മാലിന്യസഞ്ചിയുമായി ജനം തെരുവിൽ; കാത്തിരുന്ന് പിടികൂടി ആരോഗ്യവിഭാഗം
text_fieldsപയ്യന്നൂർ: രാത്രിയുടെ മറവിൽ മാലിന്യസഞ്ചിയുമായി തെരുവിൽ എത്തിയവരെ കാത്തിരുന്ന് പിടികൂടി നഗരസഭ ആരോഗ്യവിഭാഗം. ഒരു ഡസൻ മാലിന്യക്കാരെയാണ് ശനിയാഴ്ച രാത്രി പിടികൂടി പിഴയിട്ടത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളുന്നത് കൂടിയതോടെ തടയിടാനുള്ള കർശന നടപടിയുമായി മുന്നോട്ടുപോകാൻ തന്നെയാണ് നഗരസഭ ഹെൽത്ത് സ്ക്വാഡ് തീരുമാനം.
ശനിയാഴ്ച രാത്രി നഗരത്തിന്റെ പെരുമ്പ, കോറോം റോഡ്, ടി.പി സ്റ്റോർ, മുകുന്ദ ഹോസ്പിറ്റലിനു സമീപം, അർച്ചന ബാർ തുടങ്ങിയ ഭാഗങ്ങളിൽ മാലിന്യം തള്ളിയവരും തള്ളാനെത്തിയവരുമാണ് നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ പിടിയിലായത്. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള നൈറ്റ് സ്ക്വാഡാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്.
കഴിഞ്ഞയാഴ്ച മാലിന്യം തള്ളാനെത്തിയ 20ഓളം പേരെ പിടികൂടി പിഴചുമത്തിയിരുന്നു. ചീഞ്ഞളിഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ മാലിന്യങ്ങളടക്കമുള്ളവയാണ് പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത്. രാത്രിയുടെ മറവിൽ മാലിന്യം തള്ളാനെത്തുന്നവരെ പിടികൂടി പിഴയുൾപ്പെടെയുള്ള എല്ലാ ശിക്ഷാനടപടികളും കൈക്കൊള്ളുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.
ജെ.എച്ച്.ഐമാരായ ഹരി പുതിയില്ലത്ത്, പി. ലതീഷ്, ഇ. ബിന്ദു, കെ. ജിഷ തുടങ്ങിയ ആരോഗ്യവിഭാഗം ജീവനക്കാരും ഹെൽത്ത് സ്ക്വാഡിൽ ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.