പരിയാരം മെഡിക്കൽ കോളജ് പരിയാരത്തല്ല
text_fieldsപയ്യന്നൂർ: കണ്ണൂർ ഗവ.മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട ജനന, മരണ സർട്ടിഫിക്കറ്റുകൾക്ക് ദിവസവും പരിയാരം പഞ്ചായത്ത് ഓഫിസിലെത്തുന്നവർ നിരവധിയാണ്. ചുടലയിൽ ഇറങ്ങി പൊയിലിലെ ഓഫിസിലെത്തിയ ശേഷമായിരിക്കും സർട്ടിഫിക്കറ്റുകൾക്ക് കടന്നപ്പള്ളി -പാണപ്പുഴ ഗ്രാമപഞ്ചായത്തിലാണ് പോകേണ്ടതെന്നറിയുക. വീണ്ടും കാതങ്ങൾ താണ്ടി പിലാത്തറ വഴി ചന്തപ്പുരയിലെത്തേണ്ട ഗതികേടിലാണ് ഉപഭോക്താക്കൾ.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിന്റെ പേരാണ് നാട്ടുകാരെ വട്ടം കറക്കുന്നത്. കണ്ണൂർ ഗവ. മെഡിക്കൽ കോളജിന്റെ പേര് പരിയാരം മെഡിക്കൽ കോളജ് എന്നാണ് അറിയപ്പെടുന്നത്. പഴയ ടി.ബി സാനട്ടോറിയത്തിന്റെ തുടർച്ചയായാണ് മെഡിക്കൽ കോളജിനും പരിയാരത്തിന്റെ പേര് ലഭിച്ചത്.
എന്നാൽ മെഡിക്കൽ കോളജ് പൂർണമായും കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ കടന്നപ്പള്ളി വില്ലേജിലാണെന്ന യാഥാർഥ്യം ദൂരെ നിന്ന് വരുന്ന പലർക്കും അറിയില്ല.
സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന സാമുവേൽ ആ റോൺ ദാനം ചെയ്ത കടന്നപ്പളളി വില്ലേജിലെ 300 എക്കറോളം വരുന്ന വസ്തുവിലാണ് ടി.ബി സാനറ്റോറിയം സ്ഥാപിതമായത്. 1995ൽ മേൽ സ്ഥലത്ത് സഹകരണ മെഡിക്കൽ കോളജ് വന്നതോടു കൂടി ടി.ബി സാനറ്റോറിയം ഇല്ലാതായി.
എന്നാൽ പരിയാരം മാത്രം മെഡിക്കൽ കോളജിനോട് ചേർന്ന് നിന്നു. അതിന് ശേഷം ഇവിടെ തന്നെ ആയുർവേദകോളജ്, പൊലീസ് സ്റ്റേഷൻ, കെ.എസ് ഇ. ബി. സബ് സ്റ്റേഷൻ, ബി.എസ്.എൻ.എൽ ഓഫിസ്, പോസ്റ്റാഫിസ്, മെഡി കോളജ് പബ്ലിക് സ്കൂൾ എന്നീ സ്ഥാപനങ്ങളും പൊതുമേഖല സ്ഥാപനമായ ഔഷധി എന്നിവയും പ്രവർത്തിച്ചു വന്നു. ഈ സ്ഥാപനങ്ങളെല്ലാം ഇപ്പോഴും അറിയപ്പെടുന്നത് പരിയാരത്തിന്റ മേൽ വിലാസത്തിലാണ്.
ഇതേ സ്ഥലത്തണ് ഇപ്പോൾ കണ്ണൂർ ജില്ല റൂറൽ പൊലീസ് ആസ്ഥാനമൊരുങ്ങുന്നത്. അതിന് വേണ്ട സ്ഥലം കടന്നപ്പള്ളി വില്ലേജ് ഓഫിസർ അളന്ന് തിട്ടപ്പെടുത്തി കൊടുത്തു കഴിഞ്ഞു. ഇതും ഭാവിയിൽ പരിയാരത്തിന്റെ വിലാസത്തിലായിരിക്കും അറിയപ്പെടുക. മാത്രമല്ല, പരിയാരത്തിന്റെ അതിർത്തി പോലും പങ്കിടാത്ത ഗവ. ആയുർവേദ കോളജും അറിയപ്പെടുന്നത് പരിയാരത്തിന്റെ പേരിൽ തന്നെ.
ഈ സ്ഥാപനങ്ങളിൽ ഒന്നു പോലും പരിയാരത്തിന്റെ പരിധിയിൽ വരുന്നില്ല. മാത്രമല്ല, പരിയാരം പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന തളിപ്പറമ്പ് താലൂക്കിൽ പോലുമല്ല ഈ സ്ഥാപനങ്ങൾ. കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത് പയ്യന്നൂർ താലൂക്കിന്റെ പരിധിയിലാണ്. കടന്നപ്പള്ളിയുടെ ഒരതിർത്തി ഗ്രാമം മാത്രമാണ് പരിയാരവും ചെറുതാഴവും. എന്നാൽ സ്ഥാപനങ്ങളെല്ലാം അറിയപ്പെടുന്നത് പരിയാരത്തിന്റെ പേരിലും.
ഇതാണ് നാട്ടുകാരെ വട്ടം കറക്കുന്നത്. വിഷയം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണിപ്പോൾ. റിട്ട. എജീസ് ഉദ്യോഗസ്ഥനും സാമൂഹിക പ്രവർത്തകനുമായ പി.പി. ചന്തുക്കുട്ടി നമ്പ്യാരുടെ വിഷയം സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാവുന്നത്. സ്ഥാപനങ്ങളെ കടന്നപ്പള്ളിയുടെ പേരിൽ വിളിക്കുന്നില്ലെങ്കിലും പരിയാരം എന്നു പറഞ്ഞ് കബളിപ്പിക്കരുതെന്ന അഭിപ്രായം ശക്തമാണ്. വിഷയം സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശ്രദ്ധയിൽപ്പെടുത്താനുള്ളള ശ്രമത്തിലാണ് കടന്നപ്പള്ളിക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.