ഡിജിറ്റൽ സാക്ഷരനഗരമായി പയ്യന്നൂർ
text_fieldsപയ്യന്നൂർ: പയ്യന്നൂർ ഇനി സമ്പൂർണ ഡിജിറ്റൽ സാക്ഷര നഗരം. നഗരസഭ സമ്പൂർണ ഡിജറ്റൽ സാക്ഷരത നഗരസഭയായുള്ള പ്രഖ്യാപനം ചെയർപേഴ്സൻ കെ.വി. ലളിത നിർവഹിച്ചു. സമൂഹത്തിലെ എല്ലാ മേഖലയിലുള്ള ജനങ്ങൾക്കും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നഗരസഭയിലെ 19826 വീടുകളിലായി പരിശീലനം ലഭിച്ച 573 വളന്റിയർമാരുടെ നേതൃത്വത്തിൽ നടത്തിയ സർവേയിൽ 9469 പേരെയാണ് ഡിജി സാക്ഷരത പഠിതാക്കളായി കണ്ടെത്തിയത്. 200ഓളം ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിൽ പഠനം പൂർത്തീകരിക്കാൻ കഴിഞ്ഞു. ഇതിൽ 91 വയസ്സുള്ളവരും ഡിജിറ്റൽ സാക്ഷരത പഠിതാക്കളായി മാറിയിട്ടുണ്ടെന്ന് ചെയർപേഴ്സൻ പറഞ്ഞു.
സ്മാർട്ട് ഫോൺ ഉപയോഗരീതികളിൽ ഫോൺ ഓണാക്കൽ, ഓഫാക്കൽ, കോൾ ചെയ്യൽ, കോൾ എടുക്കൽ, ഫോട്ടോ എടുക്കൽ, ഇന്റർനെറ്റ് ഉപയോഗരീതി, മെസേജ് അയക്കൽ തുടങ്ങിയ ഉപയോഗങ്ങൾ വളരെ ക്രിയാത്മകമായി വളന്റിയർമാരുടെ നേതൃത്വത്തിൽ പഠിതാക്കൾക്ക് പറഞ്ഞു കൊടുത്തു.
കുടുംബശ്രീ, സന്നദ്ധസേന, സാക്ഷരത പ്രേരക്മാർ, ലൈബ്രറി കൗൺസിൽ തുടങ്ങിയവരുടെ സഹായത്തോടെയാണ് പരിശീലനം പൂർത്തിയാക്കിയത്. പരിപാടിയിൽ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി. ജയ, വി. ബാലൻ, ടി.പി. സമീറ, ടി. വിശ്വനാഥൻ, വി.വി. സജിത, കൗൺസിലർ എം. ആനന്ദൻ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ പി.പി. ലീല, നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ്, സൂപ്രണ്ട് എ. ആന്റണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.