പന്നിഫാമുകളിൽ പ്ലാസ്റ്റിക് മാലിന്യം; 30000 രൂപ പിഴ
text_fieldsപയ്യന്നൂർ: പന്നി ഫാമുകളിൽ പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തിയതിന് ഫാം ഉടമകൾക്ക് 30000 രൂപ പിഴയിട്ടു. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൽ തദ്ദേശ സ്വയംഭരണവകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പിഴയിട്ടത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന് പറവൂരിലെ എം.എം ന്യൂ ഫാം ഉടമക്ക് 10,000 രൂപയും, ജൈവ അജൈവ മാലിന്യങ്ങൾ കൂട്ടിക്കലർത്തി കല്ലുവെട്ട് കുഴിയിൽ നിക്ഷേപിച്ച് മണ്ണിട്ടു മൂടിയതിനും മലിന ജലം ഒഴുക്കിവിട്ടതിനും നിരപ്പേൽ ഫാം ഉടമ എം.എം അനിൽകുമാറിന് 20,000 രൂപയുമാണ് പിഴ ചുമത്തിയത്.
ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഹോട്ടൽ മാലിന്യങ്ങളാണ് പന്നികൾക്കുള്ള തീറ്റയായി ശേഖരിക്കുന്നത്. എന്നാൽ ജൈവ വേസ്റ്റുകൾ ശേഖരിക്കുന്നതിന് പകരം തരം തിരിക്കാത്ത മാലിന്യം ഫാമിലേക്ക് കൊണ്ടുവരികയും പന്നികൾ ഭക്ഷിക്കാത്ത പ്ലാസ്റ്റിക് കൂട്ടിയിട്ട് എം.എം ന്യൂ ഫാമിൽ കത്തിക്കുകയും ചെയ്യുന്നതായി സ്ക്വാഡ് കണ്ടെത്തി. ചെങ്കൽ ക്വാറിയിൽ നിക്ഷേപിച്ച ശേഷം മണ്ണിട്ട് മൂടിയ അജൈവ മാലിന്യങ്ങൾ വീണ്ടെടുത്ത് ശാസ്ത്രീയമായി സംസ്കരിക്കാനും നിരപ്പേൽ ഫാം ഉടമക്ക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിർദ്ദേശം നൽകി. ഹരിത കർമസേനക്ക് പ്ലാസ്റ്റിക് മാലിന്യം നൽകാതെ ഹോട്ടലുകളിൽ നിന്നും ഭക്ഷണ മാലിന്യവുമായി കൂട്ടിക്കലർത്തി പന്നി ഫാമുകളിലേക്ക് നൽകുന്ന കാര്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പന്നി ഫാമുകളിൽ പരിശോധന നടത്തിയത്.
പന്നി ഫാമിലേക്ക് ഭക്ഷണ മാലിന്യം നൽകുന്ന ഹോട്ടലുകളിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഹരിത കർമസേനക്ക് പ്ലാസ്റ്റിക് കൈമാറാത്തതിന് സഫയർ ഹോട്ടലിന് പതിനായിരം രൂപ പിഴ ചുമത്തിയിരുന്നു. തുടർനടപടികൾ സ്വീകരിക്കാൻ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിന് ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, നിധിൻ വത്സൻ, സി. നബീൽ, സി.കെ. സിബിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.