പൊലീസ് ചരിത്രം ചുമരിലുണ്ട്; ഇത് കളർഫുൾ സ്റ്റേഷൻ
text_fieldsപയ്യന്നൂർ: രാജഭരണകാലത്തെ ക്രമസമാധാന പാലനത്തിൽനിന്ന് ജനാധിപത്യകാലത്തെ പൊലീസിലേക്കുള്ള നിയമപാലനത്തിെൻറ ചരിത്രം കാണാം പൊലീസ് സ്റ്റേഷെൻറ ചുമരിൽ. പുതുതായി നിർമാണം പൂർത്തിയായ പരിയാരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷെൻറ ചുമരാണ് വർണവിസ്മയം കൊണ്ട് ചരിത്രം പറയുന്നത്.
പുരാതന രാജഭരണകാലത്തെ പൊലീസില്‍നിന്ന് ആരംഭിച്ച് കേരളീയ കലകളുടെ സമ്മേളനത്തിലൂടെ നീങ്ങി ആധുനിക പൊലീസും ജനമൈത്രി പൊലീസും പ്രളയദുരിതങ്ങളില്‍ സേനയുടെ ഇടപെടലുമൊക്കെ ചുമർചിത്രത്തിലുണ്ട്. ഒപ്പം ഇപ്പോൾ പ്രവർത്തിക്കുന്ന പഴയ സ്റ്റേഷൻ കെട്ടിടവും ചുമർചിത്രത്തിലുണ്ട്. ജനുവരിയില്‍ തുറന്നുകൊടുക്കുന്ന സ്റ്റേഷനില്‍ എത്തുന്നവരുടെ ഭീതി ഒഴിവാക്കുകയും അവരെ മാനസികമായി ഉത്തേജിപ്പിക്കുകയുമാണ് ചുമർചിത്രത്തിെൻറ ലക്ഷ്യമെന്ന് പരിയാരം ഇന്‍സ്പെക്ടര്‍ കെ.വി. ബാബു പറയുന്നു.
കേരളത്തില്‍ ആദ്യമായാണ് ഒരു പൊലീസ് സ്റ്റേഷനിൽ ചുമര് ചരിത്രങ്ങൾ ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ മ്യൂറല്‍ പെയിന്റിങ് വിദഗ്ധരും ദമ്പതികളുമായ രഞ്ജിത്ത് അരിയിലും സ്നേഹ രഞ്ജിത്തും സുഹൃത്ത് വിനിലുമാണ് ചിത്രങ്ങള്‍ ഒരുക്കിയത്. സാധാരണഗതിയില്‍ ഒരു മാസമെടുത്ത് ചെയ്തുതീര്‍ക്കേണ്ട ചിത്രമാണ് അഞ്ചുദിവസം മാത്രമെടുത്ത് പൂര്‍ത്തിയാക്കിയത്. ഇതുകൂടാതെ കുട്ടികള്‍ക്കുവേണ്ടി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയുള്ള പെയിന്റിങ്ങുകളും സ്റ്റേഷന് ചുമരിലുള്പ്പെടുത്തിയിട്ടുണ്ട്. സിനു ബാബു, രവീന്ദ്രന് പയ്യന്നൂര്‍ എന്നിവരാണ് കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ വരച്ചത്.
മാഹി കലാഗ്രാമത്തില്നിന്നും ചുമർചിത്ര രചനയില്‍ പരിശീലനം നേടിയ രഞ്ജിത്തും സ്നേഹയും നിരവധി ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലുപ്പമേറിയതും അത്യാധുനിക സൗകര്യങ്ങള്‍ നിറഞ്ഞതുമായ പരിയാരം പൊലീസ് സ്റ്റേഷനില്‍ വ്യത്യസ്തമായ എന്തെങ്കിലുമൊന്ന് വേണമെന്ന നിർദേശമാണ് ഇന്‍സ്പെക്ടര്‍ കെ.വി. ബാബുവിനെ ചുമര്ചിത്രമെന്ന ആശയത്തിലേക്ക് നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.