പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് യാഥാർഥ്യത്തിലേക്ക്
text_fieldsപയ്യന്നൂർ: ഒടുവിൽ പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് യാഥാർഥ്യത്തിലേക്ക്. സർക്കാറിൽനിന്ന് സാങ്കേതികാനുമതി ലഭിച്ചതോടെ കാൽ നൂറ്റാണ്ടിലധികമുള്ള പയ്യന്നൂരിന്റെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. ബസ് സ്റ്റാൻഡിന് ഹഡ്കോയിൽനിന്ന് നാലര കോടി രൂപ വായ്പയെടുക്കാനും പ്രവൃത്തി ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകാനും നേരത്തേ അനുമതി ലഭിച്ചിരുന്നു. സങ്കേതികാനുമതി കൂടി ലഭ്യമായതോടെ പ്രവൃത്തിക്ക് തുടക്കം കുറിക്കാനുള്ള തയാറെടുപ്പിലാണ് നഗരസഭ.
അനുദിനം വികസിച്ചുവരുന്ന പയ്യന്നൂരിൽ യാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും സൗകര്യത്തിന് വേണ്ടി പുതിയൊരു ബസ് സ്റ്റാൻഡെന്ന ആശയമുണ്ടായത് 27 വർഷം മുമ്പായിരുന്നു. ഇതിനായി സ്ഥലം കണ്ടെത്താനുള്ള അന്വേഷണത്തിനിടെ കുഞ്ഞിമംഗലത്തെ എമ്മൻ രാഘവനെന്നയാൾ സ്ഥലം സൗജന്യമായി നൽകി. 1997ൽ മൂന്നര ഏക്കർ സ്ഥലം മുനിസിപ്പൽ സെക്രട്ടറിയുടെ പേരിൽ രാഘവൻ രജിസ്റ്റർ ചെയ്തു നൽകി. ഇപ്പോഴത്തെ നഗരസഭ ഓഫിസ് കെട്ടിടത്തിനടുത്തുനിന്ന് രണ്ടുകിലോ മീറ്ററോളം തെക്കു മാറിയാണ് ഈ സ്ഥലം.
പണം നൽകാതെ സ്ഥലം കിട്ടിയതോടെ സ്റ്റാൻഡ് വേഗത്തിൽ തന്നെ യാഥാർഥ്യമാക്കുന്ന ശ്രമത്തിനിടെ കോൺഗ്രസ് നേതാവ് എ.പി. നാരായണൻ വിജിലൻസിൽ പരാതി നൽകി. ബസ് സ്റ്റാൻഡിന് അനുയോജ്യമല്ലാത്ത സ്ഥലമെന്ന നിലയിൽ അന്ന് ഒട്ടേറെ പരാതികളുമുയർന്നു. പിന്നീട് വിജിലൻസിൽ നൽകിയ പരാതി പിൻവലിച്ചതോടെ നിർമാണ പ്രവർത്തനം പുനരാരംഭിച്ചു. എന്നാൽ, പിന്നീട് അതും നിലച്ചു. സ്ഥലം ഏറ്റെടുത്തശേഷമുള്ള വർഷങ്ങളിലെല്ലാം നഗരസഭ ബജറ്റിൽ പുതിയ ബസ് സ്റ്റാൻഡിനു വേണ്ടി തുക വകയിരുത്തുന്നതിന് ഒരു കുറവുമില്ല. പക്ഷേ, പണിമാത്രം നടന്നില്ല. കഴിഞ്ഞ ബജറ്റിലും ബസ് സ്റ്റാൻഡിന് അഞ്ചു കോടി രൂപ നീക്കിവെച്ചു.
തുക ഹഡ്കോയിൽനിന്ന് വായ്പയെടുത്ത്, ഊരാളുങ്കൽ സൊസൈറ്റിയെ നിർമാണ പ്രവൃത്തി ഏൽപിക്കാൻ നഗരസഭ തീരുമാനിച്ചിരുന്നതായി ബജറ്റവതരണ വേളയിൽ നഗരസഭ അധ്യക്ഷ കെ.വി. ലളിത വ്യക്തമാക്കി. ഹഡ്കോ വായ്പ നൽകാൻ തയാറാവുകയും ചെയ്തു. ഇതിന്റെ അംഗീകാരത്തിനായി സർക്കാറിലേക്ക് അപേക്ഷ നൽകുകയും അനുമതി ലഭിക്കുകയും ചെയ്തു. ഇതിനു തുടർച്ചയായാണ് സാങ്കേതികാനുമതി കൂടി ലഭിച്ചത്. വർഷങ്ങൾക്ക് മുമ്പ് നിർദിഷ്ട ബസ് സ്റ്റാൻഡ് സ്ഥലത്ത് വലിയൊരു ഷെഡ് ഷീറ്റിട്ട് നിർമിച്ചതൊഴിച്ചാൽ ഇത്രയും കാലമായിട്ടും മറ്റ് പണികളൊന്നും നടന്നിട്ടില്ല.
രാത്രിയുടെ മറവിൽ മറ്റും മാലിന്യവും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും കൊണ്ടുതള്ളാനുള്ള ഒരിടമായി ഇവിടം മാറി.
ഇതിനു പുറമെ സാമൂഹിക ദ്രോഹികളുടെയും മദ്യപാനികളുടെയും വിളയാട്ട കേന്ദ്രവുമാണീസ്ഥലം. മുമ്പ് പഴയ ബസ് സ്റ്റാൻഡ് നവീകരണ വേളയിൽ ബസുകൾ വന്നു തിരിച്ചു പോകുന്നതിന് ഒരുക്കിയ സൗകര്യമാണ് ഇപ്പോഴറിയപ്പെടുന്ന പുതിയ ബസ് സ്റ്റാൻഡ്. പഴയ സ്റ്റാൻഡ് പ്രവൃത്തി പൂർത്തിയായിട്ടും പഴയ സംവിധാനം പുനഃസ്ഥാപിച്ചില്ല. കണ്ണൂർ, കാഞ്ഞങ്ങാട്, കാസർകോട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ദീർഘദൂര ബസുകൾ ഇപ്പോൾ ടൗണിലേക്ക് വരാറില്ല. നഗരസഭ ഓഫിസിന് മുന്നിലെ ഒരു കെട്ടിടത്തിന് വലം വെച്ച് പോകുന്ന സംവിധാനമാണിപ്പോഴും.
ഇതിനിടയിൽ പുതിയ ബസ് സ്റ്റാൻഡ് നിർമാണം അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരെ സ്ഥലം നൽകിയ വ്യക്തി മൂന്നു വർഷം മുമ്പ് ഹൈകോടതിയെ സമീപിച്ചിരുന്നു. എത്രയും വേഗം പണിപൂർത്തിയാക്കാൻ കോടതി നിർദേശം നൽകി. ഇതും ചുവപ്പുനാടയുടെ കുരുക്കഴിക്കാൻ പ്രയോജനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.