നെടുമുടി: വടക്കിെൻറ കളിയാട്ട വേദിയെ നെഞ്ചോടണച്ച കലാകാരൻ
text_fields
പയ്യന്നൂർ: അഭിനയകലയുടെ കൊടുമുടിയിൽ വിരാജിക്കുമ്പോഴും നാടൻകലയുടെ മുന്നിൽ വിനീതവിധേയനായി നിന്നിരുന്ന തലക്കനമില്ലാത്ത കലാകാരനാണ് നെടുമുടി വേണു. ഈ എളിമതന്നെയാണ് അത്യുത്തര കേരളത്തിലെ കളിയാട്ടക്കാവുകളെ ഹൃദയത്തിലേറ്റുവാങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും.
കണ്ണൂർ, കാസർകോട് ജില്ലകളിലെ പെരുങ്കളിയാട്ട വേദികൾ എന്നും അദ്ദേഹത്തിന് പ്രിയപ്പെട്ട ഇടമായിരുന്നു. അനവധി പെരുങ്കളിയാട്ടങ്ങളുടെ സാംസ്കാരിക സമ്മേളനങ്ങളുടെ തിരികൊളുത്താൻ നിയോഗിതനായത് ഈ ഇഴയടുപ്പം തന്നെ കാരണം. കളിയാട്ട വേദിയിലേക്ക് വിളിച്ചാൽ തിരക്കുകൾ മാറ്റി അദ്ദേഹമെത്താറുണ്ട്.
എന്നാൽ, സാംസ്കാരിക വേദിയിൽ നിന്ന് മടങ്ങാതെ പാദരക്ഷകൾ ഊരിവെച്ച് തെയ്യമുറയുന്ന കാവിനു മുന്നിലെത്തി മണിക്കൂറുകളോളം കാഴ്ചയാസ്വദിക്കുന്നത് പതിവുകാഴ്ച. തെയ്യത്തിന് മുന്നിലെത്തി മഞ്ഞൾക്കുറി വാങ്ങി നെറ്റിയിൽ ചൂടാനും ഇദ്ദേഹത്തിന് മടിയില്ല. പ്രസംഗത്തിൽ വടക്കെൻറ തനതുകലയെ ഉത്കൃഷ്ടമെന്ന് വിശേഷിപ്പിക്കാനും പിശുക്കുകാണിക്കാറില്ല.നന്മയെ അംഗീകരിക്കാനുള്ള മനസ്സുതന്നെയാണ് ഇതര കലാകാരന്മാരിൽനിന്ന് നെടുമുടിയെ മാറ്റിനിർത്തുന്നതും. തെയ്യത്തിെൻറ ചടുലതാളവും തോറ്റംപാട്ടിെൻറ അഭൗമ സൗന്ദര്യവും അണിയലത്തിെൻറ വർണ സംഘലനവും നെടുമുടിയുടെ പ്രസംഗത്തിൽ കടന്നുവരാറുണ്ട്. കാവാലത്തിെൻറ ചവിട്ടുനാടകങ്ങളും പടയണിയുടെയും മറ്റും ദ്രുതചലനങ്ങളും കണ്ടും അനുഭവിച്ചും വളർന്ന കലാകാരൻ തെയ്യത്തിെൻറ അനുപമ സൗന്ദര്യത്തെ അംഗീകരിക്കുന്നത് സ്വാഭാവികം.
മലയാളഭാഷ പാഠശാല ഡയറക്ടർ ടി.പി. ഭാസ്കര പൊതുവാൾ മാഷുമായുള്ള അടുപ്പമാണ് നെടുമുടി വേണുവിനെ കണ്ണൂർ, കാസർകോട് ജില്ലകളിലെ സാംസ്കാരിക പരിപാടികളിൽ സജീവ സാന്നിധ്യമാക്കിയത്. ആഴ്ചയിലൊരിക്കലെങ്കിലുമുള്ള പൊതുവാൾ മാഷേ എന്ന വിളികൂടിയാണ് ഇല്ലാതായതെന്ന് ഭാസ്കര പൊതുവാൾ ഫേസ് ബുക്കിൽ കുറിച്ചു.ചലച്ചിത്ര പ്രേക്ഷകർക്കു മാത്രമല്ല, സാധാരണ ഗ്രാമീണർക്കുപോലും പ്രിയങ്കരനായി വേണു മാറിയതും ഈ പെരുമാറ്റം തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.