മരക്കഷണം വിഴുങ്ങിയ കുഞ്ഞിന് ശസ്ത്രക്രിയ വഴി പുതുജീവിതം
text_fieldsപയ്യന്നൂർ: അബദ്ധത്തിൽ മരക്കഷണം വിഴുങ്ങിയതിനെത്തുടർന്ന് ശ്വാസതടസ്സം നേരിട്ട് ഗുരുതരാവസ്ഥയിലായ എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിന് കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയിലൂടെ പുതുജീവൻ. അമ്മയുടെ സമീപത്തായി അടുക്കളയിൽ കളിച്ചുകൊണ്ടിരിക്കെ കൈയിൽ കിട്ടിയ മരക്കഷണം കുഞ്ഞ് വായിലേക്കിടുകയായിരുന്നു. കുട്ടിയുടെ അമ്മ വായിൽ കൈയിട്ട് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് കുട്ടി വല്ലാതെ ചുമക്കുകയും ശ്വാസതടസ്സം നേരിടുകയുമായിരുന്നു. പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകിയശേഷം, കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി.
ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ടോടെയാണ് കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിൽനിന്ന് ഈ പിഞ്ചുകുഞ്ഞിനെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. അടിയന്തര പരിശോധനയിൽ വലത്തെ ശ്വാസകോശത്തിൽ എന്തോ ഒന്ന് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. എന്താണ് വിഴുങ്ങിയതെന്ന് അപ്പോഴും കുട്ടിയുടെ രക്ഷിതാക്കൾക്ക് അറിയുമായിരുന്നില്ല. ശ്വാസതടസ്സം വർധിക്കുന്നത് പ്രതിസന്ധിയായേക്കുമെന്നതിനാൽ അടിയന്തരമായി അത്യാധുനിക കാമറ സഹിതമുള്ള നവീന റിജിഡ് ബ്രോങ്കോസ്കോപ്പി നടത്തി, ശ്വാസകോശത്തിൽ കുടുങ്ങിക്കിടന്ന മരക്കഷണം പുറത്തെടുക്കുകയായിരുന്നു.
എട്ടുമാസം മാത്രം പ്രായമുള്ള കുട്ടിയായതിനാൽ നിസ്സഹകരണമുണ്ടായാൽ ശ്വാസകോശത്തിൽ കുടുങ്ങിയ വസ്തു പുറത്തെടുക്കുന്നതിൽ സങ്കീർണത വർധിപ്പിച്ചേക്കുമെന്നതിനാലും ശ്വാസോച്ഛ്വാസം പൂർവസ്ഥിതിയിലാക്കാൻ അടിയന്തര ചികിത്സ ആവശ്യമായിരുന്നതിനാലും അനസ്തേഷ്യ നൽകിയശേഷമാണ് ചികിത്സ നടത്തിയതെന്ന് പ്രിൻസിപ്പൽ ഡോ. കെ. അജയകുമാറും ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപും അറിയിച്ചു. ശ്വാസകോശ വിഭാഗത്തിലെ ഡോ.ഡി.കെ. മനോജ്, ഡോ. രാജീവ് റാം, ഡോ. കെ. മുഹമ്മദ് ഷഫീഖ്, ശിശുരോഗ വിഭാഗത്തിലെ ഡോ. എം.ടി.പി. മുഹമ്മദ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ചാൾസ് തോമസ്, ഡോ. ബഷീർ മണ്ഡ്യൻ എന്നിവരുൾപ്പെട്ട മെഡിക്കൽ സംഘമാണ് ചികിത്സ നടത്തിയതെന്ന് പ്രിൻസിപ്പലും സൂപ്രണ്ടും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.