത്തിന് രണ്ടാം കോവിഡ് കാലമായ ഈ വർഷവും നിറപ്പൊലിമ ഉണ്ടാവില്ല. മിക്ക ക്ഷേത്രങ്ങളിലും പേരിനുമാത്രമായിരിക്കും ആഘോഷം. എന്നാൽ, ദേവീക്ഷേത്രങ്ങളിൽ നടക്കാറുള്ള ആചാരാനുഷ്ഠാനങ്ങൾ മുടക്കമില്ലാതെ നടക്കും.
ഗ്രന്ഥപൂജ, വിദ്യാരംഭം തുടങ്ങിയ ചടങ്ങുകൾക്ക് മലബാർ ദേവസ്വം ബോർഡ് പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതുപ്രകാരം ഗ്രന്ഥങ്ങൾ ശേഖരിക്കാനും നൽകാനും പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കണം. പുസ്തകങ്ങൾ അണുനാശനത്തിന് നടപടി സ്വീകരിക്കണം. വിദ്യാരംഭം രക്ഷിതാക്കളുടെ മടിയിലിരുത്തി വേണം ചെയ്യാൻ. കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കണം. വാഹനപൂജ, പ്രസാദ വിതരണം തുടങ്ങിയവക്കും പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുണ്ട്.പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രം, ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം, കരിവെള്ളൂർ പലിയേരി മൂകാംബിക ക്ഷേത്രം തുടങ്ങി നിരവധി ദേവീക്ഷേത്രങ്ങളിലും ഇതരക്ഷേത്രങ്ങളിലും നവരാത്രി പ്രത്യേക പൂജകളാേടെ നടത്തിവരാറുണ്ട്. വൻ ആഘോഷങ്ങളും പതിവാണ്. എന്നാൽ, ഇക്കുറിയും ആഘോഷപ്പൊലിമയുണ്ടാവില്ല. പെരിങ്ങോം പോത്താങ്കണ്ടം ആനന്ദഭവനത്തിൽ അധിക ആഘോഷങ്ങളില്ലാതെ ഇക്കുറി നവരാത്രി പരിപാടികൾ ഉണ്ടാകുമെന്ന് സ്വാമി കൃഷ്ണാനന്ദ ഭാരതി അറിയിച്ചു. ശനിയാഴ്ച വൈകീട്ട് 6.30ന് സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം മുൻ എം.എൽ.എ ടി.വി. രാജേഷ് നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.