ഇനിയില്ല, സ്ഥലനാമത്തെ അടയാളപ്പെടുത്തിയ ഈ നന്മ മരവും
text_fieldsപയ്യന്നൂർ: ഒരു ഗ്രാമത്തിെൻറ സ്ഥലനാമത്തെ അടയാളപ്പെടുത്തിയ നന്മമരം ഇനി ഓർമ മാത്രം. വെള്ളൂർ ആലിൻകീഴ് എന്ന സ്ഥലനാമത്തിന് കാരണക്കാരിയായ ആൽമുത്തശ്ശിയാണ് ദേശീയപാതാ വികസനത്തിെൻറ പേരിൽ വധശിക്ഷ കാത്തുനിൽക്കുന്നത്. ഈ ആഴ്ച തന്നെ ഈ മരമുത്തശ്ശിക്കുമേൽ മഴു വീഴും.
ഗ്രാമത്തിന് 'ആലിൻകീഴിൽ' എന്ന വിളിപ്പേരു നൽകി നാലോളം തലമുറകൾക്ക് തണലേകിയ കൂറ്റൻ ആൽമരം ഇല്ലാതാകുന്നത് നാട്ടുകാർക്ക് സ്വന്തം കുടുംബാംഗത്തിെൻറ മരണംപോലെ വേദനജനകമാണ്. കടന്നുപോയ തലമുറയുടെ പരിസ്ഥിതി സ്നേഹത്തിെൻറ അടയാളം കൂടിയാണ് ഈ വൃക്ഷ മുത്തശ്ശി. മരങ്ങളെയും അതിലെ ജീവജാലങ്ങളേയും രക്ഷിക്കുന്നതിന് ആചാര പെരുമയും മരങ്ങൾക്കു കൽപിച്ചു നൽകാറുണ്ട്. ഈ ആലിനും അതുണ്ടായിരുന്നു. എന്നാൽ, ആചാരവും പാതയോരത്തെ വൃക്ഷായുസ്സ് മുഴുവൻ തണലും തണുപ്പും നൽകിയ മരത്തിന് തുണയായില്ല.
മരം മുറിക്കുന്നതിനു മുമ്പ് മരത്തോട് സമ്മതം വാങ്ങുന്ന ചടങ്ങ് മുൻ കാലങ്ങളിൽ പതിവായിരുന്നു. പരിസ്ഥിതി പ്രവർത്തകനായ പയ്യന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കെ.സി. സതീശൻ മാസ്റ്റർ വിദ്യാർഥികളുമായി ആലിൻകീഴിലെത്തി പ്രതീകാത്മകമായി സമ്മതം വാങ്ങുന്ന ചടങ്ങ് നിർവഹിച്ചു. ഇതിനു പുറമെ പകരം മരംവെച്ചു സംരക്ഷിക്കാനുള്ള പദ്ധതിയും വിദ്യാർഥികൾ തയാറാക്കി. വികസനത്തിനുവേണ്ടി മരങ്ങൾ മുറിക്കുമ്പോൾ അതിനു പകരമായി മുറിച്ചു മാറ്റപ്പെടുന്ന മരങ്ങളുടെ ഇരട്ടിയെങ്കിലും വൃക്ഷതൈകൾ പ്രത്യേകമായി പയ്യന്നൂരിന് സമീപത്തായി തന്നെ െവച്ചു പിടിപ്പിച്ച് ഒരു വനം ഉണ്ടാക്കിയെടുക്കുക എന്ന ഒരു ആശയമാണ് പദ്ധതിയിലൂടെ വിദ്യാർഥികൾ മുന്നോട്ടു വെക്കുന്നത്. ദേശീയപാതാ അധികൃതർ ഇതിന് തയാറാവാത്ത സാഹചര്യത്തിലാണ് ദൗത്യം വിദ്യാർഥികൾ ഏറ്റെടുക്കുന്നത്.
സതീശൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതിയിൽ പരിസ്ഥിതി ക്ലബ് അംഗങ്ങളായ ശ്രീനിവാസ് ഷേണായി, ടി.വി. ശ്രീഹരി, ഗൗതം നാഥ് എന്നീ വിദ്യാർഥികളും ശാസ്ത്ര അധ്യാപികയായ സന്ധ്യ സുരേന്ദ്രനും കുട്ടികൾക്ക് കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.