എന്ന് യാഥാർഥ്യമാവും പയ്യന്നൂരിലെ പുതിയ ബസ് സ്റ്റാൻഡ്?
text_fieldsപയ്യന്നൂർ: എന്ന് യാഥാർഥ്യമാവും പയ്യന്നൂരിലെ പുതിയ ബസ് സ്റ്റാൻഡ് ? ഇങ്ങനെയൊരു ചോദ്യം പയ്യന്നൂരിലെയും പരിസര പ്രദേശങ്ങളിലേയും ജനങ്ങൾ ചോദിക്കാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടിലേറെയായി. ഇതിന് ഉത്തരം പറയേണ്ടവർ വർഷാവർഷം ബജറ്റിൽ തുക വകയിരുത്തുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നാണ് പരാതി. അനുദിനം വികസിച്ചുവരുന്ന പയ്യന്നൂരിൽ യാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും സൗകര്യത്തിന് വേണ്ടി പുതുതായൊരു ബസ് സ്റ്റാൻഡ് എന്ന ആശയത്തിന് 27 വർഷം പ്രായമുണ്ട്. ഇതാണ് അനിശ്ചിതമായി നീളുന്നത്.
സ്ഥലം ലഭിച്ചത് സൗജന്യമായി
ബസ് സ്റ്റാൻഡിന് സ്ഥലം കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതിനിടെ കുഞ്ഞിമംഗലത്തെ എമ്മൻ രാഘവൻ 1997 ൽ മൂന്നര ഏക്കർ സ്ഥലം സൗജന്യമായി നൽകി. ഇപ്പോഴത്തെ നഗരസഭ ഓഫിസ് കെട്ടിടത്തിനടുത്തുനിന്ന് രണ്ടുകിലോ മീറ്ററോളം തെക്കു മാറിയാണ് ഈ സ്ഥലം.
കേസിൽ മുങ്ങിയ വികസനം
പണം നൽകാതെ സ്ഥലം കിട്ടിയതോടെ ബസ് സ്റ്റാൻഡ് നിർമാണം തുടങ്ങി. എന്നാൽ, അഴിമതി ആരോപിച്ച് കോൺഗ്രസ് നേതാവ് എ.പി. നാരായണൻ വിജിലൻസിൽ പരാതി നൽകി. ബസ് സ്റ്റാൻഡിന് അനുയോജ്യമല്ലാത്ത സ്ഥലം എന്ന നിലയിലും അന്ന് ഒട്ടേറെ പരാതികളുമുയർന്നു. വികസന വിരോധികൾ എന്ന മുദ്രകുത്തി അധികൃതർ പിന്നെ ഇതിനായി ഒന്നും ചെയ്തതുമില്ല. പിന്നീട് വിജിലൻസിൽ നൽകിയ പരാതി പിൻവലിച്ചതോടെ പ്രസ്തുത സ്ഥലത്ത് നിർമാണ പ്രവർത്തനം പുനരാരംഭിച്ചു. കേസും കൂട്ടവും കഴിഞ്ഞതിനെ തുടർന്ന് 2014 സപ്റ്റംബർ 23ന് അന്നത്തെ നഗര വകുപ്പു മന്ത്രി മഞ്ഞളാംകുഴി അലി ശിലയിട്ടു.1.95 കോടി രൂപ ചെലവിൽ ഒന്നാം ഘട്ട പ്രവൃത്തിയാണ് ലക്ഷ്യമിട്ടത്. എന്നാൽ പ്രവൃത്തി ശിലയിലൊതുങ്ങി.
പ്രതീക്ഷയായി വായ്പാനുമതി
കഴിഞ്ഞ ബജറ്റിലും ബസ് സ്റ്റാൻഡിന് അഞ്ചുകോടി നഗരസഭ വകയിരുത്തിയിട്ടുണ്ട്. ഇതിനു പുറമെ ഹഡ്കോയിൽനിന്ന് വായ്പയെടുത്ത്, ഊരാളുങ്കൽ സൊസൈറ്റിയെ നിർമാണ പ്രവൃത്തി ഏൽപ്പിക്കാൻ നഗരസഭ തീരുമാനിച്ചിരുന്നതായി ബജറ്റവതരണ വേളയിൽ നഗരസഭ അധ്യക്ഷ കെ.വി. ലളിത വ്യക്തമാക്കിയിരുന്നു. ഹഡ്കോ വായ്പ നൽകാൻ തയ്യാറാവുകയും ഇതിനായി സർക്കാറിലേക്ക് അപേക്ഷ നൽകുകയും ചെയ്തു. സർക്കാർ അംഗീകാരം നൽകി കഴിഞ്ഞ സപ്റ്റംബറിൽ ഇതു സംബന്ധിച്ച തീരുമാനം കൗൺസിൽ യോഗമെടുക്കുകയും ചെയ്തിട്ടുണ്ട്. അതു കൊണ്ടു തന്നെ ഈ വർഷം തന്നെ പ്രവൃത്തി തുടങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
കെട്ടിടങ്ങൾക്കിടയിൽ ഒരു പുതിയ സ്റ്റാൻഡ്
മുമ്പ് പഴയ ബസ് സ്റ്റാൻഡ് നവീകരണവേളയിൽ ബസുകൾ വന്ന് തിരിച്ചു പോകുന്നതിന് ഒരുക്കിയ ഒരു സൗകര്യമാണ് ഇപ്പോഴറിയപ്പെടുന്ന പുതിയ ബസ് സ്റ്റാൻഡ് . സ്റ്റാൻഡ് പ്രവൃത്തി പൂർത്തിയായിട്ടും പഴയ സംവിധാനം പുനസ്ഥാപിക്കാതെ ഇത് തുടരുന്നു. കണ്ണൂർ -കാഞ്ഞങ്ങാട്, കാസർകോട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ദീർഘദൂരബസുകൾ ഇപ്പോൾ ടൗണിലേക്ക് വരാറില്ല.
വീണ്ടും കോടതി ഇടപെടൽ
ബസ് സ്റ്റാൻഡ് നിർമാണം അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരെ സ്ഥലം നൽകിയ വ്യക്തി മൂന്നുവർഷം മുമ്പ് ഹൈകോടതിയെ സമീപിച്ചിരുന്നു. നിർമാണ പ്രവൃത്തി ഉടൻ പൂർത്തിയാക്കാൻ കോടതി നഗരസഭക്ക് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.