പയ്യന്നൂർ താലൂക്ക് ഓഫിസ് ഡിസംബറിൽ തുറക്കും
text_fieldsപയ്യന്നൂർ: താലൂക്ക് ഓഫിസ് ഡിസംബറിൽ തുറന്നുകൊടുക്കും. പയ്യന്നൂർ മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിൽ വരുന്ന വികസന പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി ടി.ഐ. മധുസൂദനൻ എം.എൽ.എ യുടെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് ഇക്കാര്യമറിയിച്ചത്.
കെട്ടിട വിഭാഗത്തിൽ കേരള പൂരക്കളി അക്കാദമി കെട്ടിടം സെപ്റ്റംബറിൽ പൂർത്തിയാക്കുമെന്നും പയ്യന്നൂർ റെസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാൾ നിർമാണം പൂർത്തീകരിച്ചതായും യോഗത്തിൽ ബന്ധപ്പെട്ടവർ പറഞ്ഞു. കോടതി സമുച്ചയം നിർമാണ പ്രവൃത്തി വേഗത്തിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. പെരിങ്ങോം താലൂക്കാശുപത്രി നിർമാണം പുരോഗമിക്കുന്നു.
പെരിങ്ങോം ഗവ. കോളജിന്റെ ഡിസൈൻ ലഭ്യമായ സാഹചര്യത്തിൽ തുടർ നടപടി വേഗത്തിലാക്കി ടെൻഡർ നടപടികളിലേക്ക് കടക്കാനും തീരുമാനിച്ചു. പാലങ്ങൾ വിഭാഗത്തിൽ വടവന്തൂർ പാലം 75 ശതമാനം നിർമാണം പൂർത്തിയായി. സെപ്റ്റംബർ 15നകം പൂർത്തീകരിക്കും. കുഞ്ഞിത്തോട്ടം പാലം നവംബറിൽ പൂർത്തിയാവും. പാടിയിൽകടവ്, കോഴിച്ചാൽ, മീന്തുള്ളി എന്നിവയുടെ സാങ്കേതികാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. മീന്തുള്ളി പാലത്തിന്റെ ഡിസൈൻ ലഭ്യമായ ഉടൻ ഭരണാനുമതിക്ക് സമർപ്പിക്കാനും തീരുമാനിച്ചു.
റോഡ് വിഭാഗത്തിൽ രാമന്തളി ഹൈസ്കൂൾ കുന്നരു റോഡ്, വടക്കുമ്പാട് മൂരിക്കോട് റോഡ് എന്നിവയുടെ ടാറിങ് നവംബറിൽ ആരംഭിക്കും.അപ്രോച്ച് റോഡ് ടു കവ്വായി കൾവർട്ട്, ഡ്രൈനേജ് എന്നീ പ്രവൃത്തികൾ ഈ മാസം തന്നെ ആരംഭിക്കാനും തീരുമാനമായി. സെൻട്രൽ ബസാർ കണ്ടങ്കാളി റോഡ് രണ്ടാം ഘട്ട ടാറിങ് നവംബറിൽ നടത്തും.
യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ബിന്ദു രാജൻ കുട്ടി, കെ. പത്മിനി, ടി. ഗോപാലൻ, ഷൈനി ബിജേഷ്, പൊതുമരാമത്ത് റോഡ്സ്, കെട്ടിടം, പാലങ്ങൾ, കെ.ആർ.എഫ്.ബി, റോഡ് മെയിന്റനൻസ്, ഇലക്ട്രിക്കൽ എന്നീ വിഭാഗങ്ങളുടെ എക്സിക്യൂട്ടിവ് എൻജിനീയർമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാർ, അസിസ്റ്റന്റ് എൻജിനീയർമാർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.