പയ്യന്നൂരിന് പുതിയ ബസ് സ്റ്റാൻഡ്; കടമെടുക്കാൻ സർക്കാർ അനുമതി
text_fieldsപയ്യന്നൂർ: നീണ്ട കാത്തിരിപ്പിനൊടുവിൽ പയ്യന്നൂരിൽ പുതിയ ബസ് സ്റ്റാൻഡ് യാഥാർഥ്യമാവുന്നു. കടമെടുക്കാൻ സർക്കാർ അനുമതിയായി. സാങ്കേതികാനുമതി ലഭിച്ച ഉടൻ നിർമാണം ഊരാളുങ്കൽ സൊസൈറ്റിയെ ചുമതലപ്പെടുത്താനും അനുമതിയായതായി ചെയർപേഴ്സൻ കെ.വി. ലളിത ബുധനാഴ്ച നടന്ന നഗരസഭ യോഗത്തിൽ അറിയിച്ചു. നിലവിലുള്ള ഭരണസമിതിയുടെ കാലാവധിക്കുള്ളിൽ തന്നെ പൂർത്തിയാക്കുമെന്നും നഗരസഭ ചെയർപേഴ്സൻ പറഞ്ഞു. യാർഡ്, ടോയ്ലറ്റ് സൗകര്യം ഇവയായിരിക്കും തുടക്കത്തിൽ പൂർത്തിയാക്കുക.
നിർമാണത്തിനായി ഹഡ്കോയിൽ നിന്ന് 4.5 കോടി രൂപ വായ്പടുക്കും. തിരിച്ചടവിൽ വീഴ്ചയുണ്ടായാൽ നഗരസഭയുടെ ജനറൽ പർപ്പസ് ഫണ്ടിൽനിന്ന് പിടിച്ച് ഹഡ്കോക്ക് നൽകുമെന്നും അനുമതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടു പതിറ്റാണ്ടു കാലം മുമ്പ് തുടങ്ങിയ പുതിയ ബസ് സ്റ്റാൻഡ് നിർമാണം എന്ന് പൂർത്തിയാകുമെന്നാണ് ജനങ്ങൾക്ക് അറിയേണ്ടതെന്നും പ്രവൃത്തി സമയ ബന്ധിതമായി പൂർത്തിയാക്കണമെന്നും യോഗത്തിൽ പ്രതിപക്ഷ നേതാവ് കെ.കെ. ഫൽഗുനൻ ആവശ്യപ്പെട്ടു. കരാർ ഒപ്പിടുന്നതോടെ മാത്രമേ കൃത്യമായ തിയതി പറയാൻ കഴിയുകയുള്ളുവെന്നും നിർമാണത്തിനുള്ള സാങ്കേതിക അനുമതിക്കായി ചീഫ് എൻജിനീയർക്ക് സമർപ്പിച്ചിരിക്കുകയാണെന്നും ചെയർപേഴ്സൻ വ്യക്തമാക്കി.
കഴിഞ്ഞ ജനുവരി നാലിന് നടന്ന കൗൺസിൽ യോഗമാണ് പ്രവൃത്തിയുടെ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകാനും അഞ്ചു കോടി രൂപ അടങ്കൽ തുക വരുന്ന പദ്ധതിക്ക് ഹഡ്കോയിൽ നിന്ന് 4.5 കോടി രൂപ വായ്പ വാങ്ങുന്നതിനും സർക്കാറിൽ നിന്ന് അംഗീകാരം ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കാൻ തീരുമാനിച്ചത്. 9.5 ശതമാനം പലിശ നിരക്കിൽ 14 വർഷമാണ് വായ്പ കാലാവധി. നാലു കർഷക തൊഴിലാളി പെൻഷൻ അപേക്ഷകളിൽ ഒന്നും 81 പേർക്ക് വർധക്യകാല പെൻഷനും അനുവദിക്കാൻ യോഗം അനുമതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.