പിടിവള്ളിയായത് നീല കാർ; ഒഴിവായത് നാടിന്റെ ഭീതി
text_fieldsപയ്യന്നൂർ: ജനൽ ഗ്രില്ലുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ച ശേഷം അകത്തു കടക്കുന്ന കവർച്ച രീതിയാണ് മോഷ്ടാക്കൾ പരിയാരത്ത് പരീക്ഷിച്ചത്. മോഷ്ടാക്കൾ ഏതു വീടും ഈ രീതിയിൽ തുറക്കുമെന്ന ഭീതിയിലായിരുന്നു നാട്ടുകാർ. പൊലീസ് സാഹസികമായി ഒരു പ്രതിയെ പിടികൂടിയതോടെ നാട് താത്കാലികമായെങ്കിലും ആശ്വസിക്കുകയാണ്.
പൊലീസിന് ലഭിച്ച ഏക തുമ്പ് പരിയാരം പഞ്ചായത്ത് സ്ഥാപിച്ച നിരീക്ഷണ കാമറയിൽനിന്ന് ലഭിച്ച നീല നിറത്തിലുള്ള കാറിന്റെ ദൃശ്യമാണ്. എന്നാൽ കാറിന്റെ നമ്പർ വ്യാജമായിരുന്നു. തുടർന്ന് കാറിനെ ദൃശ്യത്തിലൂടെ പിന്തുടരുകയായിരുന്നു പൊലീസ്. നിരവധി കാമറകളാണ് സംഘം പരിശോധിച്ചത്. വാഹനം പോയ വഴികളിലൂടെ യാത്ര ചെയ്താണ് കവർച്ചക്കു പിന്നിൽ തമിഴ് സംഘമാണെന്ന് കണ്ടെത്തിയത്. കോയമ്പത്തൂർ, നാമക്കൽ പ്രദേശങ്ങളിൽ മുഴുവൻ കവർച്ചക്കാരെ തേടി വല വിരിച്ചു.
നാമക്കലിലാണ് സഞ്ജീവ് കുമാറിനെ കണ്ടെത്തുന്നത്. വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഇയാൾ പൊലീസ് വാഹനം കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ചു. വാഹനത്തിൽ പൊലീസ് ഏറെ ദൂരം ഇയാളെ പിന്തുടർന്നു. പിടികൂടുമെന്നായപ്പോൾ സഞ്ജീവ്കുമാർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന് ഓടി കീഴ്പ്പെടുത്തുകയായിരുന്നു 'പരിയാരം സ്ക്വാഡ് '.
പയ്യന്നൂർ ഡിവൈ.എസ്.പി പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് ഓപറേഷനിൽ പങ്കെടുത്തത്. കുപ്രസിദ്ധ ക്രിമിനൽ സൊള്ളൻ സുരേഷിന്റെ നേതൃത്വത്തിലുള്ള കവർച്ച സംഘമാണ് മോഷണം നടത്തിയത്. കൊലപാതകമുൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ സൊള്ളൻ സുരേഷാണ് വിവിധ ഭാഗങ്ങളിലെ കവർച്ച കേസിലെ പ്രതികളെ ഏകോപിപ്പിച്ച് സംഘമുണ്ടാക്കിയത്.
വൈഫെ മോഡം ഉപയോഗിച്ച് സമൂഹ മാധ്യമത്തിലൂടെ മാത്രമാണ് ഇവർ പരസ്പരം ആശയ വിനിമയം നടത്തുന്നത്. കവർച്ചക്ക് മുൻപും ശേഷവും കാമറയുടെ പിടിയിലാവാതിരിക്കാനും ശ്രദ്ധിച്ചു.
തമിഴ്നാട്ടിൽ നിന്ന് വാഹനം മോഷ്ടിച്ച് നമ്പർ പ്ലേറ്റ് മാറ്റി കേരള നമ്പർ ഘടിപ്പിച്ചാണ് മോഷണത്തിനെത്തുന്നത്. പ്രതിയെ ബുധനാഴ്ച കവർച്ച നടന്ന വീട്ടിൽ എത്തിച്ച് തെളിവെടുത്തു. കവർച്ച നടത്തിയ വീടിന് സമീപത്ത് നിന്ന് കവർച്ചക്കു ശേഷം ഉപേക്ഷിച്ച ഇരുമ്പു കമ്പിയും കണ്ടെടുത്തു. മറ്റു പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.