പോളിങ് ശതമാനം; മികവു പുലർത്തി പയ്യന്നൂർ
text_fieldsപയ്യന്നൂര്: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോളിങ് ശതമാനം കുറഞ്ഞപ്പോഴും പാരമ്പര്യം നിലനിർത്തി ഇടതു കോട്ടയായ പയ്യന്നൂർ. സംസ്ഥാനത്ത് ആകെ 71.16 ശതമാനം പേർ വോട്ടു ചെയ്തപ്പോൾ അത് 80.30 ആക്കിയാണ് പയ്യന്നൂർ ചരിത്രം ആവർത്തിച്ചത്.
എന്നാൽ, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ശതമാനം പിടിക്കാൻ ചരിത്ര നഗരത്തിനായില്ല. രാഹുൽ ഇഫക്ട് നിറഞ്ഞാടിയ 2019ൽ 85.83 ശതമാനം പേരാണ് വോട്ടു ചെയ്യാനെത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ അത് 81.38 ശതമാനമായി കുറഞ്ഞു. ഇപ്പോഴത് 80.30 ആയി കുറഞ്ഞുവെങ്കിലും സംസ്ഥാന കണക്കുകളെടുത്താൽ പയ്യന്നൂരിന്റെ കുതിപ്പ് ഏറെ ശ്രദ്ധേയം.
സംസ്ഥാന ശരാശരിയെക്കാൾ 10 ശതമാനവും കാസർകോട് മണ്ഡലത്തിന്റെ ശരാശരിയെക്കാൾ അഞ്ചു ശതമാനത്തോളവും പേർ പയ്യന്നൂരിൽ അധികം വോട്ടു ചെയ്തു. കാസർകോട് മണ്ഡലത്തിൽ 75.94 ശതമാനം പേർ വോട്ടു ചെയ്തപ്പോൾ പയ്യന്നൂരിൽ അത് 80 കടന്നു. ഇത് കണ്ണൂർ മണ്ഡലത്തെക്കാൾ കൂടുതലാണ്.
കടുത്ത വേനൽ ചൂടിനെ അവഗണിച്ചാണ് വോട്ടർമാർ കൂട്ടത്തോടെ ബൂത്തുകളിലെത്തിയത്. രാവിലെ മുതൽ നീണ്ട ക്യൂ പലയിടത്തും ഉച്ചക്കു ശേഷവും തുടർന്നു. സി.പി.എം ശക്തി കേന്ദ്രമായ പയ്യന്നൂരിലെ വോട്ടിങ് ശതമാനത്തിലെ വർധന അനുകൂലമാവുമെന്ന വിലയിരുത്തലിലാണ് എൽ.ഡി.എഫ്.
കാസർകോട് ജില്ലയിലെ വടക്കൻ നിയമസഭ മണ്ഡലങ്ങളിലെ വോട്ടുകളുടെ കുറവ് പയ്യന്നൂർ, കല്യാശ്ശേരി മണ്ഡലങ്ങളിലൂടെ മറികടക്കണമെന്നാണ് എൽ.ഡി.എഫ് തീരുമാനം. ഇത് ഏറെക്കുറെ യാഥാർഥ്യമാവുമെന്ന പ്രതീക്ഷയിലാണ് അവർ.
എന്നാൽ, പാർട്ടി ഗ്രാമങ്ങളിൽ ഉൾപ്പെടെയുള്ള നിഷേധ വോട്ടുകളും അഞ്ചു വർഷത്തെ എം.പിയുടെ പ്രവർത്തനമികവും അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ 85 ശതമാനത്തിലധികം പേർ വോട്ടു ചെയ്തിട്ടും എൽ.ഡി.എഫ് ഭൂരിപക്ഷം 30,000 കടക്കാനായില്ല. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ അത് 49000 ന് മുകളിലേക്ക് ഉയർത്താനായി. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ഒരുപോലെയാവില്ലെന്ന വിശ്വാസമാണ് യു.ഡി.എഫിനുള്ളത്. ന്യൂനപക്ഷ മേഖലകളിലെ ആവേശവും അവരുടെ ആത്മവിശ്വാസത്തിന് ഇന്ധനമാവുന്നു.
ആറ് ഗ്രാമപഞ്ചായത്തുകളും പയ്യന്നൂർ നഗരസഭയും ഉൾപ്പെടുന്ന മണ്ഡലത്തിൽ 1,86,495 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 4,196 പേർ പുതിയ വോട്ടർമാരാണ്. ആകെ 181 പോളിങ് സ്റ്റേഷനുകളാണ് മണ്ഡലത്തിലുണ്ടായിരുന്നത്.
മണ്ഡലത്തിൽ 40ഓളം പ്രശ്നബൂത്തുകൾ ഉള്ളതായാണ് വിലയിരുത്തൽ. ഇവിടങ്ങളിൽ മൈക്രോ ഒബ്സർവർമാരെ നിയമിച്ചിരുന്നു. ഇവിടങ്ങളിൽ കാര്യമായ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായില്ല. അന്നൂരിലും കാറമേലിലുമാണ് നേരിയ സംഘർഷമുണ്ടായത്. ഇത് പടരാതിരിക്കാൻ പൊലീസിന്റെ ഇടപെടൽ സഹായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.