പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി
text_fieldsപാർസൽ സർവീസ് നിർത്തിയതിനെ തുടർന്ന് പാർസൽ ഒഴിഞ്ഞ പയ്യന്നൂർ ഒന്നാം നമ്പർ
പ്ലാറ്റ്ഫോം
പയ്യന്നൂർ: വടക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളിൽ ഒന്നായ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി. തിങ്കളാഴ്ച മുതൽ പാർസൽ സർവിസ് നിർത്തിവെച്ചു എന്നറിയിച്ചാണ് റെയിൽവേ ഉത്തരവിറങ്ങിയത്.
പയ്യന്നൂരിനു പുറമെ പാലക്കാട് ഡിവിഷനു കീഴിലെ നിലമ്പൂരിലും പൊള്ളാച്ചിയിലും ഒരു വർഷം മുമ്പ് പാർസൽ സർവിസ് നിർത്തിവെച്ച് ഉത്തരവിറങ്ങിയിരുന്നു. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പുനഃസ്ഥാപിക്കുകയായിരുന്നു.
എന്നാൽ, ഒരു വർഷത്തിനുശേഷം വീണ്ടും ഈ സേവനം റെയിൽവേ നിർത്തിവെച്ച് ഉത്തരവിറക്കുകയായിരുന്നു.
40 വർഷത്തിലധികമായി പയ്യന്നൂരിന് വിദേശ ഡോളർ നേടി തരുന്ന ഞണ്ട്, ചെമ്മീൻ കയറ്റുമതി ഇതോടെ നഷ്ടമാകും. മാത്രമല്ല, സ്റ്റേഷനിലെ നാല് അംഗീകൃത പോർട്ടർമാരുടെ ജോലിയും ഇതോടെ പ്രതിസന്ധിയിലാവും. ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആർ.പി.എഫ് പരിശീലന കേന്ദ്രം, കണ്ണൂർ ഗവ.മെഡിക്കൽ കോളജ്, ഗവ. ആയുർവേദ കോളജ്, മൂന്നോളം എൻജിനീയറിങ് കോളജുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ആശ്രയിക്കുന്ന സ്റ്റേഷനാണ് പയ്യന്നൂർ.
പയ്യന്നൂരിലും പരിസരങ്ങളിലുമുള്ളവർ ഇനി പാർസൽ അയക്കാൻ കണ്ണൂർ സ്റ്റേഷനെ ആശ്രയിക്കണം. മത്സ്യങ്ങൾ കയറ്റി അയക്കുന്നവർക്ക് ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, രണ്ടു മിനിറ്റിൽ താഴെ സ്റ്റോപ്പുകളുള്ള സ്റ്റേഷനുകളിൽ പാർസൽ സർവിസ് വേണ്ടെന്നതാണ് റെയിൽവേ നിലപാട്. ഇത് യാഥാർഥ്യമായാൽ പ്രധാന ജങ്ഷനുകളിൽ മാത്രമായി പാർസൽ സർവിസ് പരിമിതപ്പെടും. ഇത് കടുത്ത പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അമൃത് ഭാരത് പദ്ധതി പ്രകാരം സ്റ്റേഷനുകളെ വികസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുമ്പോഴാണ് പാർസൽ സർവിസിന് ചുവപ്പു കൊടി കാണിച്ചത്. ഇതിനിടയിൽ ചില സ്റ്റേഷനുകൾ തരംതാഴ്ത്താനുള്ള ശ്രമവും പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.