പയ്യന്നൂർ സി.പി.എം ഫണ്ട് തട്ടിപ്പ്: ഏഴു മിനിറ്റ് മാത്രം നീണ്ട ചർച്ച, വഴങ്ങാതെ കുഞ്ഞികൃഷ്ണൻ; പാർട്ടി പ്രതിസന്ധിയിൽ
text_fieldsപയ്യന്നൂർ: ഫണ്ട് തട്ടിപ്പ് വിവാദവുമായി ബന്ധപ്പെട്ടുണ്ടായ നടപടിയെ തുടർന്ന് പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള സി.പി.എം ശ്രമങ്ങൾക്ക് തിരിച്ചടി.
വി. കുഞ്ഞികൃഷ്ണനുമായി പി. ജയരാജൻ നടത്തിയ ചർച്ച പരാജയപ്പെട്ടു. പൊതുപ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം മാറ്റില്ലെന്ന് വി. കുഞ്ഞികൃഷ്ണൻ ജയരാജനോടും ആവർത്തിച്ചതോടെയാണ് ശ്രമം പാളിയത്. പൊതുപ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് പുറത്തിറങ്ങിയ വി. കുഞ്ഞികൃഷ്ണൻ മാധ്യമപ്രവർത്തകരോടും പറഞ്ഞു. പാർട്ടി ഫണ്ട് തിരിമറി നടത്തിയതിന് ടി.ഐ. മധുസൂദനൻ എം.എൽ.എക്കെതിരെ നടപടിയെടുത്തതിനൊപ്പമാണ് ഫണ്ട് തട്ടിപ്പ് പാർട്ടിയുടെ ശ്രദ്ധയിൽകൊണ്ടുവന്ന വി. കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് കുഞ്ഞികൃഷ്ണൻ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
ഇത് പാർട്ടിക്ക് ക്ഷീണമായതോടെ കുഞ്ഞികൃഷ്ണനെ തീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാൻ നിരവധി നേതാക്കൾ ബന്ധപ്പെട്ടിരുന്നു. അതൊന്നും ഫലം ചെയ്യാതായതോടെയാണ് കുഞ്ഞികൃഷ്ണനെ നേരിൽ കണ്ട് സംസാരിക്കാൻ മുൻ ജില്ല സെക്രട്ടറി കൂടിയായ പി. ജയരാജനെ പാർട്ടി നിയോഗിച്ചത്. പയ്യന്നൂർ ഖാദികേന്ദ്രം ഓഫിസിൽ രാവിലെ 10.30ന് നടന്ന കൂടിക്കാഴ്ച ഏഴു മിനിറ്റ് മാത്രമാണ് നീണ്ടത്.
ജില്ല സെക്രട്ടേറിയറ്റിൽനിന്ന് ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ ടി.ഐ. മധുസൂദനനെതിരെ കൂടുതൽ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട കുഞ്ഞികൃഷ്ണൻ പൊതുപ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്നതോടെ ചർച്ച വഴിമുട്ടി. ചർച്ച പൊളിഞ്ഞതോടെ മധ്യസ്ഥചർച്ച നടത്തിയെന്ന വാർത്തകൾ പി. ജയരാജനും വി. കുഞ്ഞികൃഷ്ണനും നിഷേധിച്ചു.
മധ്യസ്ഥചർച്ച നടത്തുന്നരീതി സി.പി.എമ്മിനില്ലെന്നും സംഘടനാകാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് ജില്ല സെക്രട്ടറിയാണെന്നും പി. ജയരാജൻ പറഞ്ഞു. സാധാരണ കൂടിക്കാഴ്ച മാത്രമാണുണ്ടായതെന്ന് വി. കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു.
കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറിയുടെ ചുമതലയിൽനിന്ന് നീക്കിയതിനെതിരെ കടുത്ത പ്രതിഷേധമാണ് പാർട്ടിക്കുള്ളിൽ ഉയരുന്നത്. സമൂഹ മാധ്യമങ്ങളിലും വലിയൊരുവിഭാഗം പാർട്ടി ബന്ധുക്കളുൾപ്പെടെ കുഞ്ഞികൃഷ്ണനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.