അന്ന് എ.കെ.ജിക്ക് തല്ല്; ഇന്ന് വിത്തുപൊതിയുമായി ഇവർ ക്ഷേത്രനടയിൽ
text_fieldsപയ്യന്നൂർ: കണ്ടോത്ത് കൂറുമ്പ ക്ഷേത്രനടയിലെ നടവഴിയിലൂടെ ദലിത് വിഭാഗങ്ങളെയും കൂട്ടി ജാഥ നടത്തിയതിന് ഏൽക്കേണ്ടിവന്ന കൊടിയ മർദനത്തെക്കുറിച്ച് എ.കെ.ജി ആത്മകഥയിൽ വിവരിക്കുന്നുണ്ട്. കണ്ടോത്തെ കുറുവടിയുടെ ചൂടറിഞ്ഞ എ.കെ.ജിക്ക് ദേഹമാസകലം മുറിവേറ്റ് ആശുപത്രിയിൽ കിടക്കേണ്ടിവന്നു. എ.കെ.ജിക്ക് ഏൽക്കേണ്ടിവന്ന മർദനമാണ് ഹരിജനോദ്ധാരകനായ സ്വാമി ആനന്ദതീർഥനെ പയ്യന്നൂരിലെത്തിച്ചതെന്നതും ചരിത്രം.
എന്നാൽ, പിന്നീട് വടക്കെ മലബാറിൽ കളിയാട്ടത്തിനും തോറ്റംപാട്ടുകൾക്കും തിരിതെളിയുന്ന തുലാപ്പത്തിന് കണ്ടോത്ത് ക്ഷേത്രത്തിലെ അനുഷ്ഠാനം പൂർത്തിയാവണമെങ്കിൽ പുലയ തറവാട്ടിലുള്ളവർ എത്തിച്ചേരണമെന്നതും മറ്റൊരു ചരിത്രം. ഇവർ എത്തുന്നത് പുഞ്ചപ്പാടത്തെ കതിരണിയിക്കാനുള്ള വിത്തുപൊതിയുമായാണെന്നത് അനുഷ്ഠാനത്തിെൻറ പൊലിമ വർധിപ്പിക്കുന്നു.
ഇക്കുറി തോറ്റംപാട്ടിെൻറ താളവും തെയ്യത്തിെൻറ വാചാലുമില്ലെങ്കിലും പത്താമുദയത്തിെൻറ സാമൂഹികവും ജാതിസൗഹൃദവുമായ അനുഷ്ഠാനം മുടക്കമില്ലാതെ നടന്നു. രാവിലെ അന്തിത്തിരിയൻ നടതുറന്ന് പത്താമുദയ ചടങ്ങ് തുടങ്ങിയ ഉടൻ താഴത്തുവയൽ കോളനിയിൽ നിന്നും കിഴക്കെകൊവ്വൽ കോളനിയിൽ നിന്നും ചേടമ്പത്ത്, ചെറുകിണിയൻ തറവാട്ടുകാർ വിത്തുപൊതിയുമായി ക്ഷേത്രത്തിലെത്തി. ചണ്ഡാല വേഷം ധരിച്ച, ശിവനെന്ന് വിശ്വസിക്കുന്ന പൂലിൻകീഴിൽ ദൈവത്തിെൻറ നടയിൽ സജ്ജമാക്കിയ ചാണകം മെഴുകിയ കൊട്ടയിലാണ് വിത്ത് സമർപ്പിച്ചത്. തുടർന്ന് ഭണ്ഡാര സമർപ്പണവും നടന്നു.
വിത്ത് പ്രധാന കർമി മഞ്ഞക്കുറിയിട്ട് സ്വീകരിച്ചു. തുടർന്ന് ക്ഷേത്രത്തിൽനിന്നും പ്രസാദം ഇരു തറവാട്ടുകാർക്കും നൽകി. ഈ പ്രസാദം തറവാട്ടുകളിലെത്തിച്ച ശേഷമാണ് കോളനികളിലെ പത്താമുദയ ചടങ്ങുകൾ ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.