പൊലീസുകാരന്‍റെ മകളെ പീഡിപ്പിച്ചെന്ന പോക്സോ കേസ് വ്യാജമെന്ന്; പരാതിയുമായി ടയർ വ്യാപാരികൾ
text_fieldsപയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.
ആഗസ്ത് 19ന് പയ്യന്നൂർ പെരുമ്പയിൽ റോഡരികിൽ നിർത്തിയിട്ട വാഹനത്തിലിരുന്ന പൊലീസുദ്യോഗസ്ഥന്‍റെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ഷമീമടക്കം ആറുപേർക്തെിരെയുള്ള കേസ്. റോഡരികിൽ കാർ നിർത്തിയ ശേഷം പൊലീസുകാരൻ കടയിലേക്ക് സാധനം വാങ്ങാൻ പോയ സമയത്ത് ഷമീമിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘം കാറിന് സമീപത്തെത്തി പെൺകുട്ടിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പൊലീസുകാരന്‍റെ ഭാര്യയാണ് പരാതി നൽകിയത്.
എന്നാൽ, കടയ്ക്കു മുൻപിൽ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യത്തിൽ ഇവർക്കെതിരെ പയ്യന്നൂർ പൊലീസ് സബ് ഇൻസ്പെക്ടർ പോക്സോ കേസ് കെട്ടിച്ചമയ്ക്കുകയായിരുന്നുവെന്നാണ് ആരോപണം. സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന ആവശ്യവുമായി ടയർ ഡീലേഴ്സ് ആൻഡ് അലെൻമെൻ്റ് അസോസിയേഷൻ ഭാരവാഹികൾ രംഗത്തെത്തി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്കും ഉന്നത പൊലിസ് ഉദ്യോഗസ്ഥർക്കും നിവേദനം നൽകി.
സർവീസിലിരിക്കെ നിരവധി ആരോപണങ്ങൾ നേരിട്ട ഉദ്യോഗസ്ഥനാണ് ഇയാളെന്നും ഇവർ ആരോപിച്ചു. സംഭവദിവസം കടയ്ക്കു മുൻപിൽ നിർത്തിയിട്ട കാർ മാറ്റിയിടാൻ ആവശ്യപ്പെട്ടതിന് ഉടമയായ ഷമീമിനോട് മഫ്ടിയിലുള്ള ഉദ്യോഗസ്ഥൻ തട്ടിക്കയറുകയും കൈയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിപ്പറിക്കുകയും ചെയ്യുകയായിരുന്നു. ഇതിനെ തുടർന്ന് ഇയാൾക്കെതിരെ പയ്യന്നൂർ ഡി.വൈ.എസ്.പി, കണ്ണൂർ എസ്.പി എന്നിവർക്ക് പരാതി നൽകിയിരുന്നു.
ഇതിന്‍റെ പകപോക്കലായാണ് കാറിലിരുന്ന 16കാരിയായ മകളെ പീഡിപ്പിക്കുവാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പോക്സോ കേസ് കൊടുത്തതെന്നും പോക്സോ വകുപ്പ് നിയമം നടപ്പാക്കേണ്ട ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥൻ തന്നെ ദുരുപയോഗം ചെയ്യുകയാണ് ചെയ്തതെന്നും അസോസിയേഷൻ ആരോപിച്ചു. കേസിന്‍റെ തുടരന്വേഷണം റൂറൽ എസ്.പി ഡോ. നവനീത് ശർമ ജില്ല ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി.വി. മനോജ്കുമാറിനാണ് അന്വേഷണ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.