ഹക്കീം വധത്തിന് ഒമ്പതാണ്ട് ; സി.ബി.ഐ വന്നിട്ടും നേരറിഞ്ഞില്ല
text_fieldsപയ്യന്നൂർ: ഏറെ കോളിളക്കം സൃഷ്ടിച്ച പയ്യന്നൂർ തെക്കേ മമ്പലത്തെ അബ്ദുൽ ഹക്കീമിന്റെ അരുംകൊലക്ക് ഒമ്പതാണ്ട്. കേരള പൊലീസ് മാറി മാറി അന്വേഷിച്ചിട്ടും ഫലം കാണാത്ത കേസിൽ സി.ബി.ഐ എത്തിയിട്ടും യഥാർത്ഥ പ്രതികൾ നിയമത്തിന്റെ മുന്നിലെത്തിയില്ല.
2014 ഫെബ്രുവരി 10ന് പുലർച്ചെയാണ് ഹക്കീമിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കൊറ്റി ജുമാ മസ്ജിദ് പറമ്പിൽ മദ്റസക്ക് സമീപം കണ്ടെത്തിയത്. തൊട്ടടുത്തുണ്ടായിരുന്ന ബനിയനാണ് മരിച്ചത് മസ്ജിദിലെ വാടക പിരിവുകാരനായ ഹക്കീമാണെന്ന് തിരിച്ചറിയാൻ സഹായകമായത്. അവശേഷിച്ച മൃതദേഹാവശിഷ്ടം തിരുവനന്തപുരം ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. പരിയാരം മെഡിക്കൽ കോളജ് പൊലീസ് സർജൻ ഡോ. എസ്. ഗോപാലകൃഷ്ണപിള്ളയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലക്കടിയേറ്റതാണ് മരണകാരണമെന്ന് വ്യക്തമാക്കിയതോടെ കൊലപാതകത്തിന് കേസെടുത്തു.
തുടക്കം മുതൽ പൊലീസ് അന്വേഷണത്തിൽ അനാസ്ഥ കാണിച്ചതായി നാട്ടുകാർ ആരോപിച്ചു. പൊലീസ് അന്വേഷണം ഇടക്കുവെച്ച് നിലച്ചത് പ്രതിഷേധത്തിനിടയാക്കി. പയ്യന്നൂർ കണ്ട ഏറ്റവും വലിയ സമരം വിവിധ ഘട്ടങ്ങളിൽ അരങ്ങേറിയതോടെ ആദ്യം പ്രത്യേക അന്വേഷണ സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. എന്നാൽ, പ്രതികളെ പിടികൂടാനായില്ല. ഈ സാഹചര്യത്തിൽ ഹക്കീമിന്റെ കുടുംബവും ആക്ഷൻ കമ്മിറ്റിയും ഹൈകോടതിയെ സമീപിച്ചു. ഹൈകോടതി കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു. ഇതുപ്രകാരം 2015 ഒക്ടോബറിൽ കേസന്വേഷണം സി.ബി.ഐ ഏറ്റെടുത്തു.
സി.ബി.ഐ കേസിൽ നാലുപേരെ അറസ്റ്റു ചെയ്തുവെങ്കിലും കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായവരെ കണ്ടെത്താനായില്ലെന്നാണ് പറയപ്പെടുന്നത്. അറസ്റ്റിലായവർ 90 ദിവസത്തെ റിമാൻഡ് കഴിഞ്ഞ് ജാമ്യത്തിലിറങ്ങി. ഇതിനിടയിൽ മറ്റ് പ്രതികളെ കണ്ടെത്താനോ വേണ്ടത്ര തെളിവുകൾ ശേഖരിക്കാനോ അന്വേഷണ സംഘത്തിനായില്ല. നേരത്തെ ക്രൈംബ്രാഞ്ച് സംഘത്തെ സ്വാധീനിക്കാനുള്ള ശ്രമം നടന്നതായും പരാതി ഉയർന്നു.
അതേസമയം, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. സന്തോഷ് കുമാറും സി.ഐ അബ്ദുൽ റഹീമും ഉൾപ്പെടുന്ന സംഘം അന്വേഷണത്തിൽ ഏറെ മുന്നേറിയിരുന്നതായി സൂചനയുണ്ടായിരുന്നു. ഇതിനിടയിലാണ് അന്വേഷണം മന്ദഗതിയിലായതും കേസ് സി.ബി.ഐ ഏറ്റെടുത്തതും. സി.ബി.ഐ വന്നതോടെ കൊലക്ക് പിന്നിൽ പ്രവർത്തിച്ചവർ നിയമത്തിന്റെ മുന്നിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാരും ഹക്കീമിന്റെ കുടുംബവും. മുഖം രക്ഷിക്കാൻ നാലുപേരെ അറസ്റ്റ് ചെയ്തതെല്ലാതെ സി.ബി.ഐ.യുടെ തുടർ അന്വേഷണവും ലോക്കൽ പൊലീസിന്റെ വഴിയിലൂടെയാണ് നീങ്ങിയതെന്നാണ് നാട്ടുകാർ കുറ്റപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.