കോറോം പെരുങ്കളിയാട്ടത്തിന് കൊടിയിറക്കം
text_fieldsപയ്യന്നൂർ: മകരസൂര്യന്റെ കത്തുന്ന ചൂട് അവഗണിച്ച് ക്ഷേത്രത്തിലേക്കൊഴുകിയെത്തിയ പതിനായിരങ്ങൾക്ക് ദർശന സായൂജ്യമേകി കോറോം മുച്ചിലോട്ട് കാവിൽ മുച്ചിലോട്ടമ്മയുടെ തിരുമുടി നിവർന്നു. നിശ്ചയിച്ചതിനും ഒന്നര മണിക്കൂർ വൈകി ക്ഷേത്ര തിരുമുറ്റത്തെ തെക്കുപടിഞ്ഞാറ് കോണിൽ കൈലാസക്കല്ലിന് സമീപം വർണ സങ്കലനം കൊണ്ടും പുഷ്പാലംകൃതമായും നയനമനോഹരമായ തിരുമുടി നിവർന്നപ്പോൾ ആചാരക്കാരും വിശ്വാസികളും അമ്മയെ അരിയെറിഞ്ഞ് സ്വീകരിച്ചു.
നേരത്തേ മുച്ചിലോട്ട് ഭഗവതിയുടെ ആത്മാഹുതിയെ അനുസ്മരിച്ച് ഭഗവതിയുടെ പ്രതിപുരുഷനും വാല്യക്കാരും മേലേരി ചാടുന്ന അനുഷ്ഠാനം നടന്നു. ഇതിനു ശേഷമാണ് തിരുമുടി നിവർന്നത്. പൊയ്ക്കണ്ണണിഞ്ഞ് കൈയിൽ വെള്ളോട്ടുപന്തമേന്തി തകിലിന്റെയും ചീനിക്കുഴലിന്റെ ഭക്തി സാന്ദ്രമായ പതിഞ്ഞ താളത്തിൽ ദേവി മൂന്നു തവണ ക്ഷേത്രം വലംവെച്ചു.
തുടർന്ന് മണങ്ങിയാട്ടം കഴിഞ്ഞ് മണിക്കിണറിൽ നോക്കി പൂവിട്ട് പൊയ്ക്കണ്ണഴിച്ച് വിശ്വാസികളെ മഞ്ഞക്കുറി നൽകി അനുഗ്രഹിച്ചു. അനുഗ്രഹ വചസ്സുകൾ ചൊരിഞ്ഞ് ഭക്തർക്ക് ആശ്വാസം നൽകുന്ന ചടങ്ങ് രാത്രി വൈകുന്നത് വരെ നീണ്ടു. രാത്രി 12 മണിക്ക് വെറ്റിലാചാരം കഴിഞ്ഞ് തിരുമുടി അഴിച്ചപ്പോഴാണ് വ്യാഴവട്ടം പിന്നിട്ട ശേഷം വന്നണഞ്ഞ പെരുങ്കളിയാട്ടത്തിന് തിരശ്ശീല വീണത്.
അത്യുത്തര കേരളത്തിലെ 400 ഓളം തെയ്യങ്ങളിൽ വേഷഭൂഷാദികൾ കൊണ്ടും ആചാരാനുഷ്ഠാനങ്ങളാലും ഏറെ വ്യത്യസ്തമാണ് മുച്ചിലോട്ട് ഭഗവതി. ചുവന്ന നിറത്തിന് ചായില്യവും മഞ്ഞക്ക് മനയോലയും കറുപ്പിന് കൺമഷിയും പച്ചക്ക് കല്ലുമണോലയും നൂറും മഞ്ഞൾ പൊടിയുമൊക്കെ ചേർത്തുണ്ടാക്കുന്ന ചായക്കൂട്ടുകളാണ് തെയ്യത്തിന്റെ മുഖത്തെഴുത്തിന് ഉപയോഗിക്കുന്നത്.
തിരുമുടി നിവർന്നാൽ തിരുനടനമാണ്. പൊയ്ക്കണ്ണണിഞ്ഞ് കൈയിൽ വെള്ളോട്ടുപന്തങ്ങൾ ചലിപ്പിച്ചുകൊണ്ടുള്ള ശ്രീകോവിൽ ചുറ്റൽ വിവരണാതീതമാണ്.
സമാപന ദിനമായ ചൊവ്വാഴ്ച പുലിയൂർകണ്ണൻ ദൈവം, തൽസ്വരൂപൻ ദൈവം, കൈക്കോളൻ ദൈവം, നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി എന്നീ തെയ്യക്കോലങ്ങളും അരങ്ങിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.