ഭാവാതീതം ആ ശബ്ദസൗകുമാര്യം
text_fieldsപയ്യന്നൂർ: ‘തുരീയം വാചാ മനുഷ്യാ വദന്തി..’ ഭാരതത്തിലെ പ്രധാന സംഗീതോത്സവങ്ങളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്ന പോത്താങ്കണ്ടം ആനന്ദഭവനത്തിന്റെ നേതൃത്വത്തിൽ പയ്യന്നൂരിൽ നടന്നുവരുന്ന തുരീയം സംഗീതോത്സവത്തിന് ഒരു തവണയെങ്കിലും എത്തിയവർ ഈ വരികൾ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കും. കാരണം, ഭാവഗായകന്റെ ശബ്ദംകൊണ്ട് ധന്യമായ ഈ ഗാനമാണ് തുരീയം സംഗീതോത്സവത്തിന്റെ ടൈറ്റിൽ സോങ് എന്നതുതന്നെ.
സംഗീതോത്സവത്തിന് ഒരു അവതരണ ഗാനം വേണമെന്നു പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ പ്രതിഫലംപോലും വാങ്ങാതെയാണ് പാട്ട് പാടിയതെന്ന് സംഗീതോത്സവത്തിന്റെ മുഖ്യശിൽപി സ്വാമി കൃഷ്ണാനന്ദ ഭാരതി ‘മാധ്യമ’ത്തോടു പറഞ്ഞു. കൈതപ്രം എഴുതി ചിട്ടപ്പെടുത്തിയ ഗാനം അവസാനിക്കുന്നത് ഭാവാതീതം തുരീയം എന്ന വരികളിലൂടെ.
അതെ, ഭാവാതീതമായ ശബ്ദത്തിനും സംഗീതജ്ഞാനത്തിനും ഉടമയായ ഭാവഗായകന്റെ സർഗാത്മകത തളംകെട്ടിനിൽക്കുന്നുണ്ട് ഈ ചെറുഗാനത്തിലും. പോത്താങ്കണ്ടം ആനന്ദഭവനത്തിൽ നടന്നുവരുന്ന നവരാത്രി പരിപാടികളിൽ 34 വർഷത്തോളം മഹാഗായകന്റെ സാന്നിധ്യമുണ്ടായിരുന്നു. പഴയതും പുതിയതുമായ പാട്ടുകൾ പാടി പയ്യന്നൂരിലെയും മലയോര ഗ്രാമമായ പെരിങ്ങോം പോത്താങ്കണ്ടത്തിലെയും സാധാരണക്കാരായ നാട്ടുകാർക്ക് വിഭവസമൃദ്ധമായ വിരുന്നായി ആ സാന്നിധ്യം മാറി. എല്ലാ വർഷവും നവരാത്രിക്കാലത്ത് ഏതു ദിവസം വരണമെന്ന് ചോദിക്കാറുണ്ടെന്ന് സ്വാമി പറഞ്ഞു.
തീയതി പറഞ്ഞാൽ എല്ലാ പരിപാടികളും മാറ്റി അന്ന് എത്തിയിരിക്കും. പയ്യന്നൂർ അയോധ്യ ഓഡിറ്റോറിയത്തിൽ സത്കലാപീഠം പരിപാടികളിലും അദ്ദേഹത്തിന്റെ സാന്നിധ്യം നിരവധി തവണ ഉണ്ടായിരുന്നു. ഒരിക്കൽ പി. സുശീലയോടൊപ്പമായിരുന്നു പ്രേക്ഷകരെ വിരുന്നൂട്ടിയത്.
കോവിഡുകാലത്തിനുശേഷമാണ് ജയചന്ദ്രന്റെ സാന്നിധ്യം പയ്യന്നൂരിലും പോത്താങ്കണ്ടത്തിലും ഇല്ലാതിരുന്നത്. കോവിഡെന്ന മഹാമാരിക്കു പിന്നാലെ അസുഖം കൂടി പിടികൂടിയതോടെയാണ് വരാതായത്. ആനന്ദഭവനം 2022ൽ നടത്തിയ 101 ദിവസം നീണ്ടുനിന്ന തുരീയം സംഗീത യജ്ഞ മഹോത്സവ സമാപനത്തോടനുബന്ധിച്ച് മലയാളത്തിന്റെ നിത്യഹരിത ഭാവഗായകൻ പി. ജയചന്ദ്രന് സ്നേഹാദരവു നൽകാൻ തീരുമാനിച്ചുവെങ്കിലും അസുഖം കാരണം വരാനായില്ല.
തുടർന്ന് 2022 ആഗസ്റ്റ് ഏഴിന് തൃശൂർ പാറമേക്കാവ് രോഹിണി കല്യാണ മണ്ഡപത്തിൽ ആദരപരിപാടി സംഘടിപ്പിക്കുകയായിരുന്നു. ചടങ്ങിൽ ഡോ. എൻ.പി. വിജയകൃഷ്ണൻ, സ്വാമി കൃഷ്ണാനന്ദഭാരതി തുടങ്ങിയവർ പങ്കെടുത്തു. വയ്യായ്കയിലും പാട്ടുപാടി വേദി ധന്യമാക്കിയിരുന്നു അന്നും ഭാവഗായകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.