പയ്യന്നൂർ സ്റ്റേഡിയം: പ്രവൃത്തിയിൽനിന്ന് കിറ്റ്കോയെ മാറ്റും
text_fieldsപയ്യന്നൂർ: പയ്യന്നൂരിൽ നിർമിക്കുന്ന മൾട്ടി പർപസ് സ്റ്റേഡിയം പ്രവൃത്തിയിൽനിന്ന് കിറ്റ്കോയെ ഒഴിവാക്കി സ്പെഷൽ പർപസ് വെഹിക്കിൾ (എസ്.പി.വി) നിശ്ചയിക്കാൻ തീരുമാനം. കിറ്റ്കോ പ്രവൃത്തി വൈകിക്കുന്നതിനെ തുടർന്നാണ് തീരുമാനം
പയ്യന്നൂരിൽ മൾട്ടി പർപസ് സ്റ്റേഡിയം നിർമിക്കുന്നതിനായി കിഫ്ബിയിൽനിന്ന് 13.4 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിക്കുകയും 2021 ഫെബ്രുവരിയിൽ പ്രവൃത്തി ആരംഭിക്കുകയും ചെയ്തിരുന്നു. 12 മാസമായിരുന്നു പൂർത്തീകരണ കാലാവധി. കോവിഡ് സമയത്തെ ലോക്ഡൗൺ ചൂണ്ടിക്കാട്ടി പിന്നീട് 2023 ജനുവരിവരെ കാലാവധി നീട്ടിനൽകി. കിഫ്ബിയുടെ സൈറ്റ് സന്ദർശന വേളയിൽ പദ്ധതിയുടെ ഫൗണ്ടേഷൻ റീ ഡിസൈൻ നടത്തണമെന്ന് ആവശ്യപ്പെട്ടു സ്റ്റോപ്പ് മെമ്മോ നൽകിയതിനാൽ നിർമാണം നിർത്തി. മണ്ണ് അടിഞ്ഞുകൂടാൻ സാധ്യതയുള്ള പ്രദേശമായതിനാലാണ് ഫൗണ്ടേഷൻ റീ ഡിസൈൻ ചെയ്യാൻ കിഫ്ബി നിർദേശിച്ചത്.
പ്രവൃത്തികൾ 10 ശതമാനം പൂർത്തീകരിച്ച ഘട്ടത്തിലാണ് 2022 ഒക്ടോബറിൽ പ്രവൃത്തി നിർത്തിയത്. മണ്ണുപരിശോധന വീണ്ടും നടത്തുന്നതിനായി കിറ്റ്കോ കോഴിക്കോട് എൻ.ഐ.ടി വിദഗ്ധരെ ചുമതലപ്പെടുത്തി. എൻ.ഐ.ടിയുടെ റിപ്പോർട്ട് 2022 നവംബർ 22ന് ലഭിച്ചതായാണ് കിറ്റ്കോ അറിയിച്ചിട്ടുള്ളത്. എന്നാൽ, പുതിയ പരിശോധന പ്രകാരം ഡിസൈൻ പുതുക്കി കിഫ്ബിയിൽനിന്ന് അംഗീകാരം വാങ്ങുന്നതിന് വലിയ കാലതാമസമാണ് വന്നത്. സാങ്കേതിക പ്രശ്നങ്ങൾ കൂട്ടായി ചർച്ചചെയ്ത് പരിഹരിച്ച് പ്രവൃത്തി പുനരാരംഭിക്കാൻ ടി.ഐ. മധുസൂദനൻ എം.എൽ.എ ആവശ്യപ്പെട്ടതു പ്രകാരം ഉദ്യോഗസ്ഥതലത്തിലും മന്ത്രിതലത്തിലും നിരവധിതവണ യോഗങ്ങൾ കൂടിയെങ്കിലും പദ്ധതി പുനരാരംഭിക്കാൻ കഴിഞ്ഞില്ല.
മേയ് 20ന് കിഫ്ബി സി.ഇ.ഒയുടെ സാന്നിധ്യത്തിലും യോഗം ചേർന്നു. പുതുക്കിയ എല്ലാരേഖകളും സഹിതം പ്രോജക്ട് എക്സിക്യൂഷൻ റിപ്പോർട്ട് വീണ്ടും സമർപ്പിച്ചാൽ മാത്രമേ റിപ്പോർട്ട് അംഗീകരിക്കുകയുള്ളൂവെന്ന് കിഫ്ബി കിറ്റ്കോയോട് നിർദേശിക്കുകയും കഴിഞ്ഞ മാസം 20നകം സമർപ്പിക്കാമെന്ന് കിറ്റ്കോ സമ്മതിക്കുകയും ചെയ്തു. മണ്ണ് പരിശോധന റിപ്പോർട്ട്, കിഫ്ബി അംഗീകരിച്ച ഡിസൈൻ, അസ്സൽ റേറ്റ് ഉൾപ്പെട്ട ഡീവിയേഷൻ സ്റ്റേറ്റ്മെന്റ് എന്നിവ കിറ്റ്കോ സമർപ്പിക്കണമെന്നും അതിനുശേഷം കരാർ അവസാസിപ്പിച്ച് ബാക്കി പ്രവൃത്തി റീടെൻഡർ ചെയ്യണമെന്നും കിഫ്ബി കിറ്റ്കോയോട് നിർദേശിച്ചു. എന്നാൽ, നിശ്ചയിച്ച തീയതി കഴിഞ്ഞിട്ടും പുരോഗതിയുണ്ടായിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിൽ കായിക മന്ത്രി വി. അബ്ദുറഹ്മാന്റെയും ടി.ഐ. മധുസൂദനൻ എം.എൽ.എയുടെയും സാന്നിധ്യത്തിൽ കിറ്റ്കോ, കിഫ്ബി, കായികവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നുവെങ്കിലും ഈ യോഗത്തിലും നിർമാണം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ മറുപടി കിറ്റ്കോ നൽകാൻ തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.