ഉൽപാദനത്തിൽ കുതിച്ചുചാട്ടം പാലൊഴുക്കി പയ്യന്നൂർ
text_fieldsപയ്യന്നൂർ: കോവിഡ് കാലത്ത് രോഗപ്രതിരോധശക്തി കൂട്ടാൻ കൂടുതൽ പാലും പാലുൽപന്നങ്ങളും ഉപയോഗിക്കാൻ ജനങ്ങൾ രംഗത്തുവരണമെന്ന ഈ വർഷത്തെ ലോക ക്ഷീരദിന സന്ദേശം അന്വർഥമാക്കി പയ്യന്നൂർ ബ്ലോക്കിൽ പാലുൽപാദനത്തിൽ വൻവർധന. സംസ്ഥാനം ക്ഷീര പര്യാപ്തയിലേക്ക് മുന്നേറുമ്പോൾ ജില്ലയിലെ പയ്യന്നൂർ ബ്ലോക്കിൽ വലിയ നേട്ടമുണ്ടായതായി പാലളവിെൻറ കണക്കുകൾ വ്യക്തമാക്കുന്നു.
നിലവിൽ പയ്യന്നൂർ ബ്ലോക്കിലെ ക്ഷീര വികസന സർവിസ് യൂനിറ്റ് പ്രതിദിനം 26,000 ലിറ്റർ പാൽ സംഭരിക്കുന്നുണ്ട്. അടച്ചിടലിെൻറ തുടക്കത്തിൽ പ്രതിദിനം 23,000 ലിറ്റർ ആയിരുന്നു അത്. മേഖലയിൽ നിരവധി പുതിയ സംരംഭകർ വന്നതോടെ പ്രതിദിനം 3000 ലിറ്റർ പാലിെൻറ വർധനവുണ്ടായി. പയ്യന്നൂർ ബ്ലോക്ക് പരിധിയിൽ വെള്ളൂർ ജനത ചാരിറ്റബിൾ സൊസൈറ്റിയിൽ കർഷകർ പ്രതിദിനം അളക്കുന്ന 12,500ലിറ്റർ പാൽ കൂടി പരിഗണിച്ചാൽ പാൽ സംഭരണം ഏകദേശം 40,000 ലിറ്ററിന് അടുത്തുവരും. 2020-21 വർഷത്തെ കണക്ക് പ്രകാരം 32 ക്ഷീരസംഘങ്ങളിലായി 5391 ക്ഷീരകർഷകർ അംഗങ്ങളായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 2725 പേർ ക്ഷീരസംഘങ്ങളിൽ പ്രതിദിനം പാൽ അളക്കുന്നുണ്ട്. ഇവരിൽ 1500 പേർ വനിതകളാണ് എന്നതും മറ്റൊരു പ്രത്യേകത.
വിവിധ പ്രതിസന്ധി ഘട്ടത്തിലും ക്ഷീര വികസന വകുപ്പ് പ്ലാൻ ഫണ്ട് മുഖേന 27 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. പയ്യന്നൂർ ബ്ലോക്ക് ക്ഷീര വികസന യൂനിറ്റ് പരിധിയിൽ 50 കറവപ്പശുക്കളുള്ള ഒരു ഡെയറിഫാം , 20 മുതൽ പശുക്കളുള്ള അഞ്ചു ഡെയറിഫാം, 11 മുതൽ 20 വരെ ഉള്ള 30 ഡെയറി ഫാം എന്നിവ പ്രവർത്തിക്കുന്നു. അഞ്ചുമുതൽ 10 പശുക്കളുള്ള ക്ഷീര കർഷകരുമുണ്ട്. കൂടുതൽ പേരും ഒന്നോ രണ്ടോ പശുക്കളുള്ള സാധാരണ കർഷകരാണ്. 25 ഹെക്ടർ തീറ്റപ്പുൽ കൃഷി തോട്ടങ്ങൾ ബ്ലോക്ക് പരിധിയിലുണ്ട്. അവയിൽ തരിശുഭൂമിയിൽ ഒരുഹെക്ടർ സ്ഥലത്ത് തീറ്റപ്പുൽ കൃഷി ചെയ്യുന്ന നാല് കർഷകരുമുണ്ട്. രജിസ്റ്റർ ചെയ്ത 32 ക്ഷീരോൽപാദക സഹകരണ സംഘങ്ങളിൽ 26 എണ്ണം ആനന്ദ് മാതൃകയിലുള്ള സംഘങ്ങളും ആറെണ്ണം പരമ്പരാഗത സംഘങ്ങളുമാണ്. പ്രതിദിനം 2000ലിറ്റർ പാൽ സംഭരിക്കുന്ന കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിലെ മാത്തിൽ ക്ഷീരോൽപാദക സംഘമാണ് ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ സംഭരിക്കുന്ന ആപ്കോസ് സംഘം. അതുപോലെ 1500 നും 2000 ലിറ്ററിനും ഇടയിൽ പാലളക്കുന്ന ആപ്കോസ് സംഘങ്ങളാണ് തിരുമേനി, പുത്തൂർ, പാടിയോട്ട്ചാൽ സംഘങ്ങൾ. പ്രതിദിനം 1500ലിറ്റർ പാൽ സംഭരിക്കുന്ന വെള്ളൂർ ക്ഷീരോൽപാദക സഹകരണസംഘമാണ് ഏറ്റവും കൂടുതൽ പാലളക്കുന്ന പരമ്പരാഗത സംഘം. 32 ക്ഷീര സംഘങ്ങളിൽ 30 ക്ഷീര സംഘങ്ങൾക്ക് പാൽ പരിശോധന നടത്താൻ ഓട്ടോമാറ്റിക് മിൽക്ക് ശേഖരണ യൂനിറ്റ് ഉണ്ട്. ഇത് പാലിെൻറ ഗുണനിലവാരം ഉയരാൻ സഹായകമാവുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു.
ഉൽപാദനത്തിൽ ചരിത്രമെഴുതുമ്പോൾ തന്നെ ഇതരസംസ്ഥാനങ്ങളിൽ നിന്നും കന്നുകാലികളെ കൊണ്ടുവരുന്നതിനു ഭീമമായ ചെലവും ബുദ്ധിമുട്ടും കർഷകർക്ക് തിരിച്ചടിയാവുന്നു. അതുകൊണ്ട് സഹകരണ മേഖലയിൽ കിടാരി വളർത്തൽ യൂനിറ്റ് അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. പയ്യന്നൂർ ആസ്ഥാനമായി വനിതകൾക്കായി പാലുൽപന്ന നിർമാണ യൂനിറ്റ് ആരംഭിക്കാൻ ബ്ലോക്ക് പഞ്ചായത്ത് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മലയോര പഞ്ചായത്തുകളായ ചെറുപുഴ, പെരിങ്ങോം വയക്കര, എരമം കുറ്റൂർ പഞ്ചായത്തുകൾ സംയോജിപ്പിച്ച് പാടിയോട്ടുചാൽ ആസ്ഥാനമായി പുതിയ ക്ഷീര വികസന യൂനിറ്റ് രൂപവത്കരിക്കുന്നത് ക്ഷീര മേഖലയിൽ പുതിയ വിപ്ലവം സൃഷ്ടിക്കാൻ സാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സീനിയർ ക്ഷീരവികസന ഓഫിസർ പി.എച്ച്. സിനാജുദ്ദീെൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ ഇടപെടലും പയ്യന്നൂരിെൻറ ക്ഷീര സ്വയംപര്യാപ്തതക്കു പിന്നിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.